Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 47 [Alby]
ഒടുവിൽ സുര കാര്യങ്ങൾ പറഞ്ഞപ്പോഴാണ് മാധവൻ കുടുംബത്തുള്ളവരെക്കുറിച്ച് ഓർക്കുന്നത് തന്നെ.സാവിത്രിയെ ഒന്ന് വിളിച്ചില്ല എന്നും അയാൾ ഓർത്തു.പിന്നെ അധികമവിടെ നിക്കാതെ വരുന്നിടത്തു വച്ച് കാണാം എന്ന മനോഭാവത്തിൽ വീട്ടിലേക്ക് തിരിക്കുകയായിരുന്നു.
എന്താണ് സംഭവം എന്ന് കണ്ണാലെ കമാലിനോട് ചോദിച്ചു കൊണ്ട് സുരയും സംഘർഷം നിറഞ്ഞ മനസ്സുമായി സലിമും ആ പോക്ക് നോക്കിനിന്നു.
ഓർമ്മകൾ അയവിറക്കുമ്പോഴും
തന്നെക്കുറിച്ച് ശംഭുവറിഞ്ഞാൽ എന്നതായിരുന്നു മാധവനെ അലട്ടിയ ചിന്ത.ശംഭുവാണ് അയാളെ വർത്തമാനത്തിലേക്ക് കൊണ്ടുവന്നതും.
കുറെ നാൾ കൂടി അവന്റെ മുഖത്തെ സന്തോഷം അയാൾ കണ്ടു.വീണയുമായുള്ള അകൽച്ച ഇന്നലെവരെ സങ്കടമായിരുന്നു അയാൾക്ക്,കമാലിനെ കണ്ടതിൽ പിന്നെ അത് മാധവന്റെ സന്തോഷമായി മാറി.
ഇപ്പോൾ അവർക്കിടയിലെ അകൽച്ച കുറഞ്ഞിരിക്കുന്നു എന്ന് ശംഭുവിന്റെ മുഖത്തുനിന്നും അയാൾ മനസ്സിലാക്കി.
വീണയുടെ സാന്നിധ്യം ഒന്നും വിട്ടു ചോദിക്കാൻ അയാളെ അനുവദിച്ചില്ല.പക്ഷെ അത്ര നേരമുള്ള സംഭാഷണത്തിൽ നിന്നും ശംഭു അറിഞ്ഞുതുടങ്ങിയിട്ടില്ല എന്നും അവന്റെ മനസ്സിൽ തനിക്ക് ഗുണമാകുന്ന രീതിയിൽ ഒരു തീപ്പൊരി ഇടാൻ കഴിഞ്ഞു എന്ന വിശ്വാസത്തിലുമാണ് അയാൾ ആ മുറി വിട്ടത്.
*******
രുദ്രയെ കാത്തിരിക്കുകയായിരുന്നു കത്രീന.വേണ്ടത് കിട്ടിയ ഭാവം. അവളുടെ കണ്ണുകൾക്ക് പതിവിൽ കൂടുതൽ തിളക്കം.
വന്നു കയറിയപ്പോഴെ രുദ്രയത് തിരിച്ചറിഞ്ഞു.ചിത്ര ഭയപ്പാടോടെ ഒരു ഭാഗത്ത് ഇരിക്കുന്നുണ്ട്.
രുദ്ര പതിയെ ചിത്രക്കരികിലേക്ക് വന്നു.
"എന്ന് തുടങ്ങി മാധവനുമായുള്ള കച്ചവടം?"കടുപ്പിച്ചാണ് രുദ്ര ചോദിച്ചത്.
പക്ഷെ ചിത്ര മറുപടിയൊന്നും നൽകിയില്ല.മുഖം കുനിച്ചുതന്നെ ഇരുപ്പ് തുടർന്നു.
"ദേ.....നോക്ക്,നിന്നെ രക്ഷിക്കാൻ ആരെങ്കിലും വരുമെന്നുള്ള പ്രതീക്ഷയിലാണ് നിന്റെ മൗനം എങ്കിൽ അത് വെറുതെയാണ്. നീ പോലുമറിയാതെ നിന്നിൽ നിന്ന് ഇത്രയൊക്കെ കിട്ടിയെങ്കിൽ
ബാക്കി പറയിക്കാനും എനിക്കറിയാം."ചിത്രയുടെ മൗനം കണ്ടു കലിപൂണ്ട കത്രീന അവൾക്കെതിരെ കയ്യോങ്ങിക്കൊണ്ട് പറഞ്ഞു.
അതുകണ്ട് ചിത്രയൊന്ന് പിന്നോട്ട് വലിയുകയും ചെയ്തു.
പക്ഷെ അപ്പോഴും അവൾ ഉത്തരം പറയാൻ കൂട്ടാക്കിയില്ല.
പെട്ടിരുക്കുമ്പോഴും ചിത്രയുടെ മുഖത്തെ ആത്മവിശ്വാസം രുദ്രയെ ചൊടുപ്പിച്ചു.അവൾ നിന്ന് വിറക്കാൻ തുടങ്ങി.കലിപൂണ്ട രുദ്ര തന്റെ കയ്യിൽ കിട്ടിയ കത്തിയെടുത്ത് ചിത്രയുടെ തുടയിൽ ആഞ്ഞുകുത്തി.
ചിത്രയുടെ നിലവിളി അവിടെ ഉയർന്നുകേട്ടു.
"ഇനിയും നീ പറഞ്ഞുതുടങ്ങിയില്ലെങ്കിൽ എന്റെ അടുത്ത കുത്ത് നിന്റെ കഴുത്തിലായിരിക്കും."രുദ്ര ചിത്രയുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.
💬 Comments
View all comments