Chapter Title : തുളസിദളം 5 [ശ്രീക്കുട്ടൻ]
കുഞ്ഞിയുടെ മുറിയിൽ എല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു
“എന്ത് നല്ല കുട്ടിയാ ഉണ്ണിമോള്…”
സീതാലക്ഷ്മി ആത്മഗതം പറഞ്ഞു
“അതെന്താ…??”
ഭൈരവ് മൊബൈലിൽ തോണ്ടിയിരിക്കുന്ന രുദ്രിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു
“അവളുടെ കണ്ണനോടുള്ള കെയറിങ്ങും സ്നേഹവും ഒക്കെ ശ്രദ്ധിച്ചോ… ഇന്നലെത്തന്നെ ആ കുട്ടി ഒരുപോള കണ്ണടക്കാതെയാ കണ്ണന് കൂട്ടിരുന്നേ… മാത്രോല്ല എന്ത് അടക്കോം ഒതുക്കോം… കാണാൻ നല്ല ഭംഗിയുമൊണ്ട്… ശിൽപയുടെ എൻഗേജ്മെന്റിന് അവിടുണ്ടായിരുന്ന എല്ലാരും അവളെത്തന്നെയാ ശ്രദ്ധിച്ചുകൊണ്ടിരുന്നേ… രണ്ട് മൂന്നുപേര് നാത്തൂനോട് അവളെപ്പറ്റി തിരക്കുന്നുമുണ്ടായിരുന്നു, വിവാഹലോചനക്കാകും…”
സീതലക്ഷ്മി പറഞ്ഞു
അതുകേട്ട് രുദ്ര് ചെറുതായോന്ന് ഞെട്ടി
അത് കണ്ട് ഭൈരവ് ആക്കിയൊന്ന് ചിരിച്ചു കാണിച്ചു
സംസാരം പോരോഗമിക്കവേ കുഞ്ഞി രുദ്രിനെ അടുത്തേക്ക് വിളിച്ചു
“എന്താ കുഞ്ഞി…??”
രുദ്ര് വാത്സല്യത്തോടെ ചോദിച്ചു
“ഏട്ടാ എനിക്കൊരു പടം വരച്ചുതരാവോ…??”
“ഏട്ടന്റെ കുഞ്ഞിക്ക് എത്ര പടം വേണേലും ഏട്ടൻ വരച്ചു തരാലോ… എന്താ വരക്കേണ്ടത്…??!”
അതിന് മറുപടിയായി കയ്യാട്ടി അവനെ അരികിലേക്ക് വിളിച്ചു പിന്നീട് ചെവിയിലെന്തോ പറഞ്ഞു, രുദ്ര് മുഖമുയർത്തി പുഞ്ചിരിയോടെ കുഞ്ഞിയെ നോക്കി തള്ളവിരൽ ഉയർത്തി കാണിച്ചു.
എല്ലാവരും അവരെ നോക്കി പുഞ്ചിരിച്ചു
അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് രാജേന്ദ്രനും നളിനിയും ശില്പയും മുറിയിലേക്ക് കയറി വന്നത്,
ശില്പ രുദ്രിനെക്കണ്ട് പുഞ്ചിരിച്ചുകൊണ്ട് അവനടുത്തേക്ക് നീങ്ങി നിന്നു,
നളിനി കയ്യിലുണ്ടായിരുന്ന ഫ്രൂട്ട്സും മറ്റും അടുത്തുള്ള മേശയിൽ വച്ച് കുഞ്ഞിയുടെ അടുത്തേക്ക് ചെന്നു
രാജേന്ദ്രൻ വിശ്വനാഥനുമായി സംസാരിച്ചുകൊണ്ട് നിന്നു, ശില്പ രുദ്രിനോട് അടുത്തിടപഴകാൻ കിട്ടുന്ന ഒരവസരവും പാഴാക്കാതെ അവനെത്തന്നെ ചുറ്റിപറ്റി നിന്നു, ഭൈരവ് ഇതെല്ലാം നോക്കി അവിടുള്ളൊരു കസേരയിൽ ഇരുന്നു,
കുറച്ചു കഴിഞ്ഞ് നളിനി കണ്ണനെ കാണാനായി അവനടുത്തേക്ക് ചെന്നു, കണ്ണൻ ഉറങ്ങുകയായിരുന്നു
“ഉണ്ണി… ഇപ്പൊ എങ്ങനുണ്ട് ഇവന്… പിന്നീട് പനിച്ചോ…??”
നളിനി കണ്ണനരികിൽ ഇരുന്നുകൊണ്ട് ചോദിച്ചു,
“ഇല്ല വല്യമ്മേ… ഇപ്പൊ കൊഴപ്പൊല്ല…”
വൃന്ദ പറഞ്ഞു
“ആന്റി ഒറ്റക്കാണോ വന്നത്…??”
കിച്ച മുഖം കൂർപ്പിച്ചുകൊണ്ട് നളിനിയോട് ഗൗരവത്തിൽ ചോദിച്ചു
“അല്ല രാജേട്ടനും ശില്പയുമുണ്ട്…”
“എന്നിട്ടവരെവിടെ…?? അവരെന്താ ഇവനെ കാണാൻ വരാഞ്ഞേ…? അപ്പുറത്തുകിടക്കുന്ന കുഞ്ഞിന്റെ അതേ ബന്ധം തന്നല്ലേ നിങ്ങൾക്ക് ഇവനും…??”
കിച്ച ഉറക്കെ ചോദിച്ചു
അവളുടെ സംസാരം കേട്ട് വൃന്ദ അന്തംവിട്ട് നോക്കിനിന്നു,
💬 Comments
View all comments