Chapter Title : ഇതൾ 🍃 1 [Mayakannan]
എന്റെ സങ്കല്പങ്ങളിലെ വധുവുമായി അവൾക്ക് യാതൊരു സാമ്യവുമില്ല. ഈ കാര്യം വീട്ടിൽ പലതവണ ചർച്ചയ്ക്ക് വന്നിട്ടുണ്ട്.
അപ്പോഴൊക്കെ എന്റെ ഭാഗത്ത് നിന്ന് സംസാരിക്കാൻ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്റെ മേമ.
"അവന് ഇഷ്ടമുള്ള പെണ്ണിനെ അവൻ കല്യാണം കഴിക്കട്ടെ. ആരുടെ കൂടെ ജീവിക്കണം എന്നുള്ളത് അവന്റെ മാത്രം തീരുമാനമാണ്. അതിൽ അഭിപ്രായം പറയാൻ നമുക്കാർക്കും അവകാശമില്ല,"
എന്ന് മേമ എപ്പോഴും ഉറപ്പിച്ചു പറയുമായിരുന്നു.
ഞാൻ പറയുന്നത് എപ്പോഴും ശരിയാണെന്ന് വിശ്വസിക്കുന്ന ഒരാൾ. അതാണ് ഞാനും മേമയും തമ്മിലുള്ള ആ ഒരു പ്രത്യേക ബോണ്ട്. എനിക്ക് വേണ്ടി സ്വന്തം വീട്ടുകാരോട് പോലും തർക്കിക്കാൻ മേമ എപ്പോഴും തയ്യാറായിരുന്നു…
മേമയുടെ വിരലുകൾ എന്റെ മുടിയിഴകളിൽ നിന്ന് പെട്ടെന്ന് നിശ്ചലമായത് പോലെ തോന്നി. ഞാൻ പതുക്കെ കണ്ണ് തുറന്ന് നോക്കുമ്പോൾ മേമ എന്തോ ആലോചനയിലായിരുന്നു.
മുഖത്തെ ആ ചിരി മാഞ്ഞുപോയിരിക്കുന്നു. പെട്ടെന്ന് എന്തോ ഓർമ്മ വന്നതുപോലെ മേമ എന്റെ തല പതുക്കെ താഴേക്ക് വെച്ചിട്ട് ചാടി എഴുന്നേറ്റു.
"അയ്യോ... സമയം പോയതറിഞ്ഞില്ല! ഇനിയിപ്പോ നാലുകാലിൽ വരും അങ്ങേരു... എടി ഞാൻ പോകുവാ, നാളെ കാണാം. പോട്ടെടാ ചക്കരേ..."
ധൃതിയിൽ എന്നെയൊന്ന് നോക്കി ചിരിച്ചിട്ട് മേമ പോകാൻ തിരിഞ്ഞു. ആ വാക്കുകളിൽ ഒളിപ്പിച്ചുവെച്ച ഭയവും സങ്കടവും എനിക്ക് നന്നായി മനസ്സിലാകുന്നുണ്ടായിരുന്നു. ചെറിയച്ഛന്റെ കാര്യമാണ് പറയുന്നത്.
ഇരുട്ടിവെളുത്താൽ പിന്നെ കുടി തുടങ്ങുന്ന ആ മനുഷ്യനെ പേടിച്ചാണ് മേമ ഇപ്പോൾ ഇത്രയും ധൃതിയിൽ ഇറങ്ങുന്നത്.
"ഹാ... എന്തെങ്കിലും കഴിച്ചിട്ട് പോകാമെടി..."
കൈയിലൊരു പ്ലേറ്റുമായി അടുക്കളയിൽ നിന്നും പുറത്തേക്ക് വന്നുകൊണ്ട് അമ്മ പറഞ്ഞു. മേമയുടെ ധൃതി കണ്ടിട്ടാകണം, അമ്മയുടെ മുഖത്തും ഒരു നേരിയ സങ്കടം മിന്നിമറഞ്ഞു.
"ഇപ്പോഴും നല്ല കുടിയുണ്ടല്ലേടി അവന്?"
അമ്മ ചോദിച്ചു.
അതിന് മറുപടിയായി മേമ ഒന്നുമൂളുക മാത്രം ചെയ്തു. കൂടുതൽ പറഞ്ഞാൽ ചിലപ്പോൾ ആ കണ്ണുകൾ നിറഞ്ഞേക്കുമെന്ന് മേമയ്ക്ക് അറിയാമായിരിക്കും. പെട്ടെന്ന് ആ വിഷയം മാറ്റാനായി മേമ ചോദിച്ചു.
"ശങ്കരേട്ടൻ വരാറായില്ലേ?"
എന്റെ അച്ഛൻ ജയശങ്കറിനെക്കുറിച്ചാണ് മേമ ചോദിക്കുന്നത്.
"എന്തോ ബിസിനസ്സ് കാര്യമായിട്ട് എറണാകുളം വരെ പോകും എന്ന് പറഞ്ഞിരുന്നു. ചിലപ്പോൾ നാളെയേ വരൂ..."
💬 Comments
View all comments