Chapter Title : യക്ഷി 3 [താർക്ഷ്യൻ]
ഒന്നും പറഞ്ഞില്ല.
ദിവസേന രണ്ടും മൂന്നും വീടുകളിൽ പണി എടുത്ത സോഫിയ, കാശ് കൂട്ടി വെച്ച് കുറി പൈസയിൽ ഒരു സെക്കൻ്റ് തൈയ്യൽ മിഷ്യൻ വാങ്ങി. എന്നിട്ട് രാത്രി ഇരുന്ന് തുന്നൽ പഠിച്ചു… ഒറ്റക്ക്!! പയ്യെ പയ്യെ മിഷ്യൻ ചവിട്ടി കറക്കി ലക്കും ലഗാനുമില്ലാതെ കറങ്ങുന്ന ജീവിതത്തെ നേരെയാക്കി…
ടൗണിലെ രണ്ട് മൂന്ന് കട മുറികൾ കൂടാതെ ടൗണിന് പുറത്ത് റോഡിനോട് ചേർന്നുള്ള ഒരു കുഞ്ഞ് ഒറ്റ മുറി പീടിക ഉണ്ടായിരുന്നു ഞങ്ങൾക്ക്. കാലങ്ങളായി പൂട്ടിയിട്ട മുറി. അവിടെ പണ്ട് ബീഡി തെറുപ്പായിരുന്നു. ബീഡി തെറുത്ത് തെറുത്ത്, കടം കയറി ഒരു ദിവസം തെറുത്തവൻ കേറി അങ്ങ് തൂങ്ങി.. അതോടെ ആരും ആ മുറി മാത്രം വാടകക്ക് എടുക്കുകില്ലായിരുന്നു.. ഒന്ന് രണ്ടു യുക്തിവാദികൾ ഭാഗ്യം പരീക്ഷിച്ചു. പക്ഷേ അവരും വലിയ നഷ്ടത്തിൽ കലാശിച്ചു. അവസാനം വാടകക്ക് എടുത്തവൻ നഷ്ടം കയറി തൂങ്ങി, എങ്കിലും ചത്തില്ല. അതോടെ അവിടെ എന്ത് തുടങ്ങിയാലും പച്ച പിടിക്കത്തില്ല എന്ന് ഒരു വെപ്പ് വന്നു, അതിനു താഴും വീണു. ഒരു പത്തു വർഷം എങ്കിലും ആയി പൂട്ടി കിടക്കുകയാണ്.
അങ്ങനെ ഇരിക്കെ സോഫിയ ചേച്ചി ആ കടമുറിയിൽ ഒരു തയ്യൽ കട തുടങ്ങാൻ അമ്മയോട് അനുവാദം ചോദിച്ചു. പക്ഷേ അമ്മ അത് എതിർത്തു.
'ഭാഗ്യം കെട്ട ഒരു മുറിയാണ് സോഫി' എന്ന് ആവതും അമ്മ പറഞ്ഞു നോക്കി. പക്ഷേ എന്ന് സോഫിയ പറഞ്ഞത്
"ഭാഗ്യം ഉള്ളവർക്ക് അല്ലേ ഭാഗ്യക്കേടിനെ പേടിക്കണ്ടു ടീച്ചറേ"... എന്നാണ്. പിന്നെ അമ്മ ഒന്നും പറഞ്ഞില്ല. പപ്പയോട് പറഞ്ഞ് താക്കോൽ എടുത്ത് കൊടുത്തു. പപ്പക്ക് ബഹുത് സന്തോഷം… വാടക കിട്ടുമല്ലോ…
അങ്ങനെ സോഫിയ അവിടെ ഇരുന്നു മിഷ്യൻ ചവിട്ടി ഒന്ന് പച്ച പിടിച്ചു. നിലീനെ ഓർഫനേജിൽ നിന്നും തിരിച്ചു കൊണ്ട് വന്നു കൂടെ നിർത്തി. പക്ഷേ സോഫിയെ തിരിഞ്ഞ് വീണ്ടും ദൗർഭാഗ്യം എത്തി… ഇത്തവണ പേമാരിയുടെ രൂപത്തിൽ… ആർത്തലച്ച് വന്ന മഴയും കാറ്റും കൂര ഒന്നാകെ അടിച്ച് എടുത്ത് കൊണ്ട് പോയി. വീട്ടിലെ സാധങ്ങൾ എല്ലാം ഞങ്ങടെ തോട്ടം നിറയെ ചിതറി.
💬 Comments
View all comments