Chapter Title : ശ്രീഭദ്രം ഭാഗം 10 [JO]
ഗുണമാണ് ആ ചിന്തപോലും. എന്തായാലും രാവിലേതന്നെ അവളല്പം ചെറിയൊരു കലിപ്പു മോഡാണെന്നു തോന്നിയതുകൊണ്ട് കൈനീട്ടം വൈകിട്ടാക്കാമെന്നു വെച്ചു ഞാൻ. അതാകുമ്പോ അവനുമുണ്ടാവുമല്ലോ. കാര്യം പ്രത്യേകിച്ചു ഗുണമൊന്നുമില്ലേലും അവൻ കൂടെയുള്ളപ്പോളൊരു ധൈര്യവാ... !!!.
അങ്ങനെ പ്ലാൻ ചെയ്തിരിക്കുമ്പഴാണ് ഒരു വൈബ്രെഷനോടെ ജീൻസിന്റെ പോക്കറ്റിക്കിടന്ന് ഫോൺ ബെല്ലടിച്ചത്. രാവിലെ അമ്മയുടെ ഫോണുമെടുത്തോണ്ടാണ് പോന്നത്. പെട്ടന്ന് വൈബ്രെഷൻ വന്നതിന്റെ ഞെട്ടലിൽ ചാടിയെഴുന്നേറ്റു നോക്കുമ്പോ വീട്ടിലെ ലാന്റ്ലൈൻ നമ്പറാണ്. അവളുടെ കയ്യീന്ന് തല്ലുകിട്ടിയോന്നറിയാൻ വിളിക്കുന്നതായിരിക്കും. ബെല്ലടിച്ചതാരെങ്കിലും കേട്ടൊന്നു നോക്കുമ്പോ എല്ലാവരും എന്നെത്തന്നെ നോക്കിയിരിക്കുന്നു....!!!. ഇവരാരും ഫോണടിക്കുന്നത് കണ്ടിട്ടില്ലേന്ന് മനസ്സിൽ ചോദിച്ചുകൊണ്ട് ഫോണുമായി പുറത്തേക്ക് പോകാനാണ് ആദ്യം ശ്രമിച്ചത്. അമ്മയെന്താ ചോദിക്കുന്നേന്നറിയാൻ പാടില്ലല്ലോ.
പിന്നെയത് വേണ്ടാന്നു വെച്ചു. ആദ്യത്തെ ചോദ്യം ഞാനവളോട് മിണ്ടിയോന്നായിരിക്കും. അവൻ വന്നിട്ട് പറയാമെന്ന് തലപോയാലും പറയാൻ പറ്റൂല്ല. മിണ്ടാത്തതിന് വേറെന്തെങ്കിലും ന്യായം പറയാൻ തുടങ്ങിയാൽ പേടിച്ചിട്ടവളോട് മിണ്ടാത്തതാണെന്നു പറയും. അതിലും ഭേദം അവളോട് മിണ്ടിക്കഴിഞ്ഞിട്ട് തിരിച്ചു വിളിക്കുന്നതല്ലേ... ???!!!. അതുകൊണ്ട് കട്ടു ചെയ്തു വിട്ടു. പക്ഷേ കട്ടാക്കിയതെ ദേ വീണ്ടും വിളിക്കുന്നു. ഒരു നിമിഷം ആലോചിച്ചിരുന്നു. ഇനിയും കട്ടാക്കിയാൽ ചെലപ്പോ നേരിട്ടു വന്നുകളയും. അത്രയ്ക്കുണ്ട് ഇന്ന് വാശി. അതുകൊണ്ട് രണ്ടും കല്പിച്ചങ്ങോട്ടെടുത്തു. ഫോണെടുത്തതും പ്രത്യേകിച്ചു മുഖവുരയൊന്നും വേണ്ടിവന്നില്ല. എടുത്തടിച്ചപോലെയാണ് ചോദ്യം വന്നത്.
എന്തായി... ??? നീയവളോട് മിണ്ടിയോ... ???
ഇല്ല... !!! നുണ പറയണമെന്നാണ് കരുതിയതെങ്കിലും സത്യമേ വായിൽ വന്നൊള്ളൂ.
എനിക്കതറിയാമായിരുന്നു....!!! എന്നാലുമൊരൊറപ്പിനുവേണ്ടി വിളിച്ചതാ. വെറുതേ ഡ്രൈവർക്ക് കാശും കൊടുത്ത് വണ്ടി പണിയാൻ വിട്ടു... !!!
അപ്പുറത്തുനിന്നും അമ്മയുടെ പുച്ഛമാണോ പരിഹാസമാണോ മോട്ടിവേഷനാണോന്നറിഞ്ഞൂടാത്ത പിറുപിറുക്കലും കൂടിയായപ്പോൾ എന്റെ ആത്മാഭിമാനം തിളച്ചുമറിഞ്ഞു.
💬 Comments
View all comments