Chapter Title : കാലഭ്രംശം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
അതിരുകടന്നു.
"ബാക്കി എന്തുപറയാൻ? നീ പ്രണയം ഉണ്ടോ എന്ന് ചോദിച്ചു, ഞാൻ ഉണ്ടെന്ന് പറഞ്ഞു. ഇനിയിപ്പോ എന്തോന്ന് പറയാനാ?"
അമ്മ മുഖത്ത് ഒരു കള്ള ഗൗരവം വരുത്തിക്കൊണ്ട് പറഞ്ഞു.
"ദേ അമ്മേ... ഒരുമാതിരി കളിക്കല്ലേ,"
ഞാൻ പരാതിയോടെ പറഞ്ഞു.
"നല്ലൊരു സിനിമയുടെ ക്ലൈമാക്സിൽ ട്വിസ്റ്റ് ഇട്ടിട്ട് പോകുന്നതുപോലെയാ അമ്മ ഈ കാണിക്കുന്നേ. മൊത്തം പറ... എങ്ങനെ കണ്ടുമുട്ടി, അയാളുടെ പേരെന്താ, ആ കഥയൊക്കെ മുഴുവനായിട്ട് പറ എന്റെ ലക്ഷ്മിക്കുട്ടീ..."
ഞാൻ വീണ്ടും ജിജ്ഞാസ കൂട്ടി.
ആ വിളി കേട്ടപ്പോൾ അമ്മയുടെ മുഖത്ത് വീണ്ടും അതിമനോഹരമായ ഒരു പുഞ്ചിരി തെന്നിമാറുന്നത് ഞാൻ കണ്ടു. ഓർമ്മകളുടെ ഏതോ പഴയ പുസ്തകത്താളിലേക്ക്, ആ പത്തൊൻപതുകാരിയായ ലക്ഷ്മിയുടെ പ്രണയകാലത്തേക്ക് ആ മനസ്സപ്പോൾ യാത്ര തിരിക്കുകയായിരുന്നു. ഞാൻ കണ്ണുംനട്ട് ആ ചുണ്ടുകളിലേക്ക് തന്നെ നോക്കിക്കിടന്നു.
എന്റെ ചോദ്യം കേട്ടപ്പോൾ അമ്മയുടെ മുഖത്ത് അതുവരെയില്ലാത്ത ഒരു ശാന്തത വന്നുനിറഞ്ഞു. കണ്ണുകൾ എന്റെ മുഖത്തുനിന്നും മാറി, എങ്ങോട്ടോ ദൂരേക്ക്... ഇരുപത് വർഷങ്ങൾക്കപ്പുറമുള്ള ഏതോ ഒരു രാവിലെയെ തിരയുന്നതുപോലെ എനിക്ക് തോന്നി. എന്റെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്ന ആ വിരലുകൾക്കൊന്ന് വേഗത കുറഞ്ഞു.
"അത്... ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയത്താടാ,"
വളരെ പതിഞ്ഞ സ്വരത്തിൽ അമ്മ പറഞ്ഞുതുടങ്ങി. ആ ശബ്ദത്തിൽ പഴയ ആ പത്തൊൻപതുകാരിയുടെ നേർത്തൊരു നാണമുണ്ടായിരുന്നു.
"ഒരു ദിവസം രാവിലെ... എങ്ങനെയോ എഴുന്നേൽക്കാൻ കുറച്ചു വൈകി. പതിവായി ഞാൻ കോളേജിൽ പോകുന്ന ബസ്സ് മിസ്സായി. അടുത്ത ബസ്സും കാത്ത് ആ സ്റ്റാൻഡിൽ ഞാൻ ഒറ്റയ്ക്ക് നിൽക്കുവാ. വീട്ടിൽ നിന്നാണെങ്കിൽ നല്ല ചീത്തയും കേട്ടു, കോളേജിൽ എത്താൻ വൈകുമെന്ന ടെൻഷനും.
💬 Comments
View all comments