Chapter Title : ഹൃദയത്തിന്റെ ഭാഷ 3
റീഗലിന്റെ ഫോൺ ശബ്ദിച്ചു. അവൾ ഫോണെടുക്കുകയും ഉടൻ വരാം എന്ന് അറിയിക്കുകയും എന്നെ നോക്കി തിടുക്കപ്പെടുകയും ചെയ്തു . കൌതുകത്തോടെ അവളുടെ ഭാവ ചലനങ്ങൾ വീക്ഷിച്ച് ഒരു നിമിഷം നിന്നിട്ട് ഞാൻ അകത്തു പോയി ഡയറി കൊണ്ടു വന്ന് അവൾക്ക് കൈമാറി . തട്ടിപ്പറിക്കും പോലെ അത് കൈവശപ്പെടുത്തിയിട്ട് അവളൊന്നുകൂടി മനോഹരമായി ചിരിച്ചു . 'നിനക്ക് വേണമെങ്കില് ഇത് ഇവിടെ വച്ചു വായിക്കാം റീഗൽ. തന്നു വിടാൻ ബുദ്ധിമുട്ടുണ്ട്.' ഗൌരവത്തിലാണ് പറഞ്ഞതെങ്കിലും അത്രയും നേരം കൂടി അവളെ കണ്ടുകൊണ്ടിരിക്കാമല്ലോ എന്ന ചിന്തയായിരുന്നൂ മനസ്സില് . മുഖം മങ്ങിയെങ്കിലും റീഗൽ ഡയറിയുമായി സെറ്റിയിൽ ഇരുന്നു . 'നിനക്ക് കുടിക്കാന് എന്തെങ്കിലും വേണോ?' ഞാൻ ടി വി ഓൺ ചെയ്യുന്നതിനിടയിൽ അന്വേഷിച്ചു . അവളതു കേട്ടില്ലെന്ന് തോന്നി . സിനിയുടെ കൊലപാതകം എന്ന ആവേശത്തോടെയുള്ള അലർച്ച കേട്ടപ്പോള് ഞാൻ ന്യൂസ് ചാനലിലേക്ക് തുറിച്ചു നോക്കി. 'സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന സിനിയുടെ കൊലപാതകത്തെ പറ്റിയുള്ള വാർത്തകളും തെളിവുകളും നിഷേധിക്കാൻ പറ്റാത്ത സാഹചര്യത്തില് കേസിനെ കൂടുതൽ ഗൗരവത്തോടെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു' ചാരിതാർത്ഥ്യത്തോടെ ഞാൻ സ്ക്രീനിലേക്ക് ഉറ്റുനോക്കി. 'ആദ്യ തെളിവുകള് വിരൽ ചൂണ്ടുന്നത് ബംഗാളില് നിന്നുള്ള തൊഴിലാളി യുവാവിലേക്കാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു ' വിശദമായി വാർത്തകളിലേക്ക് പോയപ്പോൾ ഞാൻ പിന്തിരിഞ്ഞു. 'എടീ.. ലക്ഷണം കണ്ടിട്ട് കേസ് നിന്റെ നാട്ടുകാരന്റെ തലയിൽ കെട്ടി വയ്ക്കാനുള്ള പുറപ്പാടാ. കൊൽക്കത്തയിൽ നീ എവിടെയായിരുന്നു?' ചോദ്യവുമായി തിരിഞ്ഞു നോക്കിയ ഞാൻ സ്തംഭിച്ചുപോയി. അവിടെ റീഗൽ ഉണ്ടായിരുന്നില്ല !എന്റെ ഡയറിയും... (തുടരും)
💬 Comments
View all comments