0%

Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]

Author : സാത്യകി Read All Parts 115637

ഉത്സവത്തിന് എഴുന്നള്ളത്തിന് തീവെട്ടി പിടിക്കുന്നത് മിക്കപ്പോഴും വിവാഹം കഴിക്കാത്ത ചെറുപ്പക്കാർ ആയിരിക്കും. അതിനൊരു കാരണം ഉണ്ട്.

ദേവിയുടെ എതിരേൽപ്പിന് തീവെട്ടി പിടിക്കുന്നവരുടെ വിവാഹം പെട്ടന്ന് നടക്കുമെന്നൊരു വിശ്വാസം നാട്ടിൽ ഉണ്ട്. പലരുടെയും കല്യാണം നടന്ന കഥ തനിക്ക് തന്നെ നേരിട്ട് അറിയാം..

എന്റെ മനസ്സിൽ ശിവയെ സ്വന്തം ആക്കാൻ തോന്നിയ വഴി ആ തീവെട്ടി പിടിക്കൽ ആയിരുന്നു..

അവധി തുടങ്ങുന്ന സമയത്തു ആണ് അവിടെ സാധാരണ ഉത്സവം വരാറുള്ളത്. അല്ലെങ്കിൽ പരീക്ഷക്ക് ഇടയിൽ. ഞാൻ ഓടിപോയി കലണ്ടറിൽ നാള് നോക്കി..

കൊടിയേറ്റ് കഴിഞ്ഞു.. നാട്ടിൽ ഇപ്പോൾ ഉത്സവം ആണ്.. ഞാൻ കാണാതെ പോയ അവിടുത്തെ ആദ്യത്തെ കൊടിയേറ്റ് ആയിരിക്കും അത്.. അവിടെ ഉത്സവം നടക്കുന്നത് പോലും ഞാൻ ഓർത്തതെ ഇല്ല.

മൊത്തത്തിൽ ഞാൻ ഇങ്ങോട്ട് പറിച്ചു നട്ടത് പോലെ എനിക്ക് തോന്നി. പതിനെട്ടു വർഷം മഞ്ഞനിക്കടവിൽ കഴിഞ്ഞതിനേക്കാൾ ആഴത്തിൽ ഒറ്റ വർഷത്തിൽ പൊന്മല എന്നിൽ അലിഞ്ഞു ചേർന്നിരുന്നു..

നാട്ടിൽ ഉത്സവം ആയപ്പോൾ ഒരു ദിവസം എങ്കിലും അവിടെ പോയി നിക്കണം എന്ന് ഞാൻ അപ്പോൾ തീർച്ചപ്പെടുത്തി. എന്നിട്ട് തീവെട്ടി എടുക്കണം.

പക്ഷെ ഇവിടെ നിന്ന് എന്നെ വിടുമോ..? എന്റെ നാട് അല്ലേ.. എനിക്ക് അവിടെ പോകാൻ ആരുടെയും അനുവാദം വേണ്ട. പക്ഷെ അതല്ല മര്യാദ.

മാത്രമല്ല ഈ തീവെട്ടി കഥ പറയാനും പറ്റില്ല. മറ്റെന്തെങ്കിലും കാരണം പറഞ്ഞു നാട് വരെ പോകണം..

അതിന് ഞാൻ ഒരു കള്ളം പറഞ്ഞു. എല്ലാ വർഷവും ഉത്സവത്തിന് നാട്ടിൽ നടത്തുന്ന ഒരു വഴിപാട് ഉണ്ട്. അമ്മയായി നടത്തി കൊണ്ട് പോന്നത് ആണ്.

പിന്നെ ഞാൻ അത് ഒറ്റയ്ക്ക് നടത്തി പോന്നു. ഇപ്പോൾ നാട്ടിൽ ഉത്സവം നടക്കക്കുകയാണ്. അത് കൊണ്ട് അവിടെ വരെ പോവേണ്ട ആവശ്യം ഉണ്ട്.

ഞാൻ അമ്മയോട് കാര്യം അവതരിപ്പിച്ചു. പക്ഷെ അമ്മയ്ക്ക് വരാൻ പറ്റുന്ന സാഹചര്യം ആയിരുന്നില്ല. അത് കൊണ്ട് തന്നെ എന്നെ ഒറ്റയ്ക്ക് വിടാനും ഒരു മടി.

എനിക്കത് അറിയാമായിരുന്നു. ഒറ്റയ്ക്ക് എന്നെ അമ്മ വിടുമോ എന്നത് മാത്രം ആയിരുന്നു എന്റെ സംശയം. അത് എന്തായാലും അവസാനം നടന്നു.

💬 Comments

View all comments