Chapter Title : ഇതൾ 🍃 4 [Mayakannan]
ചീനവലകളും വെളിച്ചത്തിൽ കുളിച്ചുനിൽക്കുകയായിരുന്നു. പാതയോരത്തെ സോഡിയം വിളക്കുകളുടെ മഞ്ഞവെളിച്ചത്തിൽ ആളുകൾ തിരക്കോടെ നടന്നുനീങ്ങുന്നുണ്ട്. കാക്കനാടിന്റെ ഐടി ഗ്രാമത്തിൽ നിന്ന് നഗരത്തിന്റെ ഈ തുറന്ന തീരത്തേക്ക് എത്തിയപ്പോൾത്തന്നെ വല്ലാത്തൊരു ഫ്രഷ്നസ്സ് തോന്നി.
നടപ്പാതയിലൂടെ ഞങ്ങൾ തോൾ തൊട്ടുരുമ്മി പതുക്കെ നടന്നു. കാറ്റിൽ പാറിവീഴുന്ന അവളുടെ മുടിയിഴകൾ കൈകൾ കൊണ്ട് ഒതുക്കി, ചുറ്റുമുള്ള കാഴ്ചകൾ കണ്ട് കൊച്ചുകുട്ടികളെപ്പോലെ അവൾ ഓരോന്ന് ചൂണ്ടിക്കാണിച്ചു ചിരിക്കുന്നുണ്ടായിരുന്നു. കടലിൽ നിന്നടിക്കുന്ന കാറ്റിലും അവളുടെ ആ പ്രിയപ്പെട്ട പെർഫ്യൂമിന്റെ ഗന്ധം എന്റെ നാസികയിലേക്ക് അരിച്ചെത്തുന്നുണ്ടായിരുന്നു. അവളുടെ ഓരോ പൊട്ടിച്ചിരിയിലും, ആ കണ്ണുകളിലെ തിളക്കത്തിലും ഞാൻ സ്വയം നഷ്ടപ്പെടുകയായിരുന്നു. ഉള്ളിലുള്ള പ്രണയത്തിന്റെ ആഴം അളവറ്റ രീതിയിൽ വർദ്ധിക്കുന്നൊരു അനുഭൂതി. അനുവിനും എന്റെ സാമീപ്യം അത്രയേറെ പ്രിയപ്പെട്ടതാണെന്ന് ആ മുഖത്തെ അയഞ്ഞ ഭാവം വിളിച്ചുപറയുന്നുണ്ടായിരുന്നു.
റെയിൻബോ ബ്രിഡ്ജിന്റെ താഴെ എത്തിയപ്പോൾ ഒരു ചെറിയ കോഫി കിയോസ്ക് എന്റെ കണ്ണിൽപ്പെട്ടു.
"അനു... ദേ അവിടുന്ന് ഒരു കോഫി കുടിച്ചാലോ?"
ഞാൻ കടയിലേക്ക് വിരൽ ചൂണ്ടി.
അനു എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.
ചൂടുള്ള രണ്ട് ഫിൽട്ടർ കോഫിയുമായി ഞങ്ങൾ കായലിന്റെ കൈവരിയിലേക്ക് ചാരിനിന്നു. കടൽക്കാറ്റിൽ കോഫിയിൽ നിന്നുള്ള നേർത്ത ആവി ചുരുളുകളായി പറന്നുയരുന്നുണ്ടായിരുന്നു. കടലിന്റെ ഓളങ്ങളിലേക്ക് നോക്കി കപ്പിൽ നിന്നൊരു സിപ്പ് എടുത്തുകൊണ്ട് അനു പതുക്കെ എന്റെ നേരെ തിരിഞ്ഞു.
"ഡാ..."
അവളുടെ സ്വരത്തിൽ വല്ലാത്തൊരു ആർദ്രതയുണ്ടായിരുന്നു.
"എന്താടി?"
ഞാൻ ചോദിച്ചു.
"ശരിക്കും പറഞ്ഞാൽ... ഈ ജോലിതിരക്കൊക്കെ വിട്ട്, എല്ലാ സങ്കടങ്ങളും മറന്ന് ഒന്ന് മനസ്സ് തുറന്ന് ചിരിച്ച് ഹാപ്പിയായിട്ട് ഇരിക്കുന്നത് ദേ നിന്റെ കൂടെ ഇവിടെ ഇരിക്കുമ്പോഴാ..."
💬 Comments
View all comments