0%

Chapter Title : അശ്വതിയുടെ കഥ 2

Author : സ്മിത Read All Parts 3.9K

"ങേ? മണിപ്പാല്‍ എന്ജിനീയറിംഗ് കോളെജിലോ?" ഇത്തവണ അശ്വതിയുടെ അദ്ഭുതം വല്ലാതെ കൂടി. "എന്‍റെ സാറേ, അവിടെയാ എന്‍റെ മോനും. ഏതു സെമസ്റ്ററാ?"

താന്‍ എങ്ങനെയാണ് ഡോക്റ്റര്‍ നന്ദകുമാറിനെ സംബോധന ചെയ്തത്? പെട്ടെന്നവള്‍ ഓര്‍മ്മിച്ചു. 'എന്‍റെ സാറേ എന്ന്.' തന്‍റെ നാവിന് ഇന്ന് മുഴുവന്‍ ഗുളികനാണ്. എന്‍റെ ഈശ്വരാ സാര്‍ തീര്‍ച്ചയായും സ്വഭാവ ശുദ്ധിയില്ലാത്ത പെണ്ണ്‍ ആണ് താന്‍ എന്ന് കരുതുമല്ലോ.

"ഫസ്റ്റ് സെമസ്റ്റര്‍ തന്നെ അശ്വതി."

"മോള്‍ടെ പേരെന്താ?"

"ദിവ്യ. ദിവ്യ നന്ദകുമാര്‍. മോന്‍റെ പേര്?"

"സന്ദീപ്‌."

ചോദ്യത്തിനു ശേഷം അയാള്‍ അവരുടെ മുഖത്തേക്ക് പുഞ്ചിരിയോടെ നോക്കി. ആ നോട്ടം അശ്വതിക്ക് അഭിമുഖികരിക്കാനായില്ല. മഴവില്ലിലേക്ക് സാകൂതം നോക്കുന്ന ചിത്രകാരന്‍റെ ഭാവമായിരുന്നു, അപ്പോള്‍ അയാളുടെ മുഖത്ത്. അവള്‍ നാണിച്ച് വെളിയിലേക്ക് നോക്കി. ദൈവമേ, എന്താ ഇങ്ങനെ നോക്കാന്‍. ദേഹത്ത് മാത്രമല്ല. മനസ്സിനെ, ഹൃദയത്തെ, ആത്മാവിനെപ്പോലും തൊടുന്ന നോട്ടം. അട്ഭുതമെന്തെന്നാല്‍ താന്‍ ഒരു പതിനേഴ്‌ വയസ്സുള്ള പെണ്ണല്ല. നാല്‍പ്പതു കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഇങ്ങനെ താന്‍ നാണിക്കുന്നത്‌ ആരെങ്കിലും കണ്ടാല്‍ വൃത്തികേട് ആയിരിക്കില്ലേ,  പാര്‍വ്വതിയെപ്പോലെയാണ് എന്ന് തന്‍റെ ഭര്‍ത്താവടക്കമുള്ളവര്‍ പൊക്കിപ്പറഞ്ഞു തന്നെ കൊതിപ്പിക്കാന്‍ മത്സരിക്കുന്നുണ്ടെങ്കിലും? മധ്യപ്രായമുള്ള സ്ത്രീകള്‍ക്കൊക്കെ ഇങ്ങനയുള്ള ചിന്തകളുണ്ടാവുമോ? താന്‍ മാത്രമാണ് ഇങ്ങനെയെങ്കില്‍ മാനസികമായ എന്തോ പ്രശ്നം തനിക്കുണ്ട് എന്ന് തീര്‍ച്ചയാണ്.

അയാള്‍ പുഞ്ചിരിക്കുകയാണ്. തന്‍റെ കണ്ണിലേക്ക് തന്നെ നോക്കിക്കൊണ്ട്. അമ്പതു വയസ്സിന്‍റെ പഴക്കമുണ്ടോ ഈ സുന്ദരമായ മുഖത്തിന്‌? അമ്പത് വയസ്സ് സത്യമാണെങ്കില്‍ അത് എന്തുകൊണ്ടാണ് ഈ കണ്ണുകളിലെ കാന്തികതയെയും ചുണ്ടുകളുടെ ചുവപ്പിനേയും കവിളുകളുടെ ശോണിമയെയും ബാധിക്കാത്തത്‌?

പെട്ടെന്ന് അശ്വതി തിരിച്ചറിഞ്ഞു. തന്‍റെ കൌമാര സ്വപ്നങ്ങളിലെ രാജകുമാരന് ഈ മുഖമായിരുന്നു.

💬 Comments

View all comments