Chapter Title : ദേവരാഗം 13 [ദേവന്‍]
കട്ടിലില്‍ നിന്നും കുറച്ചു മാറി വലതു വശത്ത് നെരിപ്പോട്.. പിന്നെ ഒരു മേശ, കസേര അത്രയുമാണ് സൗകര്യങ്ങള്‍.. അല്ലെങ്കില്‍ തന്നെ ഹണിമൂണ്‍ കോട്ടേജിനു ഇത്രയും സൗകര്യം തന്നെ ധാരാളം..
ഞാന്‍ നെരിപ്പോട് കത്തിച്ച് മുറി ഒന്ന് ചൂടാകാന്‍ വച്ചിട്ട് മുറ്റത്തേയ്ക്കിറങ്ങി.. വലിയൊരു മലയ്ക്ക് മുകളില്‍ കയറി നില്‍ക്കുന്ന പ്രതീതിയാണ് അവിടെ നിന്നും നോക്കിയാല്‍.. വേലിക്കരുകില്‍ മുളകൊണ്ടുള്ള ഒരു ഇരിപ്പിടവും അതിനടുത്ത് ഒരു തൂണില്‍ സോളാര്‍ പാനലും ലൈറ്റും.. ആ ലൈറ്റിന്റെ വെളിച്ചം കഷ്ടി ആ ഇരിപ്പിടത്തിന്റെ ചുറ്റുവട്ടത്ത് മാത്രം കിട്ടും.. അതിനടുത്ത് പൂത്തുനില്‍ക്കുന്ന ചെമ്പകം.. അതിന്റെ വശ്യസൌരഭ്യം ആ മലയിടുക്കില്‍ മുഴുവന്‍ പരത്തിയോഴുകുന്ന ശീതവായു.. അകലെ പൌര്‍ണ്ണമി നിലാവ് ഉദിച്ചു നില്‍ക്കുന്നു.. പ്രണയാര്‍ദ്രമായ പ്രകൃതി.. അതിന്റെ മാസ്മരിക സൌന്ദര്യം ആസ്വദിച്ചു കൊണ്ട് നിന്നിരുന്ന അനു എന്റെ കാല്‍പ്പെരുമാറ്റം കേട്ട് തിരിഞ്ഞു.. നിലാവ് തോല്‍ക്കുന്ന അവളുടെ മുഖത്ത് ഒരു നിറഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു..
“..ദേവേട്ടന്‍ നന്നായി തമിഴ് സംസാരിക്കുന്നല്ലോ..?? അയാളെന്താ പറഞ്ഞേ..??” ദൈവമേ ഇവളുടെ വായില്‍ നാക്കുണ്ടായിരുന്നല്ലേ.. എനിക്കല്‍ഭുതം.. ഈ കോട്ടേജിന്റെ കുറച്ചുമാറി ഇതുപോലെ തന്നെ കുന്നിന്‍ചെരിവിലേയ്ക്ക് ഫെയ്സ് ചെയ്ത മറ്റ് നാല് കോട്ടേജുകള്‍ കൂടിയുണ്ട് എങ്കിലും ഏറ്റവും അങ്ങേഅറ്റത്തേതില്‍ മാത്രമേ ലൈറ്റുള്ളൂ.. ഇടയ്ക്കുള്ള മൂന്നിലും ഇന്ന് ഗസ്റ്റില്ല.. സത്യം പറഞ്ഞാല്‍ ഈ ലോകത്ത് ഞാനും അനുവും മാത്രം.. ആ ഒരു ഫീലിങ്ങാവണം അവളുടെ വായ തുറപ്പിച്ചത്... ഇരുകൈകളും മാറത്ത് ഇറുക്കിയണച്ച്, ചിറ്റകൊടുത്ത ഷാളും പുതച്ച് നില്‍ക്കുന്ന അവളെ തണുത്ത് വിറയ്ക്കുന്നുണ്ട്.. എന്നാലും നാട്ടിലെ ചൂട് കാലാവസ്ഥയില്‍ നിന്നും വയനാടിന്റെ കുളിരിലലിയുന്ന സുഖമാസ്വദിച്ച് നില്‍ക്കുകയാണവള്‍.
“..രാത്രിയില്‍ ഇവിടെ ആനയിറങ്ങും... അതുകൊണ്ട് ഭക്ഷണം കഴിക്കാന്‍ നമ്മള്‍ താഴേക്ക് പോയാലും ഗെയിറ്റടയ്ക്കാന്‍ മറക്കരുതെന്നാ അവന്‍ പറഞ്ഞത്..” അനു പേടിക്കുമെന്നറിയാമെങ്കിലും ആ പേടിയുടെ ഭംഗിയൊന്നു കാണാന്‍ ഞാന്‍ പറഞ്ഞു..
“..യ്യോ... ആനയോ... ദേവേട്ടാ എനിക്ക് പേടിയാ... നമ്മക്ക് താഴെ ഏതേലും കോട്ടേജില്‍ കിടക്കാം...” എന്റെ പ്രതീക്ഷ തെറ്റിയില്ല.. ആ പേടമാന്‍ കണ്ണുകളില്‍ ഭീതി പടര്‍ന്നു..
“...പിന്നേ...!! നമ്മള്‍ കിടന്നുറങ്ങുമ്പോ ആന വന്ന് നിന്നെ തൂക്കി എടുത്തോണ്ട് പോവും...”
“..യ്യോ.. ദേ... ദേവേട്ടാ ചുമ്മാ പേടിപ്പിക്കല്ലേ...
💬 Comments
View all comments