Chapter Title : റോക്കി 4 [സാത്യകി]
ഞാൻ ഗ്ലാസ് ഒരെണ്ണം അവൾക്ക് നേരെ നീട്ടി 'വേണ്ട. ഞാൻ അടിക്കുന്നില്ല..' കൃഷ്ണ അത് നിരസിച്ചു 'നിർത്തിയോ..? അവൾ വെള്ളമടി നിർത്തിയോ എന്ന് ഞാൻ ചോദിച്ചു 'അങ്ങനെ ഒന്നുമില്ല. എന്നാലും ഇപ്പോൾ അങ്ങനെ അടിക്കാറില്ല. പിന്നെ നിന്റെ മുന്നിൽ ഇനി ഒരിക്കലും പൂസായി നിക്കില്ല എന്ന് തീരുമാനിച്ചതാ..' അവൾ കളിയായി പറഞ്ഞു അന്ന് ഒരിക്കൽ അവളെ ഫിറ്റായി ബാറിൽ നിന്ന് കൊണ്ട് വന്നതും വീട്ടിൽ വച്ചു അവളെന്നെ പെട്ടന്ന് കയറി ചുംബിച്ചതും ഒക്കെ ഞാൻ ഓർത്തു. 'ഇന്ന് മിക്കവാറും നീ എന്നെ കൊണ്ട് വീട്ടിൽ വിടേണ്ടി വരും പകരം. ഞാൻ കുറച്ചു ഓവറായി. ബൈക്ക് ഓടിക്കാമെങ്കിലും റിസ്ക് ആണ്.. നിനക്ക് ബുദ്ധിമുട്ട് ഉണ്ടോ..? ഞാൻ അവസാനത്തെ എന്ന് മനസ്സിൽ ഉറപ്പിച്ചു ഒന്ന് കൂടി പിടിപ്പിച്ചു കൊണ്ട് അവളോട് ചോദിച്ചു 'ഒരു ബുദ്ധിമുട്ടും ഇല്ല..' അവൾ പറഞ്ഞു കുറച്ചു നേരം കൂടി അവളോട് അവിടെ ഇരുന്ന് സൊള്ളിയിട്ട് അവിടെ ബോധം ഉള്ളവരോട് ഒക്കെ യാത്ര പറഞ്ഞിട്ട് ഞങ്ങൾ ഇറങ്ങി. കൃഷ്ണ അന്ന് കാർ ആയിരുന്നു എടുത്തത്. അത് നന്നായി. കാറിൽ കയറിയതും ഞാൻ ഉറക്കം പിടിച്ചു. വീട് വരെ സംസാരിച്ചു ഇരിക്കാമെന്ന് കരുതിയ കൃഷ്ണയ്ക്ക് അതൊരു നിരാശ ആയി. വീട് എത്തിയപ്പോൾ ശരിക്കും ഒന്ന് കുലുക്കി വിളിച്ചു ഉണർത്തേണ്ടി വന്നു അവൾക്ക് എന്നെ. അടിച്ചു പെരുത്തത് കൊണ്ടും ഉറക്കം തലയിൽ നിന്ന് വിട്ടു മാറാത്തത് കൊണ്ടും ഒരു തരം മന്ദിപ്പ് എന്റെ തലയിൽ ഉണ്ടായിരുന്നു. ഞാൻ ആടി ആടി വീട്ടിൽ കയറി. കട്ടിലാണ് ലക്ഷ്യം വച്ചു നടന്നത് എങ്കിലും സോഫ വരെ എത്തിയപ്പോൾ ബാക്കി പത്തു മീറ്റർ കൂടി നടക്കാൻ മടിയായി ഞാൻ അതിലേക്ക് കയറി കിടന്നു. കൃഷ്ണ എന്നെ കട്ടിലിൽ വന്നു കിടക്കാൻ പറഞ്ഞെങ്കിലും അത് മൈൻഡ് ചെയ്യാതെ ഞാൻ പെട്ടന്ന് തന്നെ ഉറക്കം പിടിച്ചു. പിന്നെ അവൾ തന്നെ തലയിണ എടുത്തു കൊണ്ട് വന്നു എന്റെ തല പൊക്കി വച്ചു തന്നു. പുതപ്പ് എടുത്തു എന്നെ പുതപ്പിച്ചു..
💬 Comments
View all comments