0%

Chapter Title : ദേവരാഗം 5 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1089

വേഗം പോകുവാണോ..?? ങ്ങഹാ നിനക്ക് കാണേണ്ടയാള് ഇവിടില്ലല്ലോ അല്ലേ..??” എന്നെയൊന്ന് ആക്കിയിട്ട് അമ്മായി ചിരിച്ചു..

ഉള്ളില്‍ ദേഷ്യം തോന്നിയെങ്കിലും പുറമേ ഒരു ചിരി വരുത്തി ഞാന്‍ അവിടെ നിന്നും ഇറങ്ങി... അശോകന്‍ മാമന്റെ വീട്ടിലും ഒന്ന് കേറി എല്ലാവരെയും കണ്ടിട്ട് ഞാന്‍ തിരിച്ച് മാണിക്യന്റെ വീട്ടിലേയ്ക്ക് ചെന്നു...

വഴിക്ക് വച്ച് ആദിയെ ഫോണ്‍ വിളിച്ചു നോക്കിയെങ്കിലും ലൈന്‍ കിട്ടിയില്ല.. ഞാന്‍ മാണിക്യന്റെ വീട്ടില്‍ കാണുമെന്ന് അവള്‍ക്ക് മെസ്സേജ് അയച്ചു.

മാണിക്യന്റെ വീട്ടില്‍ ഞാന്‍ ചെല്ലുമ്പോള്‍ അവനും പഞ്ചമിയും കൂടി തോട്ടത്തില്‍ നിന്നും കന്നാര പറിച്ചുകൊണ്ടിരിക്കുകയായിരുന്നു.. മല്ലിമോളും പഞ്ചമിയുടെ സാരിത്തുമ്പില്‍ തൂങ്ങി നടപ്പുണ്ട്.. ഞാന്‍ ചെന്ന്‍ മല്ലിമോളെയും കൂട്ടി അമ്പലപ്പറമ്പിലേയ്ക്ക് പോയി അവള്‍ക്ക് കളിപ്പാട്ടങ്ങളും ഐസ്ക്രീമും ഒക്കെ വാങ്ങിക്കൊടുത്ത് തിരികെ വന്നു..

അപ്പോഴും മാണിക്യനും പഞ്ചമിയും കന്നാരത്തോട്ടത്തില്‍ തന്നെയായിരുന്നു.. വെയില്കൊള്ളാന്‍ പറ്റില്ലാത്തത്കൊണ്ട് ഞാന്‍ വീട്ടില്‍ കയറി റ്റി.വി. വച്ച് കണ്ടുകൊണ്ട് ഹാളിലെ ദിവാന്‍കോട്ടില്‍ കിടന്നു.. മല്ലിമോള് എന്റെ മടിയിലിരുന്ന് അവളുടെ കളറിംഗ് ബുക്കിലെ ചിത്രങ്ങള്‍ക്ക് നിറം കൊടുത്ത് കൊണ്ട് കളിച്ചിരുന്നു..

ഞാനവിടെകിടന്ന്‍ ഒന്ന്‍ മയങ്ങി..

“..ആദിചേച്ചീ...” മല്ലിമോളുടെ വിളികേട്ട് ഞാന്‍ കണ്ണ്തുറന്നു നോക്കുമ്പോള്‍ വാതിക്കല്‍ ആദി നില്‍ക്കുന്നു.. പച്ചയില്‍ പൂക്കളുള്ള ഒരു സ്കിന്‍ ഫിറ്റ്‌ ചുരിദാറും വെള്ളലെഗ്ഗിങ്ങ്സും ആണ് അവളുടെ വേഷം.. മല്ലിമോള് എന്റെ മടിയില്‍ നിന്നിറങ്ങി ഓടി ആദിയുടെ അടുത്തേയ്ക്ക് ചെന്നതും അവള്‍ മോളെ എടുത്ത് കവിളില്‍ ഉമ്മവച്ചിട്ട് അവള്‍ കൊണ്ടുവന്ന ചോക്ലേറ്റ്സ് മോളുടെ കൈയില്‍ കൊടുത്തു..

“... നാന്‍ ആദിചേച്ചീനോട് പെണക്കാ... ഇത്തരേം നാളും മോളെക്കാണാന്‍  വന്നില്ലല്ലോ...???” മല്ലിമോള് ആദിയോട് പരിഭവിച്ചു..

“...അതിനെന്താ വാവേ.. ചേച്ചിക്ക് പരീക്ഷയായത് കൊണ്ടല്ലേ...!! ചേച്ചി ഇപ്പൊ വന്നില്ലേ...??” ആദി മല്ലിമോളെ കൊഞ്ചിച്ചുകൊണ്ട് മറുപടി പറഞ്ഞു..

ആദിയും ഞാനും തമ്മിലുള്ള ബന്ധം തുടങ്ങിയ നാള്‍ മുതല്‍ ഞാന്‍ നാട്ടില്‍ വന്നാല്‍ ഞങ്ങള്‍ കണ്ടുമുട്ടാറുള്ളത് മാണിക്യന്റെ വീട്ടില്‍ വച്ചായിരുന്നു.. അവള്‍ക്ക് മല്ലിമോളെ വലിയ കാര്യമാണ്.. മല്ലിമോള്‍ക്കാണെങ്കില്‍ ആദിയെ കിട്ടിയാ പിന്നെ ഭക്ഷണം പോലും വേണ്ട അവളുടെ മടിയില്‍ നിന്നിറങ്ങാതെ അവളോട് കൊഞ്ചിക്കൊണ്ടിരിക്കും.. ഞാന്‍ നാട്ടിലില്ലെങ്കില്‍ പോലും സാധാരണ എല്ലാ വീക്കെന്റുകളിലും ആദി ഇവിടെ വരാറുണ്ട്..

💬 Comments

View all comments