Chapter Title : കോബ്രാഹില്‍സിലെ നിധി 5 [Smitha]
അവര്‍ കണ്ടു. അവളുടെ മുഖത്ത് ഒരുന്മാദഭാവം പ്രത്യക്ഷപ്പെടുന്നു. ആഴമേറിയ ഒരോര്‍മ്മയില്‍ നിന്ന്‍ അവള്‍ ഉണരുന്നത് പോലെ. "ഐ ഫീല്‍ പോയെറ്റിക് ഗ്രാനീ... " അവള്‍ നാടകീയ സ്വരത്തില്‍ പറഞ്ഞു. "എന്‍റെ ശാന്തിദേവ് എന്നെത്തേടി ഇന്ന്‍ വരും ഗ്രാനീ....കാറ്റിന്‍റെ സുതാര്യതയില്‍ നിന്ന്‍ ....പൂക്കളിലെ തേന്‍കണങ്ങളില്‍ നിന്ന്‍ .... അരയന്നങ്ങളുടെ തൂവലുകളില്‍ നിന്ന്‍ .... മേഘബാഷ്പ്പങ്ങളില്‍ നിന്ന്‍ ....ആകാശത്തിന്‍റെ ഉയരങ്ങളില്‍ നിന്നും സമുദ്രങ്ങളുടെ ആഴങ്ങളില്‍ നിന്നും കാലത്തിന്‍റെ ഗര്‍ത്തത്തില്‍ നിന്നും ജനിമൃതിയുടെ ജാലകങ്ങളില്‍ നിന്നും ...എന്‍റെയടുത്തേക്ക് ...എന്‍റെ ഗ്രാനീ..." മുത്തശി അവളുടെ വാക്കുകള്‍ കേട്ട് പരിഭ്രമിച്ചു. ദിവ്യക്കുണ്ടായ ഭാവപ്പകര്‍ച്ചയുടെ കാരണം അവര്‍ക്ക് മനസ്സിലായില്ല. "ഈശ്വരാ!" താന്‍ ഭയപ്പെടുന്നത് അവര്‍ അറിഞ്ഞു. "എന്ത് പറ്റി എന്‍റെ കുട്ടിക്ക്? ദിവ്യാ!" അവള്‍ ആ വിളി കേട്ടില്ല എന്ന്‍ തോന്നി. "എന്താ മോളെ നിനക്ക് പറ്റീത്?" അവര്‍ അവളുടെ തോളില്‍ പിടിച്ചു. പെട്ടെന്ന്‍ കോബ്രാഹില്‍സില്‍ നിന്ന്‍ ഒരു കാറ്റുണരുന്നത് മുത്തശി കണ്ടു. കൊടുമുടികളില്‍ കാറ്റിളകി വൃക്ഷശിഖരങ്ങളെ ഇളക്കി. തെയ്യക്കോളങ്ങള്‍ വൃക്ഷരൂപം പൂണ്ട് താണ്ഡവം തുടങ്ങി. ബഹുരൂപികളായ അഭൌമശരീരികള്‍ നാഗത്താന്‍ മലമുടികളിറങ്ങി വരികയാണ്. ദിവ്യ മണല്‍പ്പുറത്ത് എഴുന്നേറ്റ് നിന്നു. അവള്‍ക്കുച്ചുറ്റും പ്രകൃതി സംഹാരരൂപിണിയായി വൃത്തചലനം നടത്തുന്നത് മുത്തശി കണ്ടു. പുഴയുടെ നിലാവെളിച്ചത്തിലേക്ക് ദിവ്യ തറച്ചുനോക്കുന്നത് അവര്‍ കണ്ടു. "ദിവ്യേ, മോളേ...!" അവര്‍ വീണ്ടും വിളിച്ചു. മുത്തശി എഴുന്നേറ്റു അവളെ സമീപിച്ചു. അവളുടെ തോളത്ത് അവര്‍ പിടിച്ചു. "വല്ലാത്ത തലവേദന തോന്നുന്നു, ഗ്രാനീ," അവള്‍ നോട്ടം മാറ്റാതെ പറഞ്ഞു. "എനിക്ക് ഗ്രാനീടെ മടീല്‍ കെടക്കണം," അവര്‍ വീണ്ടും മണല്‍ത്തിട്ടില്‍ ഇരുന്നു. ദിവ്യ അവരുടെ മടിയില്‍ തലവെച്ചു കിടന്നു. കണ്ണുകളടച്ചു. പെട്ടെന്ന് നിലാവ് മങ്ങി. കൊടുങ്കാറ്റിന്‍റെ രൌദ്രഭാവം തീവ്രമായി. ദൂരെ വൃക്ഷശിഖരങ്ങള്‍ ഒടിഞ്ഞുവീഴുന്ന ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. മുത്തശിയുടെ ഭയം വര്‍ദ്ധിച്ചു. "എന്‍റെ ഭഗവതീ," അവര്‍ വിറയാര്‍ന്ന സ്വരത്തില്‍ മന്ത്രിച്ചു. അവര്‍ ദിവ്യയെ നോക്കി. അവള്‍ ഗാഡനിദ്രയിലായിക്കഴിഞ്ഞു എന്ന്‍ അവര്‍ കണ്ടു. കാറ്റിന്‍റെ താളം വീണ്ടും മുറുകി. മണല്‍ത്തരികള്‍ പാറിപ്പറക്കുന്ന നദീ തീരത്ത് മുത്തശിക്ക് ശ്വാസം മുട്ടി. കനത്ത ഇരുട്ട് മുമ്പിലുള്ള ദൃശ്യങ്ങളെ വിഴുങ്ങിക്കളഞ്ഞു. ചുറ്റും ഗാഡമായ ഇരുട്ടിന്‍റെ പ്രളയം.
💬 Comments
View all comments