Chapter Title : തണലോരങ്ങളിൽ🌲[സണ്ണി]
അഞ്ച് മിനിറ്റ് കഴിഞ്ഞ് ഇരിക്കപ്പൊറുതിയില്ലാതെ എന്റെ തൂവാല വീണ്ടും വഴി മാറിത്തന്നു... പക്ഷെ ഇപ്പോൾ അവൾ ഇടയ്ക്കിടെ തിരിഞ്ഞ് മാൻമിഴി നീൾമിഴിയായിക്കി എന്നെത്തന്നെ നോക്കുന്നു..!
സുന്ദരിയുടെ കണ്ണിൽ പക്ഷേ ക്രൗര്യമൊന്നും ഫീല് ചെയ്യാത്തത് കൊണ്ട് ഞാൻ മുഖം മറയ്ക്കാതെ കണ്ണ് ചെറുതായി ചിമ്മി ചിമ്മി നോക്കിക്കൊണ്ടിരുന്നു... ചുറ്റുമുള്ള പ്രണയ ചാഞ്ചാട്ടങ്ങൾ ടൗവ്വലിനടിയിലൂടെ ഉറക്കം നടിച്ച് നുകരുന്ന എന്റെ കള്ളനോട്ടം തിരിച്ചറിഞ്ഞെന്ന പോലെ അവളൊന്ന് പുഞ്ചിരിച്ചുവോ....
ആഹ്..
അവളുടെ നോട്ടം തറയ്ക്കുമ്പോൾ ഞാനറിയാതെ കണ്ണടഞ്ഞു പോകുന്നു.... വീണ്ടുമവൾ ഫോണിലായപ്പോൾ ഒരേ സമയം ആശ്വാസവും സങ്കടവും തോന്നി.... ഇല്ല സങ്കടപ്പെടണ്ട, ഫോണിനിടയിലും അവളെന്നെ ഇടയ്ക്കിടെ നോക്കുന്നുണ്ട്.
പെട്ടന്ന് നീണ്ട് വരുന്ന മാൻ മിഴിയിൽ നിന്ന് പതിവ് പോലെ ഞാൻ കണ്ണടച്ച് രക്ഷപ്പെട്ടു...
പെട്ടന്ന് യാഥാർത്ഥ്യം ആലോചിച്ചപ്പോൾ ഞാൻ ചെറുതായി ഞെളി പിരികൊണ്ടു.. കാവ്യ മുതൽ മമിത വരെയും കരീന മുതൽ ആലിയ വരെയുമുള്ള നടി സുന്ദരിമാരെപ്പോലെ ചുമ്മാ വായിൽ നോക്കി കിടന്നതാണ്.. ഇപ്പോൾ അവളിങ്ങോട്ട് കടാക്ഷിക്കുമെന്ന് ഒരിയ്ക്കലും കരുതിയില്ല..
പോയ കാലത്തെ ഒരു കൗമാരപ്പുഞ്ചിരി തേച്ച് പിടിപ്പിച്ച് ഒന്ന് ട്രൈ ചെയ്താലോ...
ഏയ്.. ചിലപ്പോൾ നോക്കി നോക്കി അവസാനം വല്ല തെറിയും പറഞ്ഞിട്ട് പോയാലോ....?
പണ്ട് ഒമ്പതാം ക്ളാസിൽ പഠിച്ച ഒരു വാക്ക് ഇപ്പോൾ കറക്ടായി .. ഇതികർത്തവ്യവ്യഥാമൂഢൻ!
ഇപ്പോൾ ശരിക്കും..അകപ്പെട്ട അവസ്ഥയാണ്...
വീണ്ടും അഞ്ച് പത്ത് മിനിറ്റ് അഞ്ച് മണിക്കൂറ് പോലെ കടന്നുപോയി.... അവളിടയ്ക്ക് മോണലിസയെപ്പോലെ നോക്കിക്കൊണ്ടിരുന്നു.... ,
ഞാൻ നിസംഗത അഭിനയിക്കുമ്പോൾ ഉള്ളിൽ കടലിരമ്പിക്കൊണ്ടിരുന്നു...
അളകങ്ങൾ പുളകങ്ങളായ സുന്ദരിപ്പെണ്ണേ എന്ന് വിളിച്ച് പരിചയപ്പെട്ടാലോ... ച്ചായ്..; എന്താ കുട്ടി
💬 Comments
View all comments