Chapter Title : ശ്യാമമോഹനം 1 [Soumya Sam]
ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്. സുകന്യയും ശ്യാമയും അവരുടെ ഡ്യൂട്ടി കഥകൾ ഒക്കെ പറഞ്ഞ് ഒരുപാട് ചിരിച്ചു. ഞാനും അതിൽ ചേർന്നു. എനിക്ക് പറഞ്ഞ് ചിരിക്കാൻ കഥകളൊന്നും ഇല്ലായിരുന്നെങ്കിലും.
ഭക്ഷണം കഴിഞ്ഞ് വന്നപ്പോൾ സുകന്യ അവളുടെ മുറിയിലേയ്ക്ക് പോയി. ശ്യാമ നേരെ കട്ടിലിൽ കയറി കിടന്നു. “ഞാൻ ഉറങ്ങാൻ പോകുന്നു. എന്നെ ശല്യപ്പെടുത്തിയാൽ നിന്നെ ഞാൻ ലോക്കപ്പിൽ ഇട്ട് ഇടിക്കും. കേട്ടല്ലോ” എന്ന് പറഞ്ഞു.
“ശ്യാമസാറേ, എനിക്കും ഉറക്കം വരുന്നുണ്ട്”
“കിടന്നുറങ്ങ്”
“എനിക്ക് ബെഡ്ഡില്ല”
“പോയി വാങ്ങ്”
“ഇപ്പോളോ!”
“പിന്നെപ്പോ?”
“ഞാൻ വഴിയിൽ ഉറങ്ങി വീഴും”
“അതിന് ഞാനെന്ത് വേണം?”
“ഞാനും കൂടെ ഈ ബെഡ്ഡിൽ..”
“പൊയ്ക്കോണം”
“പ്ലീസ്”
“നോ"
ഞാൻ തിരിഞ്ഞ് എൻ്റെ കട്ടിലിൽ കിടക്കാൻ പോയി. അവിടെ കിടന്ന് ശ്യാമയെ നോക്കി.
“മേത്ത് മുട്ടാതെ കിടക്കുമോ?”
“ഉം”
“എന്നാ വന്ന് കിടന്നോ”
ഞാൻ ഒറ്റച്ചാട്ടത്തിന് ശ്യാമയുടെ കട്ടിലിൽ ചെന്ന് കിടന്നു. അവളുടെ മുഖത്ത് നോക്കിക്കൊണ്ട് കിടന്നപ്പോൾ ശ്യാമ തിരിഞ്ഞ് കിടന്നു. ഞാനും. അധികസമയം കഴിയുന്നതിനു മുന്നേ ഞാൻ ഉറങ്ങിപ്പോയി. പിന്നെ ഉണർന്നപ്പോൽ ശ്യാമ എന്നെ കെട്ടിപ്പിടിച്ചിരുന്നു. ഞാൻ അല്പം കൂടി ഒട്ടിക്കിടന്ന് ഉറങ്ങി.
പിന്നെ ഉണർന്നപ്പോൾ ശ്യാമ എന്നെ നോക്കിക്കൊണ്ട് കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. കണ്ണുതുറന്നപ്പോൽ അവൾ എന്നെ നോക്കി ചിരിച്ചു. പിന്നെ ചോദിച്ചു,
“അപ്പോ ഹോസ്റ്റൽ നോക്കാൻ പോകുന്നില്ലേ?”
“ശ്യാമയെന്നെ തല്ലിയിറക്കുമ്പോൾ”
“അത് വേണമെങ്കിൽ ഞാൻ ചെയ്യാം”
ഞാൻ മുഖം കുനിച്ചു. “എനിക്ക് എവിടെയും പോകണ്ട..”
“നീ ഒരുപാട് ദൂരം വന്നവളാണ്. ഈ ജീവിതത്തിലേയ്ക്ക് നിന്നെ വലിച്ച് താഴ്ത്താൻ പറ്റില്ല”
“ഞാൻ ശ്യാമയെക്കൂടി കൈപിടിച്ച് ഉയർത്തിയാലോ?”
“എനിക്കിവിടെ ഒരു കുറവുമില്ല”
“എനിക്കും”
“വേണ്ട”
“ഞാൻ പോവില്ല”
“നീ പോണം..”
ഞാൻ എണീറ്റ് എൻ്റെ ബാഗിൽ നിന്ന് ശ്യാമയ്ക്കായി വാങ്ങിയ ഡ്രെസ്സ് എടുത്തു. ശ്യാമയുടെ നേരെ നീട്ടി.
“ഇതെന്താ?”
“ഞാൻ ശ്യാമയ്ക്ക് വാങ്ങിയതാ”
“എപ്പോ?”
“രണ്ട് ദിവസമായി”
“എനിക്ക് വേണ്ട”
“അങ്ങനെ പറയരുത്”
“നീയാരാ എനിക്ക് ഡ്രെസ്സ് വാങ്ങിത്തരാൻ?”
“ആരുമല്ല”
“പിന്നെ?”
“എനിക്ക് വേറെ ആരും ഇല്ല ഒരു ഡ്രെസ്സ് വാങ്ങിക്കൊടുക്കാൻ..”
“പോയി കണ്ടുപിടിക്കണം”
“ഞാൻ ശ്യാമയെ കണ്ടുപിടിച്ചു”
💬 Comments
View all comments