Chapter Title : റോക്കി 5 [സാത്യകി]
റൂമും വീടും ഇപ്പോൾ അവൾക്ക് മനസിലായി. ഇത് അർജുന്റെ വീടാണ്. അവന്റെ കട്ടിലിലാണ് താൻ ഇപ്പോൾ.. മനസിന് താൻ എങ്ങനെ ഇവിടെ എത്തിയെന്നു പെട്ടന്ന് ഉത്തരം തരാൻ കഴിയാത്തത്തിൽ അവൾക്ക് കുറച്ചു പേടി തോന്നി. അന്ന് വെള്ളമടിച്ചു കഴിഞ്ഞു കാണിച്ച പോലെ എന്തെങ്കിലും ആന മണ്ടത്തരം താൻ പിന്നെയും കാണിച്ചോ..? കൈകളിലെ വേദനയും കെട്ടും ശ്രദ്ധിച്ചപ്പോൾ അവൾക്ക് കാര്യങ്ങൾ ശരിക്കും ഓർമയിൽ എത്തി തുടങ്ങി..
ഇന്നലെ കടയിൽ നിന്നും തിരിച്ചു വരുന്ന വഴി പാഴ്‌സൽ വാങ്ങാനായി റോഡ് ക്രോസ് ചെയ്തതാണ് ഇഷാനി. എന്തോ ആലോചിച്ചു വന്ന ഇഷാനിക്ക് ബൈക്ക് തൊട്ടടുത്തു വന്നു ഹോണടിച്ചത് മാത്രമേ ഓർമ ഉണ്ടായിരുന്നുള്ളു.. ഒറ്റയിടിയിൽ ഇഷാനി കുറച്ചു തെറിച്ചു മാറി വീണു.. വണ്ടി ഇടിച്ചത് ആണെന്ന് മനസിലായത് കൊണ്ട് ഇഷാനി ആദ്യം തന്നെ ആ സത്യം അംഗീകരിച്ചു. താൻ മരിച്ചിരിക്കുന്നു. ഇത്ര വേഗം താൻ മരിക്കുമെന്ന് ഇഷാനി കരുതിയില്ല. പക്ഷെ ആളുകൾ ഓടി കൂടി അവളെ എഴുന്നേൽപ്പിച്ചപ്പോൾ ആണ് ചാവാൻ മാത്രമുള്ള ഇടിയൊന്നും തനിക്ക് കിട്ടിയില്ല എന്ന് അവൾക്ക് മനസിലായത്. പാന്റ് കുറച്ചു കീറിയ ഭാഗം തൊലി പോയിട്ടുണ്ട്. അവിടെ നിന്നും ചോരയും വരുന്നുണ്ട്. കൈക്ക് ഉള്ളിൽ എന്തോ ഒരു വേദനയും.. അവിടെ നിന്നവരും തന്നെ ഇടിച്ചിട്ട പയ്യനും ആണ് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്.
പരിക്ക് സാരമുള്ളത് അല്ലെങ്കിലും ആക്‌സിഡന്റ് കാരണം അവൾക്ക് ചെറിയൊരു ഷോക്ക് കിട്ടിയിരുന്നു. അവൾ വല്ലാതെ പേടിച്ചിരുന്നു. കാൽ ഡ്രസ്സ് ചെയ്തു കഴിഞ്ഞു തനിയെ പോകാൻ ഹോസ്പിറ്റലിൽ നിന്നും സമ്മതിച്ചില്ല.. ഫോൺ ആണേൽ നിലത്തു വീണ വഴിയിൽ പൊട്ടി.
💬 Comments
View all comments