Chapter Title : ശൂലംതൊടി മാധവൻ മുതലാളിയും കുടുംബവും [റിഷി ഗന്ധർവ്വൻ]
ചുരുക്കി പറഞ്ഞാൽ പഴയ പഴശ്ശി കാലഘട്ടത്തിലെ തമ്പുരാൻമാരുടെ കൊട്ടാരം തന്നെ ശൂലംതൊടി അന്നും ഇന്നും. ശൂലംതൊടി ആണുങ്ങൾ ബുദ്ധിമാന്മാരായതുകൊണ്ടും ഭാവി കണ്ട് പ്രവർത്തിക്കാനുള്ള വിശേഷബുദ്ധി ഉള്ളതുകൊണ്ടും കാഴ്ചയ്ക്കും എടുപ്പിനും തറവാട് പഴയ കൊട്ടാരം പോലെ ആണെങ്കിലും അകത്ത് പുത്തൻ BMW മുതൽ പഴയ വിൻടേജ് കാറുകൾ വരെ നിരന്നിരിപ്പുണ്ട്. പറഞ്ഞുവന്നത് തറവാടിന്റെ ബാങ്ക് ബാലൻസ് യുഗങ്ങൾ കഴിയുംതോറും ഇരട്ടിക്കുന്നതല്ലാതെ ഇടിഞ്ഞിട്ടില്ല.
തറവാട്ടിലെ ജന്മി കാരണവന്മാർ സമ്പാതിച്ചുകൂട്ടിയ നിലം വിൽക്കാനോ പണയം വെക്കാനോ പാടില്ലെന്നത് തലമുറകളായി ആചാരംപോലെ പിന്തുടർന്ന് വന്ന കാര്യമായിരുന്നു. തറവാടിന്റെ യശസ്സിനും അഭിവൃഥിക്കും ഇതുവരെയും കോട്ടം തട്ടാതിരിക്കാൻ കാരണവും ഇത് തന്നെ. സാമ്പത്തികമായി ചില ആവശ്യങ്ങൾ വന്നപ്പോഴും മാറിമാറി വന്ന കാരണവന്മാർ ഭൂമിയിൽ തൊട്ടുകളിച്ചില്ല. കൃഷിയില്ലാതെ കിടന്ന തരിശ് നിലങ്ങൾപോലും അവർ വിൽക്കാതെ പരിപാലിച്ചു. പിന്നീട് കാലത്തിന് പല മാറ്റങ്ങൾ ഉണ്ടായപ്പോഴും തറവാടിന്റെ വരുമാന മാർഗം കൃഷിയായി തന്നെ തുടർന്നു. ഇന്നത്തെ കാരണവരായ മാധവൻ തമ്പിയാണ് കൃഷിരീതിയിൽ ആധുനികത കൊണ്ടുവന്നത്. 90കളുടെ മധ്യത്തിൽ അദ്ദേഹം ജൈവ പച്ചക്കറിയെപ്പറ്റി അറിഞ്ഞതും 90കളുടെ അവസാനത്തോടെ അത് ശൂലംതൊടി തറവാട് നിലങ്ങളിൽ പരീക്ഷിച്ചതും ആരോടും അഭിപ്രായം ചോദിച്ചിട്ടോ അനുമതി വാങ്ങിച്ചിട്ടോ ആയിരുന്നില്ല. തറവാട്ടിലെ അന്നത്തെ ന്യൂജൻ ആയിരുന്ന മാധവന്റെ മക്കൾക്ക് ഇതിനോട് പുച്ഛം തോന്നിയെങ്കിലും കാരണവരുടെ വാക്കിന് മറുവാക്കില്ലാത്തതിനാൽ അച്ഛന്റെ മുന്നിൽനിന്ന് മുറുമുറുക്കാൻ പോലും മക്കൾ ധൈര്യപ്പെട്ടില്ല. പിന്നീട് ജൈവപച്ചക്കറികൾ വ്യാപകമായതും വാണിജ്യപരമായി ലാഭം കൊയ്തതും ശൂലംതൊടി തലമൂത്ത ആണുങ്ങളുടെ തീരുമാനം ഒരിക്കലും തെറ്റില്ലെന്ന ചൊല്ല് അരക്കിട്ടുറപ്പിച്ചു. കയറ്റുമതിയും വിൽപ്പനയും എല്ലാംകൂടെ മാധവൻതമ്പി ജന്മിയിൽനിന്നും ആ നാട്ടിലെ മുതലാളിയായി മാറി.
💬 Comments
View all comments