0%

Chapter Title : ഇതൾ 🍃 4 [Mayakannan]

ആളുകൾ വട്ടത്തിൽ നിന്ന് ചോദ്യങ്ങളോടെ നോക്കാൻ തുടങ്ങിയതോടെ, ആ ബഹളങ്ങൾക്കിടയിൽ അവളെ നിർത്തുന്നത് ശരിയല്ലെന്ന് തോന്നി.

​ഞാൻ അവളുടെ തോളിലൂടെ കൈയിട്ട് ചേർത്തുപിടിച്ച്, ആൾക്കൂട്ടത്തിൽ നിന്ന് വലിച്ച് നടപ്പാതയുടെ ഒഴിഞ്ഞ, വെളിച്ചം കുറഞ്ഞൊരു ഭാഗത്തേക്ക് കൊണ്ടുവന്നു. കായലിന്റെ ഓളങ്ങൾ തല്ലുന്ന ഒരു കോണിലെ സിമന്റ് ബെഞ്ചിലേക്ക് ഞാൻ അവളെ പതുക്കെ ഇരുത്തി.

​അപ്പോഴും അവളുടെ വിറയൽ മാറിയിരുന്നില്ല. നെഞ്ചിൽ കൈവെച്ച്, വായ തുറന്ന് ശ്വാസമെടുക്കാൻ പാടുപെടുകയായിരുന്നു അവൾ. ഞാൻ അവളുടെ അരികിലിരുന്ന് തോളിൽ പതുക്കെ തട്ടിക്കൊടുത്തു. കാറ്റിൽ അവളുടെ നനഞ്ഞ മുടിയിഴകൾ മുഖത്തേക്ക് വീണുകിടന്നു. ഒന്നും മിണ്ടാതെ, അവളുടെ ആ ശ്വാസം നേരെയാവുന്നതുവരെ ഞാൻ കാവലിരുന്നു.

​കുറേ സമയം കഴിഞ്ഞപ്പോൾ, കടൽക്കാറ്റിന്റെ തണുപ്പിൽ അവളുടെ മനസ്സ് പതുക്കെ ശാന്തമായിത്തുടങ്ങി. വിറയൽ കുറഞ്ഞുവന്നു. സാരിത്തുമ്പ് വിരലുകളിൽ ചുറ്റിപ്പിടിച്ച്, കരഞ്ഞു വീർത്ത കണ്ണുകളോടെ അവൾ പതുക്കെ തലയുയർത്തി എന്നെ നോക്കി.

​"ഹരി... ഞാൻ…... ഞാൻ….കാരണം... അയാൾ... നിന്നെ…..."

​തൊണ്ടയിടറി, ഓരോ വാക്കും വിക്കിപ്പതറിയാണ് അവൾ പറഞ്ഞുനിർത്തിയത്. ആ കണ്ണുകളിൽ എന്നെ അപമാനത്തിൽ ചാടിച്ചതിലുള്ള അങ്ങേയറ്റത്തെ കുറ്റബോധം നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു.

​അയാളുടെ വാക്കുകളിൽ നിന്നും അനുവിന്റെ പ്രതികരണത്തിൽ നിന്നും ആ വ്യക്തി ആരായിരിക്കുമെന്ന് എനിക്ക് ഏകദേശ ധാരണ കിട്ടിയിരുന്നു. എങ്കിലും, ആ യാഥാർത്ഥ്യം അവളുടെ സ്വന്തം നാവിലൂടെത്തന്നെ കേൾക്കണമായിരുന്നു…

​ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി വളരെ പതുക്കെ, ആർദ്രമായി ചോദിച്ചു.

​"അനു... അത്... ആരാ...?"

​ആ ചോദ്യം കേട്ടതും അനുവിന്റെ കണ്ണുകളിൽ വീണ്ടും കണ്ണീർ തിങ്ങിനിറഞ്ഞു. അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി.

ഒരു നിമിഷം കണ്ണുകൾ അമർത്തിച്ചിമ്മി, വിറയ്ക്കുന്ന ചുണ്ടുകളോടെ പറഞ്ഞു.

💬 Comments

View all comments