Chapter Title : അരൂപി [ചാണക്യൻ]
ശേഷം അവൻ വീട്ടിൽ തിരിച്ചെത്തിയ ദിവസം ആയിരുന്നു അന്ന്.
പതിവ് പോലെ 11 മണിക്ക് ഉറക്കം കഴിഞ്ഞു എണീറ്റ അവൻ താഴേക്ക് ഇറങ്ങി ചെന്നതും കണ്ടത് ശ്രീയും ജയനും വീണയും സോഫയിൽ ഇരുന്നു വർത്തമാനം പറയുന്നതായിരുന്നു.
അവർക്ക് സമീപം വിശേഷങ്ങൾ പങ്കു വച്ചു കൊണ്ടു ചിന്മയിയും രാമനാഥനും ജാനകിയമ്മയും ഉണ്ടായിരുന്നു.
അപ്പോഴാണ് ശ്രീ താഴേക്കിറങ്ങി വരുന്ന അരുണിനെ കണ്ടത്.
മഴ കാത്തിരുന്ന വേഴാമ്പലിനെ പോലെ കാത്തു കാത്തിരുന്ന മുഖം പൊടുന്നനെ കണ്മുൻപിൽ കണ്ടതും ദർശന സൗഭാഗ്യം ലഭിച്ച ആനന്ദത്താൽ ശ്രീക്കുട്ടി അവനെ നോക്കി പുഞ്ചിരിച്ചു.
വൈകി എണീറ്റു വന്നതിന്റെ നാണക്കേടിൽ അരുണും ചമ്മിയ ചിരി ചിരിച്ചു.
അവന്റെ മുഖത്തു മിന്നി മറയുന്ന ഭാവങ്ങൾ കണ്ട് അവൾക്കും ചിരി പൊട്ടി.
"ഓഹ് വന്നല്ലോ സാറ്... വെയിൽ മൂട്ടിലടിച്ചാലും എണീക്കാൻ പറ്റില്ലല്ലേ "
ജാനകിയമ്മ മകനെ കളിയാക്കുന്ന മട്ടിൽ പറഞ്ഞ.
അതിഷ്ട്ടപെടാത്ത മട്ടിൽ അവൻ കലിപ്പോടെ സ്വന്തം അമ്മയെ നോക്കി.
"അതൊന്നും സാരമില്ല ഏട്ടത്തി... ടൂർ പോയി വന്ന ക്ഷീണല്ലേ അതാവും "
വീണ അവനെ സപ്പോർട്ട് ചെയ്തുകൊണ്ടു ക്രോസ്സ് വിസ്താരം തുടർന്നു.
"ഹ്മ്മ്മ് ഒരു പണിയുമില്ലാണ്ട് ഇങ്ങനെ തെണ്ടി തിരിഞ്ഞു നടക്കലാണ് സാറിന്റെ ഹോബി"
ചിന്മയി പുച്ഛത്തോടെ അവനെ നോക്കി.
സ്വന്തം പെങ്ങളായി പോയി അല്ലേ ചവിട്ടി കൂട്ടി ആ മൂലക്കിട്ടേനെ ഞാൻ... പല്ലിറുമ്മിക്കൊണ്ട് അരുൺ മനസ്സിലോർത്തു.
എല്ലാവരും അരുണിനെ കളിയാക്കുന്നത് കണ്ട് ശ്രീക്കുട്ടിക്ക് ഒത്തിരി വിഷമം തോന്നി.
അവന്റെ മുഖം ഒന്ന് മങ്ങിയതും അത് തനിക്ക് സഹിക്കാൻ പോലും പറ്റുന്നില്ലെന്നുള്ള വസ്തുത അപ്പോഴാണ് അവൾ ഞെട്ടലോടെ തിരിച്ചറിഞ്ഞത്.
💬 Comments
View all comments