Chapter Title : തന്ത്രലാവണ്യം അധ്യായം 4 : മാധവം [കത്തനാർ]
അവർ ആ അതിർത്തിയിൽ തന്നെ കഴിയും. എന്താവിശ്യത്തിനും അവരെ സമീപിക്കാം. അതിനുശേഷം മാധവൻ ഒറ്റയ്ക്കാണ്.”
“അവർ ആരാണ്?”
“നാളെ പരിചയപ്പെടാം.”
വാതിലിനരികിലെത്തിയപ്പോൾ അവൾ തിരിഞ്ഞുനോക്കി.
“ഇന്നുരാത്രി നന്നായി ഉറങ്ങൂ. നാളെമുതൽ നിന്റെ ഓരോ വാക്കും ചുവടും മറ്റൊരാളുടേതായിരിക്കണം.”
“മാധവന്റേത്.”
“അതെ.”
സുമലത പുറത്തേക്കിറങ്ങി. വാതിൽ പതുക്കെ അടഞ്ഞു.
ആദിത്യൻ കുറച്ചുനേരം മേശയ്ക്കരികിൽ നിന്നു. മങ്ങിയ മേൽമുണ്ടും വ്യാജരേഖകളും അവിടെ കിടന്നു.
ലളിതയുടെ മനസ്സിൽ കണ്ട രഹസ്യം സുമലതയോട് പറയാൻ കഴിഞ്ഞില്ല.
അഞ്ജനയോടു ചെയ്ത കള്ളസത്യം മനസ്സിൽനിന്നു മാറിയില്ല.
നാളെ ആദിത്യൻ പുതുശ്ശേരി ഇല്ലത്തിൽനിന്ന് അപ്രത്യക്ഷനാകും.
അവന്റെ സ്ഥാനത്ത് ദരിദ്രനായൊരു യുവാവ് ഗ്രാമവഴിയിലൂടെ തെക്കേടത്ത് ഇല്ലത്തിലേക്കു നടക്കും.
മാധവൻ.
ആദിത്യൻ വിളക്കിന്റെ നാളം താഴ്ത്തി. കട്ടിലിൽ കിടന്നു. കണ്ണുകൾ അടച്ചപ്പോൾ ലളിതയുടെ ഓർമകളും അഞ്ജനയുടെ കണ്ണുനീരും സുമലതയുടെ മുന്നറിയിപ്പുകളും ഒന്നിനുമുകളിൽ ഒന്നായി മനസ്സിലേക്കുവന്നു.
പക്ഷേ ശരീരം ക്ഷീണിച്ചിരുന്നു.
ചിന്തകൾ പതുക്കെ മങ്ങി.
അൽപസമയത്തിനകം അവൻ ഉറക്കത്തിലേക്കു വീണു.
പുലർച്ചെ ഉണർന്നപ്പോൾ ആദിത്യന് ഏതാനും നിമിഷങ്ങൾ താൻ എവിടെയാണെന്നു മനസ്സിലായില്ല. ഏതോ ഒരു സ്വപ്നത്തിലായിരുന്നു അവൻ ഉറങ്ങിയപ്പോൾ. മുറിയുടെ മുകളിലെ കൊത്തുപണികളുള്ള മരക്കൂര. ജനാലപ്പാളികളുടെ വിടവിലൂടെ കടന്നുവന്ന മങ്ങിയ വെളിച്ചം. മേശപ്പുറത്ത് കിടക്കുന്ന പഴയ മേൽമുണ്ട്. അതിനരികിൽ വ്യാജരേഖകളും കുറച്ച് നാണയങ്ങളും.
മാധവൻ.
ആ പേര് ഓർമയിലെത്തിയതോടെ കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ ഓരോന്നായി തിരിച്ചുവന്നു.
കാരണവർ സ്ഥാനാരോഹണം.
അഞ്ജനയുടെ കണ്ണുനീർ.
ലളിതയുടെ മനസ്സിൽ കണ്ട മുദ്രവച്ച ഓർമകൾ.
അവളുടെ അറിവില്ലാതെ നടത്തിയ മാനസികപ്രയോഗം.
അഞ്ജനയുടെ തലയിൽ കൈവച്ച് ചെയ്ത കള്ളസത്യം.
പിന്നെ സുമലത വിശദീകരിച്ച ദൗത്യം.
ആദിത്യൻ കട്ടിലിൽ എഴുന്നേറ്റിരുന്നു.
💬 Comments
View all comments