Chapter Title : ഇടവപാതിയിലെ ആദ്യാനുരാഗം 1 [കാവൽക്കാരൻ]
മഴ പെയ്തു തോർന്നതിന്റെ ആലസ്യത്തിൽ, മരച്ചില്ലകളിൽ നിന്ന് ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ കുളത്തിലെ ശാന്തമായ വെള്ളത്തിൽ ചെറിയ ഓളങ്ങൾ തീർക്കുന്നുണ്ട്. ഒരു വശത്തായി വിരിഞ്ഞു നിൽക്കുന്ന ചുവന്ന ആമ്പൽപ്പൂക്കളും അതിനിടയിലൂടെ നീന്തുന്ന പരൽമീനുകളും ആ കുളത്തിന്റെ ഭംഗി ഒന്നുകൂടി കൂട്ടി. ചെത്തിമിനുക്കിയ വലിയ കരിങ്കൽപ്പടവുകൾ താഴെ വെള്ളത്തിലേക്ക് ഇറങ്ങിക്കിടപ്പുണ്ടായിരുന്നു. കുളത്തിലെ വെള്ളം തൊട്ട് വീശുന്ന കാറ്റിന് വല്ലാത്തൊരു കുളിരുണ്ടായിരുന്നു.
ജാനകി തനുവിനെയും കൂട്ടി ആ കൽപ്പടവുകളിലേക്കിറങ്ങി. ശേഷം കുളത്തിലെ തണുത്ത വെള്ളം കൈക്കുമ്പിളിലെടുത്ത് തനുവിന്റെ വിലകൂടിയ ചുരിദാറിലും കൈകളിലും പറ്റിപ്പിടിച്ചിരുന്ന ചെളിപ്പാടുകൾ പതിയെ കഴുകിക്കളയാൻ തുടങ്ങി. എന്നാൽ തനുവിന്റെ മുഖത്തെ കോപം അപ്പോഴും ഒട്ടും കുറഞ്ഞിരുന്നില്ല. അവളുടെ ഉള്ളിലെ അഹങ്കാരവും പുച്ഛവും ആ നിമിഷം തിളച്ചുമറിയുകയായിരുന്നു.
"ആരാടീ ആ തെമ്മാടി? എന്ത് ധൈര്യത്തിലാ അവൻ എന്റെ ദേഹത്ത് കൈ വെച്ചത്? കണ്ടാൽ വല്ല തെരുവിൽ കൂലിപ്പണിക്ക് പോകുന്നവനാണെന്നേ തോന്നൂ... അവനൊക്കെ എന്താടീ ഇത്ര അഹങ്കാരം? എന്റെ ഡ്രസ്സ് നശിപ്പിച്ചതും പോരാതെ എന്നെ നോക്കി പുച്ഛിച്ച് ചിരിക്കുന്നു.... ഏത് കാട്ടുവാസി ആണവൻ?"
ചെളി കഴുകുന്നതിനിടയിൽ, പല്ലിറുമ്മിക്കൊണ്ട് വളരെ മോശമായ രീതിയിൽ തനു ചോദിച്ചു
തനുവിന്റെ ആ വാക്കുകൾ കേട്ട് ജാനകിയുടെ കൈകളൊന്നു നിശ്ചലമായി. അവളുടെ മുഖത്തൊരു വല്ലായ്മ നിറഞ്ഞു. കൂട്ടുകാരിയുടെ ദേഷ്യം മനസ്സിലാക്കാമെങ്കിലും, അവൾ അങ്ങനെ ചോദിച്ചത് ജാനകിക്ക് ഒട്ടും പിടിച്ചിരുന്നില്ല.
തനുവിന്റെ ആ ചോദ്യത്തിന് മറുപടി പറയാതെ ജാനകി മൗനം പാലിച്ചു.
അവളുടെ മുഖത്തെ വല്ലായ്മ തനു ശ്രദ്ധിച്ചില്ല.
ജാനകി വീണ്ടും ആ കൽപ്പടവിലിരുന്ന് കുളത്തിലെ തണുത്ത വെള്ളം കോരി തനുവിന്റെ വസ്ത്രത്തിലെ ചെളിപ്പാടുകൾ കഴുകിക്കളയുന്നതിൽ മാത്രം ശ്രദ്ധിച്ചു.
💬 Comments
View all comments