0%

Chapter Title : ഇതൾ 🍃 4 [Mayakannan]

തോളിലിരുന്ന ലാപ്ടോപ്പ് ബാഗ് ടീപ്പോയിലേക്ക് ഊരിവെച്ച് ഞാനും അവർക്കിടയിലേക്ക് കയറി ചാരിയിരുന്നു.

​എന്റെ നെടുവീർപ്പ് കേട്ടതും അമ്മ ടിവിയിൽ നിന്ന് കണ്ണെടുത്ത് തിരിഞ്ഞുനോക്കി.

​"ഡാ... നാളെ എപ്പോഴാ നീ പോണേ?"

​"ഒരു പന്ത്രണ്ട് മണിയാകുമ്പോ തമ്പാനൂർ സെൻട്രലിൽ എത്തണം. പന്ത്രണ്ടരയ്ക്കാ ട്രെയിൻ,"

തലയിണയിലേക്ക് തലചായ്ച്ച് ഞാൻ പറഞ്ഞു.

"അഭിയോട് ഞാൻ പറഞ്ഞിട്ടുണ്ട്... അവൻ വണ്ടിയുമായി വന്നോളാം എന്നാ പറഞ്ഞെ."

​"അവനാണോ നിന്നെ കൊണ്ട് വിടുന്നെ….ഹാ അവന്റെ വണ്ടി ഓടിക്കലിന്.. ഇവിടന്ന് വെളുപ്പിനെ ഇറങ്ങിയാലും സമയത്തിന് എത്തൂല"

മേമ ടിവി റിമോട്ട് മടിയിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു. ​മേമ പറഞ്ഞതുകേട്ട് ഞാൻ ചിരിച്ചെങ്കിലും, അമ്മയുടെ മുഖത്ത് പെട്ടെന്നൊരു മ്ലാനത പടർന്നു. നെഞ്ചിൽ കൊളുത്തിവലിച്ചതുപോലെ അമ്മ എന്നെത്തന്നെ ഉറ്റുനോക്കി..

​"അപ്പൊ... ഇനി നീ ഇങ്ങോട്ടൊന്നും ഉടനെ വരില്ലേടാ?"

​ആ ചോദ്യത്തിൽ ഒരു പെറ്റതള്ളയുടെ നെഞ്ചിടിപ്പ് മുഴുവൻ ഉണ്ടായിരുന്നു.

​"എന്റെ പൊന്നമ്മേ..."

ഞാൻ അമ്മയുടെ തോളിൽ കൈയിട്ട് ചിരിയോടെ ചേർത്തുപിടിച്ചു.

"ഓഫീസിൽ വീക്ക് ഓഫൊക്കെ കിട്ടില്ലേ? അപ്പൊപ്പിന്നെ ട്രെയിൻ കേറി ഇങ്ങു പോരാൻ എനിക്ക് എത്ര സമയം വേണം..? അല്ലാതെ ഈ നാല് മാസവും ഞാൻ അവിടെത്തന്നെ പറ്റിപ്പിടിച്ച് അടയിരിക്കാൻ പോവുകയൊന്നുമല്ല. ചുമ്മാ ഓരോന്ന് ആലോചിച്ച് കാടുകയറാതെ."

​"അതെന്നെ..."

മേമ അമ്മയുടെ കയ്യിൽ തട്ടി ഇടയിൽ കയറി.

"അവന്റെ ഓരോ കാര്യത്തിലും നീ ഇങ്ങനെ വെറുതെ കയറി ഇടങ്കോലിടാതെ അവനെ സ്വസ്ഥമായി വിട്. അവൻ പഴയതുപോലെ ട്രൗസറുമിട്ട് ഓടിനടക്കുന്ന കൊച്ചു പയ്യനൊന്നുമല്ലല്ലോ. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ള ചെറുപ്പക്കാരനല്ലേ?”

​മേമയുടെ ആ പക്വതയുള്ള സംസാരം കേട്ടപ്പോൾ അമ്മ പതിയെ ഒരു നെടുവീർപ്പോടെ ചിരിച്ചു.

💬 Comments

View all comments