0%
Chapter 1

രാഘവായനം 3 [പഴഞ്ചൻ]

Author : pazhanchan | Read All Parts | 👁 183 |

ഇപ്പോൾ അവരുടെ നെഞ്ചിനു താഴേക്ക് വെള്ളത്തിനടിയിലാണ്... രാഘവും ആരാധനയും മുഖത്തെ മാസ്ക് ഒന്നുമാറ്റി... പരിപാവനമായ രാമസേതുവിൽ തന്റെ പാദങ്ങൾ അമർന്നപ്പോൾ രാഘവിന്റെ ഉള്ളംകാൽ മുതൽ ഉച്ചിയിലേക്ക് ഒരു പെരുപ്പ് കയറി... സന്തോഷവും ഭക്തിയും നിറഞ്ഞ മനസ്സോടെ ആ മണ്ണിൽ അവൻ മുട്ടുകുത്തി... ആ മണ്ണിൽ തൊട്ട് വന്ദിച്ചു... തന്റെ അടുത്ത് നിന്ന ആരാധനയെ നോക്കിയ രാഘവിന് തന്റേതിന് സമാനമായ ജിജ്ഞാസയുടേയും ഭക്തിയുടേയും പ്രതിഫലനങ്ങൾ അവളുടെ മുഖത്തും കണ്ടപ്പോൾ വളരെ സന്തോഷം തോന്നി... അവർ രണ്ടുപേരും സംഘത്തിൽ നിന്നും കുറച്ച് മാറി ആ പാതയിലൂടെ നടന്നു... ചരലു പോലെയുള്ള മണ്ണാണ് വെള്ളത്തിനു താഴെ... അവിടെ ഒഴുക്കൊന്നുമില്ലാത്ത പ്രദേശമാണ്... രാഘവ് താഴേക്കിരുന്ന് ആ മണ്ണ് തന്റെ കൈകളിൽ കോരിയെടുത്തു... അത് തന്റെ സ്വിമ്മിംഗ് സ്യൂട്ടിന്റെ തുടയിലെ പോക്കറ്റിൽ നിന്ന് ഒരു ചെറിയ ഡപ്പിയെടുത്ത് അതിൽ നിറച്ചു... ദൂരേക്ക് നീണ്ടുകിടക്കുന്ന ആ പാതയിലൂടെ അവനൊന്ന് കണ്ണോടിച്ചു... ഈ പാതയിലൂടെ നേരെ വച്ചു പിടിച്ചാൽ ശ്രീലങ്കയിലേക്കെത്താം... പക്ഷേ അങ്ങിനെ ചിന്തിക്കുന്നത് തന്നെ ഒരു മണ്ടത്തരമായി അവന് തോന്നി... “ നമുക്കിതിന്റെ അടിയിൽ പോകണം ആരാധനാ... ഈ പാതയുടെ വശത്തേക്ക് പോകാം... “ രാഘവിന്റെ നിർദ്ദേശത്തോട് അനുകൂലമായി അവൾ തലയാട്ടി... മറ്റുള്ളവർ അവിടെത്തന്നെ തങ്ങളുടെ അന്വേഷണങ്ങൾ ആരംഭിച്ചപ്പോൾ രണ്ടുപേർ നടന്നു മറയുന്നത് അവർ ശ്രദ്ധിച്ചില്ല...

💬 Comments

View all comments