Chapter Title : കോബ്രാഹില്‍സിലെ നിധി 5 [Smitha]
മഹര്‍ഷി തനിക്കുപിമ്പിലെ ഇരുമ്പ് ഷെല്‍ഫിനു നേരെ തിരിഞ്ഞു. അതില്‍ നിന്ന്‍ നീല പുറം ചട്ടയുള്ള ഒരു പുസ്തകമെടുത്ത് അദ്ദേഹം രാജശേഖരവര്‍മ്മക്ക് കൈമാറി. "അത് ആശ്രമം സന്ദര്‍ശിച്ച ഒരു ഇറ്റാലിയന്‍ പുരോഹിതന്‍ എഴുതിയതാണ്." രാജശേഖരവര്‍മ്മ പുസ്തകത്തിന്‍റെ പേജുകള്‍ മറിക്കുമ്പോള്‍ മഹര്‍ഷി പറഞ്ഞു. "ആശ്രമത്തെക്കുറിച്ചും ശാഖോപശാഖകളായി പന്തലിച്ചു കിടക്കുന്ന അതിന്‍റെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പഠിക്കാന്‍ വന്ന സംഗീതജ്ഞനായ ആ പുരോഹിതനെഴുതിയ പുസ്തകത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷയാണത്. കൊണ്ടുപൊയ്ക്കോളൂ.അതില്‍ അവന്‍റെ ചിത്രങ്ങളുണ്ട്." രാജശേഖരവര്‍മ്മ താളുകള്‍ മറിച്ചുകൊണ്ടിരുന്നു. അതില്‍ അതി സുഭഗനായ ഒരു യുവാവിന്‍റെ ചിത്രം അദ്ദേഹം കണ്ടു. ആ യുവാവിന്‍റെ മനോഹാരിത അദ്ധേഹത്തെ അദ്ഭുതപ്പെടുത്തി. പല രാജ്യങ്ങളും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന തനിക്ക് ഇത്ര സൌന്ദര്യമുള്ള മറ്റൊരാളെ കണ്ടതായി ഓര്‍ക്കാന്‍ കഴിയുന്നില്ല. യൌവ്വനകാന്തികയോടൊപ്പം ആത്മീയതീക്ഷണതയും ആ യുവാവിന്‍റെ കണ്ണുകളില്‍ എറിയുന്നത് അദ്ധേഹം കണ്ടു. "ഇത്?" സംശയം നിറഞ്ഞ കണ്ണുകളോടെ രാജശേഖരവര്‍മ്മ അ പേജ് മഹര്‍ഷിയുടെ മുമ്പില്‍ ഉയര്‍ത്തി കാണിച്ചു. "മഹാമൃത്യുജ്ഞയ യാഗത്തിന്‍റെ മുഖ്യ വൈദികന്‍, സ്വാമി സത്യനാഥ്." രാജശേഖരവര്‍മ്മ വിസ്മയത്തോടെ വീണ്ടും പേജുകള്‍ മറിച്ചു. അടുത്തൊരു പേജില്‍ അതെ യുവാവിന്‍റെയും അദ്ധേഹത്തിന്‍റെ മുമ്പില്‍ കൂപ്പുകൈകളോടെ മുട്ടുകുത്തിയിരിക്കുന്ന അതി സുന്ദരിയായ ഒരു യൂറോപ്പ്യന്‍ യുവതിയേയും അദ്ധേഹം കണ്ടു. അദ്ധേഹം ആ യുവതിയുടെ ചിത്രത്തിലേക്ക് സൂക്ഷിച്ചുനോക്കി. "ഗുരുജീ, ഈ ലേഡി?" രാജശേഖരവര്‍മ്മ മഹര്‍ഷിയുടെ നേരെ ആ ചിത്രം കാണിച്ചുകൊണ്ട് സംശയത്തോടെ ചോദിച്ചു. "ഇവരെ..ഇവരെ..ഞാന്‍ കണ്ടിട്ടുണ്ട്..." "പ്രിന്‍സെസ്സ് ഏയ്‌ഞ്ചല്‍," മഹര്‍ഷി പറഞ്ഞു. "ഏയ്‌ഞ്ചല്‍ രാജകുമാരി. ബക്കിംഗ്ഹാം പാലസിലെ..." "അതെ! അതെ!! അദ്ധേഹം തിടുക്കത്തില്‍ പറഞ്ഞു. "മദര്‍ തെരേസയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ഇവര്‍ ബന്ധപ്പെടുന്നുണ്ട്. യൂറോപ്പിലെ ഏറ്റവും പ്രതാപം നിറഞ്ഞ രാജകുടുംബത്തില്‍ ജനിച്ചവള്‍! അങ്ങയുടെ ആശ്രമത്തില്‍ ഇവരെങ്ങനെ...?" "കേംബ്രിഡ്ജില്‍ സത്യനാഥ് ഒരു പേപ്പര്‍ അവതരിപ്പിച്ചിരുന്നു. പൌരസ്ത്യദര്‍ശനത്തെക്കുറിച്ച്. ഏയ്‌ഞ്ചല്‍ രാജകുമാരിയും ആ സദസ്സിലുണ്ടായിരുന്നു. അവന്‍റെ പേപ്പര്‍ രാജകുമാരിയെ അദ്ഭുതപ്പെടുത്തി. പിറ്റേ ദിവസം അവന്‍റെ കൂടെ ആശ്രമത്തിലെത്തി അവര്‍. ഭാരതത്തെക്കുറിച്ചും പൌരസ്ത്യദര്‍ശനങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുവാനും പഠിക്കുവാനും. അവര്‍ സത്യനാഥിന്‍റെ കീഴില്‍ യോഗധ്യാനം പരിശീലിച്ചിരുന്നു. അപ്പോള്‍ എടുത്ത ചിത്രമാണ്." അദ്ദേഹം വീണ്ടും പേജുകള്‍ മറിച്ചു. സത്യനാഥ് എന്ന യുവസന്യാസിയുടെ ചിത്രങ്ങള്‍ വീണ്ടുമുണ്ടായിരുന്നു. ലോകം ആദരവോടെ കാണുന്ന ഉന്നതരായ വ്യക്തികളോടൊപ്പം.
💬 Comments
View all comments