Chapter Title : ഇതൾ 🍃 4 [Mayakannan]
എങ്ങോട്ടാണ് കൊണ്ടുപോകാൻ പോകുന്നതെന്ന മധുരമായൊരു ആകാംക്ഷയോടെ ഞാൻ സീറ്റിലേക്ക് ഇരുന്നു…
വൈകുന്നേരം നാല് മണിയോടെ ഓഫീസ് വർക്കുകൾ ഒതുക്കി ഞാൻ താഴേക്കിറങ്ങി. മനസ്സിൽ പുതിയ സന്തോഷങ്ങളുടെ ഒരു തിരയിളക്കം തന്നെയുണ്ടായിരുന്നു. പാർക്കിംഗിൽ നിന്ന് പൾസറുമെടുത്ത് പട്ടത്തെയും പേരൂർക്കടയിലെയും വൈകുന്നേരത്തെ പതിവ് ട്രാഫിക്കിലൂടെ വണ്ടി പായിക്കുമ്പോൾ, തണുത്ത കാറ്റിലും നെഞ്ചിലൊരു വല്ലാത്ത കുളിർമ പടരുന്നുണ്ടായിരുന്നു. അടുത്ത ആഴ്ച കൊച്ചിയിലേക്ക്... ഒപ്പം അനുവും!
വീട്ടുപടിക്കൽ എത്തിയപ്പോഴാണ് പോർച്ചിൽ ഒതുക്കിവെച്ചിരിക്കുന്ന ആ നീല എൻടോർഖ് കണ്ണിൽപ്പെട്ടത്.
ഇവളിത് എപ്പയെത്തി?
വണ്ടി സ്റ്റാൻഡിലിട്ട് ഞാൻ ഉമ്മറപ്പടി കയറി. മുൻവാതിൽ പകുതി തുറന്നുകിടക്കുകയായിരുന്നു. അകത്തേക്ക് കാലെടുത്തുവെച്ചപ്പോൾത്തന്നെ ഹാളിൽ നിന്ന് മേമയുടെയും ഹരണികയുടെയും പൊട്ടിച്ചിരികൾ കേട്ടു. രണ്ടുപേരും കൂടി സോഫയിലിരുന്ന് പഴയതെന്തോ പറഞ്ഞ് തമാശയിലാണ്. മേമയുടെ മുഖത്ത് ആ പഴയ തെളിച്ചവും ചിരിയും തിരിച്ചുവന്നത് കണ്ടപ്പോൾ ഉള്ളിലൊരു വലിയ സമാധാനം തോന്നി.
എന്റെ കാൽപെരുമാറ്റം കേട്ടതും ഹരണിക തലതിരിച്ചു നോക്കി. എന്നെ കണ്ടപാടെ അവളുടെ മുഖത്തൊരു ചിരി പടർന്നു.
"... ഹരി! ഇന്ന് നേരത്തെ കഴിഞ്ഞോ വർക്ക്?"
കയ്യിലിരുന്ന കുഷൻ മടിയിലേക്ക് വെച്ച് അവൾ കൗതുകത്തോടെ ചോദിച്ചു.മേമയും സ്നേഹത്തോടെ എന്നെ നോക്കി.
"നല്ല ക്ഷീണം കാണുമല്ലോ, ചായ എടുക്കട്ടെ നിനക്ക്?"
"ചായ പിന്നെ കുടിക്കാം മേമേ..."
ബാഗ് ടീപ്പോയിലേക്ക് വെച്ച് ഞാൻ ഹരണികയുടെ തൊട്ടടുത്തായി സോഫയിലേക്ക് ഇരുന്നു.
"ഇന്ന് ഓഫീസിൽ വലിയ പ്രഷറൊന്നും ഇല്ലായിരുന്നു. അതുകൊണ്ട് കുറച്ചു നേരത്തെ ഇങ്ങു പോന്നു."
ഷർട്ടിന്റെ കൈകൾ മുകളിലേക്ക് തെറുത്തുവെച്ച് ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു.
"അമ്മ എവിടെ മേമേ?."
"അവൾ അപ്പുറത്തെ ഉഷയുടെ വീട് വരെ ഒന്ന് പോയതാടാ,"
💬 Comments
View all comments