Chapter Title : ദേവരാഗം 16 [ദേവന്‍]
ഇത്രയും ദിവസം എനിക്കൊപ്പം ഉറങ്ങുമ്പോഴും നിന്റെ നെഞ്ചിലെ താളപ്പിഴകളില്‍ ഞാനറിഞ്ഞ കുറ്റബോധത്തിന് കാരണം..?? അതിന്റെ കൂടെ നിന്നെ ഒഴിവാക്കി ആദിയെ ആ സ്ഥാനത്ത് അവരോധിക്കാന്‍ ആഗ്രഹിക്കുന്ന അമ്മയുടെ പ്രവര്‍ത്തികളും നിന്നെ വേദനിപ്പിക്കുന്നുണ്ട്... ശരിയല്ലേ...??” അവളുടെ ആമ്പല്‍പ്പൂമുഖം കൈക്കുമ്പിളില്‍ താങ്ങുന്ന എന്റെ കൈപ്പത്തിയില്‍ കൈത്തലം ചേര്‍ത്ത് അവള്‍ പതുക്കെ തലയാട്ടി...
“...നിന്നെ ഞാനെത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്നും, നിന്റെ കൂടെ ഒരു ജീവിതം എത്രത്തോളം സ്വപ്നം കാണുന്നുണ്ട് എന്നും നിനക്ക് പറഞ്ഞാല്‍ മനസ്സിലാവില്ലനൂ... അത് നീ മനസ്സിലാക്കിയിരുന്നെങ്കില്‍ ഇങ്ങനെ നീയെന്നോട് പെരുമാറില്ലായിരുന്നു...” അരുതാത്തതെന്തോ ഞാന്‍ പറഞ്ഞതുപോലെ അവള്‍ ദയനീയമായി എന്നെ നോക്കി...
“...ഒരുമിച്ചൊരു ജീവിതം തുടങ്ങിയ ശേഷം പ്രണയിച്ചു തുടങ്ങിയവരാ നമ്മള്‍... നിന്നോട് എനിക്ക് തോന്നിയ ഇഷ്ടം തന്നെ നിനക്ക് എന്നോടും ഉണ്ടായിരുന്നു എന്നറിഞ്ഞ നിമിഷം ഞാന്‍ മനസ്സിലാക്കുകയായിരുന്നു ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് നമ്മള്‍ എത്രത്തോളം അടുത്തു കഴിഞ്ഞിരുന്നു എന്ന്.. എന്നിട്ടും രണ്ടുപേരും എല്ലാം തുറന്നു പറഞ്ഞുതന്നെയല്ലേ ശരീരംപോലും പങ്കിട്ട് സ്നേഹിച്ചു തുടങ്ങിയത്..?? അതുപോലെ എന്റെ ഭൂതകാലം അറിഞ്ഞിട്ടും നീയെന്നെ സ്നേഹിച്ചപ്പോള്‍ ആ ഇന്നലെകള്‍ മറന്നു തന്നെയാണ് ഞാനും നിന്നെയും സ്നേഹിച്ചത്... അത് നിനക്കും അറിയാവുന്നതല്ലേ അനൂ.. എന്നിട്ടും എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങളുടെ പേരില്‍ ഈ അകല്‍ച്ച...??” എന്റെ ശബ്ദം ഇടറിയിരുന്നു... അപ്പോഴും ഉത്തരം മൌനമായിരുന്നു... എങ്കിലും അവളുടെ കണ്ണുകള്‍ക്ക് ഒരുപാട് എന്തൊക്കെയോ എന്നോട് പറയാനുള്ളപോലെ... അത് ഞാന്‍ മനസ്സിലാക്കുന്നു എന്ന്‍ തോന്നിയതിനാലാവാം അവള്‍ കണ്ണുകളടച്ചു... തളംകെട്ടി നിന്ന വേദന അവളുടെ പൂങ്കവിളിലൂടെ ഒലിച്ചിറങ്ങി.. പക്ഷേ എന്റെ കണ്ണുനീര്‍ വറ്റിയിരുന്നു... നെഞ്ചിനുള്ളില്‍ ആര്‍ത്തലയ്ക്കുന്ന കടല്‍ കണ്‍പീലികളില്‍ തട്ടി പുറത്തേയ്ക്ക് ഒഴുകാതെ നിന്നു... മനസ്സില്‍ പൂവിട്ട മോഹങ്ങളൊക്കെ കൊഴിയുന്നപോലെ എനിക്ക് തോന്നി..
“...ഇനിയും നിനക്ക് ഞാന്‍ പറയുന്നതൊന്നും വിശ്വാസമല്ലെങ്കില്‍ വേണ്ട... നിന്റെ സ്നേഹത്തിന് ഞാന്‍ യോഗ്യനല്ല അനൂ... ആരെയും എന്റെ ജീവിതത്തില്‍ ഞാന്‍ പിടിച്ചു നിര്‍ത്താറില്ല... അതുകൊണ്ട് നിനക്ക് എന്നെ വിട്ടു പോകണമെങ്കിലും ആവാം.. പക്ഷേ അതിനു ശേഷം എനിക്കെന്ത് സംഭവിക്കും എന്ന്‍ പറയാന്‍ പറ്റില്ല... അങ്ങനെയൊരു വിധിയാണ് നീയെനിക്ക് സമ്മാനിക്കുന്നതെങ്കില്‍ എനിക്കെന്ത് സംഭവിച്ചാലും നീയെന്നെ തേടി വരരുത്...” സങ്കടംകൊണ്ട് എന്റെ തൊണ്ടയില്‍ ഉമിനീര്‍വറ്റി..
💬 Comments
View all comments