Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]
അതേയെന്ന അർത്ഥത്തിൽ തലയാട്ടി.
അവനിപ്പോഴും അരുണിമയെ പോലെ തന്നെയുള്ള ഒരു പെണ്ണിനെ നേരിട്ട് കണ്ടതിന്റെ അന്ധാളിപ്പിൽ ആയിരുന്നു.
"അനന്തു എന്റെ കാർ ഒന്ന് ബ്രേക്ക്‌ഡൌൺ ആയി. ഇഫ് യു ഡോണ്ട് മൈൻഡ്, എനിക്കൊരു ലിഫ്റ്റ് തരാമോ? "
ദക്ഷിണ ആവശ്യപ്പെട്ട സഹായം കേട്ട് അനന്തു ശില പോലെ നിന്നു. അവനിപ്പോഴും കിളി പാറിയ അവസ്ഥയിൽ ആയിരുന്നു.എന്ത് മറുപടി പറയണമെന്നറിയാതെ അവൻ കുഴങ്ങി.
വായിലെ വെള്ളം വറ്റി.മരുഭൂമി പോലെ അത് വരണ്ടു കിടന്നു. ഉഷ്ണം കാരണം അവൻ വിയർത്തു കുളിച്ചു. ചെന്നിയിലൂടെ വിയർപ്പ് ചാലു പോലെ ഒഴുകി.
അനന്തു ശ്വാസം വലിച്ചെടുത്ത് പയ്യെ അവളോട് പറഞ്ഞു.
"കേറിക്കോ "
അത് കേട്ടതും ദക്ഷിണ സന്തോഷത്തോടെ അവന് പിറകിലേക്ക് വലിഞ്ഞു കയറി.അവൾ അവന്റെ ചുമലിൽ പതിയെ കര തലമമർത്തി.
ആ സ്പര്ശനം അറിഞ്ഞതും അനന്തുവിന് തന്റെ ഉള്ളിലൂടെ വിദ്യുത് പ്രവാഹം നടക്കുന്ന പോലെ തോന്നി.
തൽക്കാലം അത് കാര്യമാക്കാതെ അവൻ ബുള്ളറ്റ് എടുക്കാൻ നോക്കിയതും ദക്ഷിണയുടെ കാർ ഡ്രൈവർ അവനെ പന്തം കണ്ട പെരുച്ചാഴിയെ പോലെ തുറിച്ചു നോക്കുന്നത് അനന്തു കണ്ടു.
അയാളുടെ നോട്ടം സഹിക്കാനാവാതെ അനന്തു അയാൾക്ക് നേരെ മുഖമുയർത്തി ചോദിച്ചു.
"എന്താ ചേട്ടാ
"ച്ചും "കാർ ഡ്രൈവർ ചുമൽ കൂച്ചി.
പയ്യെ അയാൾ കാറിന്റെ മറവിലേക്ക് മറഞ്ഞു നിന്നു. അനന്തു അയാളുടെ പരുങ്ങൽ സൂക്ഷ്മതയോടെ നോക്കുമ്പോഴാണ് പുറത്ത് ഒരാൾ കൈകൊണ്ട് തട്ടി വിളിച്ചത്.
"അതേയ് അനന്തു പോകാം "
ദക്ഷിണയുടെ ശബ്ദം കേട്ടതും പോകാമെന്ന മട്ടിൽ അവൻ തലയാട്ടി. അതിനു ശേഷം അവൻ പയ്യെ ബുള്ളറ്റ് മുൻപിലേക്ക് എടുത്തു.
അനന്തു വളരെ സൂക്ഷ്മതയോടെ ബുള്ളറ്റ് ഓടിച്ചുകൊണ്ടിരുന്നു. അവൻ ആകെ കൂടി പ്രാന്ത് പിടിച്ച അവസ്ഥയിൽ ആയിരുന്നു.
മുടിനാരിഴ വ്യത്യാസം പോലും കണ്ടു പിടിക്കാൻ പറ്റാത്ത തരത്തിലുള്ള ഇരട്ടകളെ കണ്ടെത്തിയ അത്ഭുതത്തിൽ ആയിരുന്നു അവൻ.
💬 Comments
View all comments