Chapter Title : അജ്ഞാതന്‍റെ കത്ത് 3
കുടിയേറി
" പിന്നോട്ട് നോക്കണ്ട. സ്ട്രൈറ്റ് and ഫസ്റ്റ് റൈറ്റ്. "
തൃപ്പുണിത്തുറ റെയിൽവേ സ്റ്റേഷൻ റോഡ്, രക്ഷപ്പെടാൻ ഒരു പഴുതുമില്ല. ഒരു ട്രെയിൻ വരുന്ന ശബ്ദം കേൾക്കാം. പിന്നിൽ എത്ര പേരുണ്ടെന്നു വ്യക്തമല്ല. സ്റ്റേഷൻ പരിസരത്തൊന്നും ഒരൊറ്റ മനുഷ്യനില്ല. വണ്ടി ഞാൻ നിർത്തി.
"നിർത്തരുത് നേരെ പോകണം."
" ഞാൻ നിർത്തിയതല്ല, ഓഫായതാണ്. സ്റ്റാർട്ടാവുന്നില്ല, "
ശബ്ദത്തിൽ വല്ലാത്ത എളിമ കലർത്തി ഞാൻ പറഞ്ഞപ്പോഴും നെഞ്ച് ഭയം കൊണ്ട് പടപടാ മിടിക്കുകയായിരുന്നു. പിന്നിലിരിക്കുന്ന സ്ത്രീയുടെ മുഖം കാണാൻ ഞാൻ ശ്രമിച്ചെങ്കിലും നടന്നില്ല.അവർ പല തരത്തിൽ വണ്ടി സ്റ്റാർട്ട് ചെയ്യാൻ പറഞ്ഞു കൊണ്ടേ ഇരുന്നു. ഞാനവയെല്ലാം ചെയ്തു നോക്കുന്നതായി നടിച്ചു. എന്റെ പിൻകഴുത്തിലെ തണുപ്പ് മാറി. അതായത് അവർ വണ്ടി എങ്ങനെ സ്റ്റാർട്ടാക്കിക്കാം എന്ന ചിന്തയിലേക്കെത്തിയെന്നു സാരം. എങ്ങനെയും ജീവൻ രക്ഷിക്കണം, എന്നോ ശരിയാക്കിയിട്ടും വീട്ടിലെടുത്തു വെക്കാൻ മറന്ന സോഡാ മേക്കറിന്റെ സിലിണ്ടർ വെള്ളക്കുപ്പിക്കൊപ്പം സൈഡിൽ. പിന്നിൽ ഒരാളു മാത്രമേ ഉള്ളൂ എന്ന് കുറച്ചു നേരം കൊണ്ട് എനിക്കുറപ്പായി.
" കീ ഊരി വീണ്ടും ഇട്ട് ഒന്നുകൂടി സ്റ്റാർട്ട് ചെയ്തു നോക്കൂ "
ആ സ്ത്രീ വീണ്ടും പറഞ്ഞു.ആയൊരു സമയം മതിയായിരുന്നു എനിക്ക്. സൈഡിൽ വെച്ചിരുന്ന സോഡാ മേക്കറിന്റെ സിലിണ്ടർ എടുത്ത് പിന്നിലിരിക്കുന്ന സ്ത്രീയെ ലക്ഷ്യം വെച്ച് അടിച്ചു. കറക്റ്റ് തലയിൽ തന്നെ കൊണ്ടു.വലിയ ആർത്തനാദത്തോടെ അവൾ തോക്കിലെ പിടി വിട്ടു തലയിൽ കൈയമർത്തി .ഞാനാ പിസ്റ്റൾ കൈയിലെടുത്തു. അവളുടെ തലയ്ക്കു നേരെ ചൂണ്ടി.
"ഇറങ്ങ്......"
പല്ലിനിടയിൽ കുടുങ്ങി എന്റെ വാക്കുകൾ ഞെരുങ്ങി .അവൾ ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് അതൊരു പുരുഷനായിരുന്നെന്നു തിരിച്ചറിഞ്ഞത്. സ്ത്രീ ശബ്ദമുള്ള പുരുഷൻ.അയാളുടെ മുഖത്തു കൂടി ചാലിട്ട ചോര വെളുത്ത ബനിയനിൽ ചുവന്ന വരകൾ തീർത്തിരുന്നു. ഇനിയവിടെ നിന്നാൽ അപകടമാണ്. തോക്കു ചൂണ്ടിക്കൊണ്ട് തന്നെ ഞാൻ വണ്ടിയെടുത്തു പിന്നിൽ ഒരു വാഹനം വന്നു നിൽക്കുന്ന ശബ്ദം. പിന്നീട് കാറിന്റെ സ്പീഡ് എത്രയെന്ന് നോക്കാനുള്ള ധൈര്യം പോലും എനിക്കുണ്ടായില്ല. ഓരോ വളവുകളിലും ഞാൻ ഭയപ്പാടോടെ എനിക്ക് നേരെ ആഞ്ഞടിക്കുന്ന ശത്രുവിനെ നോക്കിയിരുന്നു. സാമുവൽ സാറിന്റെ വീടെത്തിയപ്പോഴാണ് ശ്വാസം വീണത്.
💬 Comments
View all comments