Chapter Title : എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]
അപ്പോൾ ഞാനും ആ സീറ്റിലിരുന്നവളും ഒരേസമയമാകാംഷയോടെ മീനാക്ഷിയെ നോക്കിപ്പോയി...
ഇതെന്തിനുള്ള പുറപ്പാടാണെന്നറിയില്ലല്ലോ...
""...ഇറങ്ങിങ്ങോട്ട്..!!"""_ അവളാജ്ഞാസ്വരത്തിൽ മൊഴിഞ്ഞതും ഇതെന്തു കൂത്തെന്നമട്ടിൽ
അവിടിരുന്നവളെന്നെ നോക്കി...
""...എടീ... അവളവിടിരിയ്ക്കുവല്ലേ... നീയിങ്ങുവാ മീനാക്ഷീ..!!"""_ ഉടനെ പിന്നിലിരുന്ന ചേച്ചി കുറച്ചൊതുങ്ങിയിരുന്നവളെ അങ്ങോട്ടേയ്ക്കു ക്ഷണിച്ചു...
""...ഇല്ല... എനിയ്ക്കു ഫ്രണ്ടിലിരിയ്ക്കണം... ദിവ്യേ... മ്മ്മ്.! ഇറങ്ങി പിന്നിലിരി..!!"""_ അധികാരത്തോടുള്ള അവൾടെ വർത്താനങ്കേട്ടതും എനിയ്ക്കു ചൊറിഞ്ഞുവന്നെങ്കിലും അവൾടെ ഉദ്ദേശമെന്താണെന്നറിയാതെ പ്രതികരിയ്ക്കാൻ പറ്റാത്തൊരവസ്ഥയായ്രുന്നു...
എങ്കിലും,
""...ആ ചേച്ചിയാദ്യമേ കേറീതല്ലേ... ഇനിയിറങ്ങുവൊന്നും വേണ്ട... മീനുവേച്ചി
പുറകിക്കേറ്..!!"""_ അവള് മുമ്പിൽ കയറിയാലുണ്ടാകാവുന്ന എന്റെ മാനസികസമ്മർദ്ദം കുറയ്ക്കാൻ ഞാനൊരിലയ്ക്കും മുള്ളിനും കേടില്ലാത്ത നമ്പറിട്ടുനോക്കി...
പക്ഷേ എന്റെയാ ഉപായത്തിന് എന്നെയൊന്നു തുറിച്ചു നോക്കിയതല്ലാതെ മറുപടിയൊന്നുംതന്നില്ല...
എന്റെവാക്കിന് പുല്ലുവിലതരാതിരുന്നപ്പോഴേ ഞാൻപ്ലിങ്ങിയെന്നു പ്രത്യേകംപറയേണ്ടല്ലോ...
അതോടെ ഞാൻസൈലന്റായി...
""...എടീ... നിന്നോടല്ലേപറഞ്ഞേ ഇറങ്ങി ബാക്കിലിരിയ്ക്കാൻ..!!"""_ മീനാക്ഷിയുടെ സ്വരമൊന്നുകൂടി ഉയർന്നതും ദിവ്യയെന്തൊക്കെയോ പിറുപിറുത്തുകൊണ്ട് പുറത്തേയ്ക്കിറങ്ങി...
അയ്യോ ചേച്ചീ പോവല്ലേന്നമട്ടിൽ ഞാനവളെ നോക്കിയെങ്കിലും അവളപ്പോഴേയ്ക്കും പിന്നിലെഡോറ് തുറന്നുകഴിഞ്ഞിരുന്നു...
യുദ്ധം ചെയ്തുമേടിച്ച മുൻസീറ്റിലേയ്ക്ക് ചെറിയൊരു പുഞ്ചിരിയോടെ നോക്കിയശേഷം സാരിയുടെമുന്താണി പിന്നിൽനിന്നും വലിച്ചു മടിയിലേയ്ക്കാക്കിക്കൊണ്ട് മീനാക്ഷിയവിടേയ്ക്കു കേറിയിരുന്നു...
""...ഹായ്.! സോറി ഹീറോ... ഞാനല്പം ലേറ്റായിപ്പോയി... നല്ലൊരു പരിപാടിക്കുപോകുമ്പോൾ നമ്മളും നന്നായി ഒരുങ്ങിയിറങ്ങണ്ടേ..?? അതാ..!!"""_ അവളൊരു നിറഞ്ഞചിരിയോടെ കൈവീശിക്കാണിച്ചുപറഞ്ഞതും ഞാനിതിൽപരമില്ലാതൊന്നു ഞെട്ടി...
...ഇവളിതെന്തോ ഭാവിച്ചാ..?? ഇനിയെന്തേലും അർത്ഥംവെച്ചാണോ അങ്ങനെപറഞ്ഞത്..??
""...എന്താ നോക്കിക്കൊണ്ടിരിയ്ക്കുന്നേ..?? വണ്ടിയെടുക്ക് ഹീറോ... നമുക്കുപോണ്ടേ..??"""_ അവളെത്തന്നെ
നോക്കിയിരുന്ന എന്റെ കണ്ണുകൾക്കുനേരേ കൈവീശിക്കൊണ്ട് മീനാക്ഷിചോദിച്ചതും ഞാനൊന്നുംമിണ്ടാതെ മുഖംനേരേതിരിച്ച് വണ്ടി സ്റ്റാർട്ട്‌ചെയ്തു...
ഇടയ്ക്ക് ഗിയർലിവർതട്ടാനായി ഇടതുകൈനീട്ടുന്നതിനിടയ്ക്ക് ഞാനവളെയൊന്നു പാളിനോക്കിയതും, അത്രയുംനേരമെന്നെ നോക്കിയിരുന്നയവൾ വെളുക്കെയൊന്നു ചിരിച്ചു...
അതിനൊപ്പം ഇടതുകണ്ണിറുക്കി കാണിയ്ക്കുകകൂടി ചെയ്തതോടെ അവളെന്തൊക്കെയോ കരുതിക്കൂട്ടിയുള്ള വരവാണെന്നെനിയ്ക്കു പൂർണ്ണബോധ്യവുമായി...
""...ചേച്ചീടെ കല്യാണങ്കഴിഞ്ഞാൽ അടുത്തതു നിന്റെ കല്യാണന്തന്നേടാ..??"""_ കുറേനേരത്തെ മരണവീടിനുസമാനമായ നിശ്ശബ്ദതയ്ക്കുശേഷം എന്തെങ്കിലും മിണ്ടാണമല്ലൊന്നുകരുതി പിന്നിൽനടുക്കായിരുന്ന ചേച്ചിചോദിച്ചതും, ഞാൻ മിററിലൂടവരെ വെറുപ്പോടൊന്നു നോക്കി...
അല്ല, അടുത്തത് അമ്മേടെയാന്നു പറയാൻഭാവിച്ചതാ...
പിന്നെ വന്നുടനേ പെണ്ണിന്റനിയന്റെ തനിക്കൊണം കാണിയ്ക്കണ്ടെന്നു കരുതി....
""...അപ്പോളാരേങ്കിലും കണ്ടുവെച്ചിട്ടുണ്ടോ..??
അതോ ഞങ്ങളാരേങ്കിലും കണ്ടുപിടിയ്ക്കണോ..?? അല്ലെങ്കിൽ ഞങ്ങളിൽചിലരും ഫ്രീയാട്ടോ, വേണോങ്കി പറഞ്ഞാമതി..!!"""_ ദിവ്യേച്ചിയാണതു പറഞ്ഞത്...
മൊത്തത്തിൽ മീനാക്ഷിയുടെ നോട്ടവും ഭാവവുമൊന്നും മനസ്സിലാകാതിരുന്ന എനിയ്ക്ക് അവളുമാരുടെ തമാശയൊന്നുമത്ര പിടിയ്ക്കുന്നുണ്ടായ്രുന്നില്ല...
""...നീയൊന്നുമാരേം അത്രകഷ്ടപ്പെട്ടു കണ്ടുപിടിയ്ക്കണ്ട... നമ്മളെല്ലാമിവടെ സെറ്റാണ് മോളേ..!!"""_ അത്രയുംനേരം എന്നെയുംനോക്കി പുഞ്ചിരിച്ചും കണ്ണിറുക്കിയുമിരുന്ന മീനാക്ഷി ചാടിക്കേറിയങ്ങനെ പറഞ്ഞപ്പോൾ ഞാനൊന്നുപകച്ചുപോയി...
""...ആണോടാ..?? ഇവളുപറയുന്ന സത്യാണോ..??
ആളെയൊക്കെ നേരത്തേകൂട്ടി കണ്ടുവെച്ചിട്ടുണ്ടോ..??
ആരാ ആള്..?? കൂടെ പഠിയ്ക്കുന്നതാണോ..??"""_ ദിവ്യ മെനെക്കെട്ടിരുന്ന് ചോദ്യങ്ങളെ വാരിയെറിഞ്ഞപ്പോൾ ഞാൻ തലചെരിച്ചു രൂക്ഷമായി മീനാക്ഷിയെയൊന്നു നോക്കി... ഇതെല്ലാംകേട്ടിട്ട് ആ നാറിയപ്പോൾ വായപൊത്തിച്ചിരിച്ചു...
💬 Comments
View all comments