Chapter Title : വിരഹം, സ്‌മൃതി, പ്രയാണം [ഋഷി]
അല്ല, നിനക്കെന്തിന്റെ കേടാ? നീയെന്തിനാടീ സീരിയസ്സല്ലേല് ഇവമ്മാരെയിട്ടു കൊരങ്ങുകളിപ്പിക്കുന്നത്? ഞാനവളെ കുറ്റപ്പെടുത്തി.
ഹ! നീ പറയണകേട്ടാത്തോന്നും ഞാനിവമ്മാരുടെ പൊറകേ നടന്നിട്ടാന്ന്! അവമ്മാരല്ലേടാ ഒലിപ്പിച്ചോണ്ടു വരുന്നേ? പാവം തോന്നി കൊറച്ചു കരുണ കാണിച്ചതാ ഇതിപ്പോ... അവളു കെറുവിച്ചു.
ആ എനിക്കൊന്നുമില്ല. നീയായി, നിന്റെ അവന്മാരായി നിങ്ങളുടെ പാടായി... ഞാൻ കൈ മലർത്തി. ദയവായി എന്നെയൊന്നൊഴിവാക്കിത്താടീ!
അവളു പെട്ടെന്ന് മുന്നോട്ടാഞ്ഞിരുന്നു. നീയങ്ങനെ ചുളുവില് ഊരിപ്പോണ്ടടാ. ഹോ! ഇപ്പം ചേച്ചിയാണേല് ദേ... അവൾ കുഞ്ഞുവിരൽ പൊക്കിക്കാണിച്ചു.... ഒന്നു ഞൊടിക്കണേനു മുന്നേ നീ വാലാട്ടി ചെന്നേനേ! ഫോർക്കെടുത്ത് എന്റെ കയ്യിലവൾ ഇത്തിരി നോവിച്ചുകൊണ്ട് കുത്തി.
ആ... നീ വല്ലവന്റേം പൊറകേ നടന്നു നോക്ക്. അപ്പഴറിയാം. എനിക്ക് വിഷയം ബോറടിച്ചു തുടങ്ങിയിരുന്നു.
അവളെന്നെ ഒന്നിരുത്തി നോക്കി... ആ... നിനക്ക് റാങ്കുകിട്ടുമെന്നൊക്കെയാ പ്രൊഫസറുമാരു പറയുന്നേ.. എന്നാലും നീയൊരു മണ്ണുണ്ണിയായിപ്പോയല്ലോടാ...
ഞങ്ങളെണീറ്റു. പതിവില്ലാതെ അവളെന്റെ കയ്യിൽ കൈകോർത്ത് എന്നോടു ചേർന്നു നടന്നു. അവളുടെ മാർദ്ദവമുള്ള ദേഹം മേത്തുരുമ്മിയപ്പോൾ എന്തോ ഒരു സുഖം തോന്നി.
കൊറച്ചു നടന്നാലോടീ? ഞാൻ ബീച്ചിലേക്ക് തിരിഞ്ഞു. അവൾ കുനിഞ്ഞ് വള്ളിച്ചെരുപ്പുകളഴിച്ച് എന്നെക്കൊണ്ട് പിടിപ്പിച്ചു. ഞാനെന്റെ ചെരുപ്പുകളും അഴിച്ചു പിടിച്ചു.
വല്ല ചക്രവർത്തിനീമായിരുന്നേല് പുഷ്പപാദുകം ഞാൻ സന്തോഷത്തോടെ ചുമന്നേനെ... ഇതിപ്പം നിന്റെ ചെരുപ്പുമെടുത്തു നടക്കണ്ടി വന്നല്ലോടീ.. ഞാൻ സങ്കടസ്വരത്തിൽ പറഞ്ഞു.
ആക്കല്ലേ മോനേ! എന്റെ ചെരുപ്പു ചുമക്കാൻ ലൈനായി ആമ്പിള്ളാരു നിപ്പൊണ്ട്! നിനക്കെന്തറിയാം! പതിവുപോലെ നോവിക്കുന്ന നുള്ളായിരുന്നു അവളുടെ നന്ദിപ്രകടനം!
തിരകളുമ്മവെച്ചു നനഞ്ഞ, കാലടികൾ താഴ്ന്നുപോവാത്ത തീരത്ത് ഞങ്ങൾ അധികമൊന്നും മിണ്ടാതെ നടന്നു. സൂര്യൻ പാതി താണിരുന്നു. അവളുടെ കൈ എപ്പോഴോ എന്റെയരയിൽ ചുറ്റി.
💬 Comments
View all comments