Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]
...
"പണത്തിന്റെ മുൻപിൽ അങ്ങനെയൊന്നില്ല അമ്മാ...."
അജയ് യുടെ മറുപടി പെട്ടെന്നായിരുന്നു ...
അത് സത്യമാണെന്ന് അനുഭവത്തിലറിഞ്ഞ കാര്യമായതിനാൽ അഭിരാമി തർക്കിക്കാൻ പോയില്ല ...
അനുഭവത്തേക്കാൾ വലിയ ഗുരു മറ്റൊന്നില്ലല്ലോ ..
വിനോദത്തിനു വന്നവർ വിലാപത്തിലകപ്പെട്ട പോലെ ഇരുവരും മുഖത്തോട് മുഖം നോക്കിയിരുന്നു ...
അജയ് ഇടയ്ക്കിടക്ക് വളഞ്ഞ കമ്പികൊണ്ട് കനലുകൾ ഇളക്കിയിടുന്ന ശബ്ദം മാത്രം ഹാളിൽ കേട്ടു ...
നിശബ്ദത മാത്രം ....!
രണ്ടാമതൊന്ന് ആലോചിക്കാതെ അമ്മ ഇവിടേക്ക് പോന്നത് മരണ ഭയം മൂലമാണെന്ന് അവന് മനസ്സിലായി ...
അല്ലാതെ ഏതു വഴിക്കു പോയാലും നാലു തവണ ആലോചിക്കുന്നവളാണ് അമ്മ ...
ഒരാളോടും അഭിപ്രായം ചോദിക്കാനോ പറയാനോ കഴിയാതെ , സകലരേയും സംശയത്തോടെ മാത്രം വീക്ഷിച്ച് കഴിയേണ്ടി വരുന്ന അവസ്ഥ ഭയാനകമാണെന്ന് അജയ് മനസ്സിൽ ഉൾക്കൊണ്ടു തുടങ്ങി..
പുരുഷനാണെങ്കിൽ അവൻ പിന്നെയും പിടിച്ചു നിൽക്കാൻ പറ്റും...
സ്ത്രീയാണെങ്കിൽ ...?
അതു മാത്രമേ തന്റെ അമ്മയ്ക്കും സംഭവിച്ചിട്ടുള്ളൂ എന്ന് പതിയെ പതിയെ അജയ് അറിഞ്ഞു തുടങ്ങി..
അമ്മ നോക്കിയത് തങ്ങളുടെ രക്ഷ മാത്രമാണ് .... അതിന് അമ്മയ്ക്ക് വിശ്വസിക്കാനായി ബാക്കിയുണ്ടായിരുന്ന ഒരേ ഒരാൾ വിനയനങ്കിൾ ആയിരുന്നു ... അയാൾ പറഞ്ഞു ... . അമ്മ അനുസരിച്ചു ... ഇതിന്റെ പേരിൽ അമ്മയെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലായെന്ന് അവന് മനസ്സിലായിത്തുടങ്ങി ...
മനസ്സ് ശാന്തമായപ്പോൾ അവന്റെ ചിന്തകൾക്ക് വെളിച്ചം വീണു ...
വിനയനങ്കിളിനെ ഒന്ന് വിളിച്ചാലോ എന്ന് അജയ് ഒരു നിമിഷം ആലോചിച്ചു ...
ഇരുട്ടു നിറഞ്ഞു തുടങ്ങുന്ന നേരത്ത് അരക്കിലോമീറ്റർ സഞ്ചരിക്കാനുള്ള മടി കൊണ്ട് അവനത് വേണ്ടാന്ന് വെച്ചു ...
ചെറിയൊരു ഭയം അവന്റെയുള്ളിലും നാമ്പെടുത്ത് തുടങ്ങിയിരുന്നു ...
പുറത്ത് ടി. വി. എസിന്റെ ശബ്ദം കേട്ടപ്പോൾ അജയ് എഴുന്നേറ്റു . അവൻ തുറന്ന വാതിലിലൂടെ മുനിച്ചാമി അകത്തേക്ക് കയറി വന്നു ...
അയാളുടെ കയ്യിൽ രണ്ട് വലിയ കവറുകൾ ഉണ്ടായിരുന്നു ...
"പുതപ്പും സെറ്ററുമാ..."
കവർ ടേബിളിലേക്ക് വെച്ചിട്ട് അയാൾ പറഞ്ഞു..
കോട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു കടലാസു പൊതി എടുത്ത് അയാൾ അജയ്ക്ക് നേരെ നീട്ടി ...
💬 Comments
View all comments