Chapter Title : തുളസിദളം 5 [ശ്രീക്കുട്ടൻ]
ഞാനവളെ കൊണ്ട് വിട്ടോളാം…”
ശില്പ പെട്ടെന്ന് പറഞ്ഞു
നളിനി അവളെയൊന്ന് കൂർപ്പിച്ചു നോക്കി
“എന്തിനാ നീ ബുദ്ധിമുട്ടുന്നെ… മോൻ പോകാൻ നിൽക്കല്ലേ അവൻ വിട്ടോളും…”
നളിനി അതും പറഞ്ഞു വൃന്ദയുടെ അരികിലേക്ക് പോയി അവളുടെ കയ്യിലുണ്ടായിരുന്ന കുറച്ചു പണം വൃന്ദയുടെ കയ്യിൽ വച്ചുകൊടുത്തിട്ട് അവളെ കൈ പിടിച്ച് രുദ്രിനടുത്തേക്ക് നടന്നു
“ഉണ്ണി… നീ മോനോടൊപ്പം ആശുപത്രിയിൽ പൊയ്ക്കോ… വെറുതെ ഇതെല്ലാം തൂക്കി ബസ്സിൽ കയറിയിറങ്ങേണ്ട…”
നളിനി വൃന്ദയോട് പറഞ്ഞു
വൃന്ദ ഒന്നും മിണ്ടാതെ നിന്നു
ശില്പ അവളെ ദേഷ്യത്തോടെ കൂർപ്പിച്ചു നോക്കി,
“എന്നാപ്പിന്നെ സമയം കളയണ്ട ഇറങ്ങിക്കോ… കുറച്ചു കഴിഞ്ഞ് ഞങ്ങളങ്ങെത്താം…”
നളിനി അവരോട് പറഞ്ഞു
രുദ്ര് മുന്നോട്ട് നടന്നു പിറകെ വൃന്ദയും, രുദ്രിന്റെ കയ്യിലുണ്ടായിരുന്ന ബാഗ് വൃന്ദ വാങ്ങി കയ്യിൽ പിടിച്ചു
വൃന്ദ പിറകിലാണ് കയറിയത് രുദ്ര് ഒന്നും മിണ്ടിയില്ല
അവർ കാറിൽ കയറി പോകുന്നത് ദേഷ്യത്തോടെ ശില്പ നോക്കി നിന്നു,
‘ഇല്ലടി… നിന്നെ സന്തോഷിക്കാൻ ഞാൻ വിടില്ല…’
ശില്പ മനസ്സിൽ പറഞ്ഞിട്ട് പല്ല് ഞെരിച്ചു.
••❀••
ഹോസ്പിറ്റലിൽ എത്തുംവരെ രണ്ടുപേരും ഒന്നും മിണ്ടിയില്ല… വൃന്ദ സീറ്റിൽ ഉറങ്ങുന്ന മാതിരി കണ്ണടച്ചു ചാരിക്കിടന്നു…
ഹോസ്പിറ്റലിൽ എത്തി രുദ്ര് മുന്നിൽ നടന്നു കവറും ബാഗുമായി വൃന്ദ പിന്നാലെയും നടന്നു,
രുദ്ര് അവളുടെ കയ്യിൽ നിന്ന് കവറും ബാഗും വാങ്ങാൻ നോക്കിയെങ്കിലും വൃന്ദ സമ്മതിച്ചില്ല
അവർ റൂമിലേക്ക് വരുമ്പോൾ കണ്ണനടുത്തായി വിശ്വനാഥനും മാധവനും ഇരിക്കുന്നുണ്ടായിരുന്നു, അവർ കണ്ണനോടെന്തോ ചോദിക്കുന്നുണ്ടായിരുന്നു, കിച്ച അല്പം മാറി മേശയിൽ ചാരി നിൽക്കുന്നു
“ആഹ്… എത്തിയോ…?”
വിശ്വനാഥൻ പുഞ്ചിരിയോടെ വൃന്ദയോട് ചോദിച്ചു
അവൾ ബഹുമാനത്തോടെ കിച്ചക്കരികിലേക്ക് മാറി നിന്നു
“ഞങ്ങൾ മോളെവിടെയെന്ന് കണ്ണനോട് ചോദിക്കുകയായിരുന്നു…”
കണ്ണനെ തലോടിക്കൊണ്ട് മാധവൻ പറഞ്ഞു
“എത്ര നന്ദി പറഞ്ഞാലും തീരാത്ത വലിയ കാര്യമാണ് കണ്ണൻ ചെയ്തത്… കണ്ണൻ ഇല്ലാതിരുന്നേൽ ഞങ്ങടെ കുഞ്ഞി…”
മാധവൻ കണ്ണ് നിറച്ചുകൊണ്ട് പറഞ്ഞു
“പോടോ… ഇവൻ എന്റെ അനന്തിരവൻ അല്ലേ… അപ്പൊ മിടുക്കാനല്ലാത്തിരിക്കോ…? അല്ലേ കണ്ണാ…”
വിശ്വൻ ചോദിച്ചു
കണ്ണൻ അതിനു ഒന്ന് പുഞ്ചിരിച്ചു
കുറച്ചു നേരം കൂടി അവരവിടെയിരുന്നു പിന്നീട് കുഞ്ഞിയുടെ മുറിയിലേക്ക് പോയി
💬 Comments
View all comments