Chapter Title : കാഞ്ഞിരക്കുറ്റി 1 [ലസ്റ്റർ]
മുതൽ ഇതേ വളർച്ചയിലും ഗംഭീര്യത്തിലും കണ്ടിരുന്ന ആ മരത്തിന്റെ അടുത്തേക്ക് ആരും ഒരിക്കലും പോയിരുന്നില്ല.
കാട് മൂടികിടക്കുന്ന ചുറ്റുപാടിന്റെ നടുവിൽ ഒരു ഭീമാകാര രൂപം കണക്കെ ആകാശം മുട്ടെ വളർന്നു നിന്നിരുന്ന ആ മരത്തിൽ പണ്ടെങ്ങോ അരും കൊല ചെയ്യപ്പെട്ട ഒരു യുവതിയുടെ ആത്മാവിനെ തളച്ചിരുന്നു എന്നാണ് ഇന്നും വിശ്വാസം. അത്കൊണ്ട് തന്നെ ആ വഴി സന്ധ്യസമയം കഴിഞ്ഞാൽ ആളുകളാരും സഞ്ചരിച്ചിരുന്നില്ല.
എപ്പോഴും മൂടിക്കിടക്കുന്ന കുറ്റികാടിന്റെ ഇരുട്ടിൽ ചീവീടുകൾ കരഞ്ഞുകൊണ്ടേയിരിക്കുന്ന ശബ്ദവും ഏത് ജീവികൾ ആണെന്ന് അറിയാത്ത ഏതൊക്കെയോ കീടങ്ങളുടെ കരച്ചിലുകളും അവിടെ നിന്ന് ഉയർന്നു കൊണ്ടിരിക്കും. ഒരു വിശാലമായ ഉയർന്ന പറമ്പിന്റെ മധ്യത്തിൽ മരങ്ങൾക്കിടയിൽ അല്പം തുറസ്സായ ഒരു ഭാഗത്തു മുൾപടർപ്പുകളും കാട്ടു പൊന്തകളും കൊണ്ട് മൂടപ്പെട്ട ഒരു കുറ്റിക്കാടിനു നടുവിൽ ആ പ്രേത വൃക്ഷം തലയെടുപ്പോടെ നിന്നിരുന്നു. ആ കാഞ്ഞിരപറമ്പിന്റെ അങ്ങേ അതിരിൽ വലിയൊരു പാറയാണ്. ചെറിയൊരു കുന്നുപോലെ പറമ്പിന്റെ അറ്റത്തു മുഴച്ചു നിൽക്കുന്ന പാറയുടെ പിൻവശം കാട്മൂടിക്കിടക്കുന്ന പറമ്പും മുൻവശം ഒരു ഇറക്കവുമാണ്.
കുറച്ചു പറമ്പുകൾ താഴെക്കിറങ്ങിയാൽ വിശാലമായ വയൽപ്രദേശം. മുമ്പ് നെൽകൃഷി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ വാഴയും തെങ്ങിൻ തോപ്പുമായി നീണ്ടു കിടക്കുന്നു. പാറയിൽ നിന്ന് നോക്കിയാൽ ആ വിശാല പ്രദേശവും അതിന് മുകളിലൂടെ അറ്റമില്ലാത്ത ആകാശത്തിന്റെ പടിഞ്ഞാറൻ ചക്രവാള സീമയും കാണാം.
വൈകുന്നേരങ്ങളിൽ ആകാശത്തിന്റെ ചുവന്നു തുടുത്ത അതിരിൽ നിന്ന് കറുത്ത പൊട്ടുപോലെ വവ്വാലുകൾ ഒന്നൊന്നായി പറന്നടുക്കുകയും കാഞ്ഞിര മരത്തിൽ തലകീഴായി ചേക്കേറുകയും ചെയ്യുന്നത് കാണാൻ കഴിയും. ആ പാറയുടെ കീഴെയാണ് ആ പറമ്പിന്റെ ഉടമസ്ഥരുടെ വീട്. വലിയൊരു തറവാട്ടു വീട്.
💬 Comments
View all comments