Chapter Title : കോകില മിസ്സ് 3 [കമൽ]
അവന്റെ ചങ്ക് പിടഞ്ഞു. പണ്ടായിരുന്നെങ്കിൽ അവൻ ആദ്യം ഓടി പുറത്തിറങ്ങിയേനെ. പിന്നെല്ലാം വരുന്നിടത്ത് വച്ച്. പക്ഷെ ഇന്നത്തെ ജിതിന് അവളെ ഇങ്ങനെ ഒരു അവസ്ഥയിൽ ഒറ്റക്കാക്കി പോവുക എന്നത് ചിന്തിക്കുക പോലും സാധ്യമല്ലായിരുന്നു. “ഞാൻ... ഞാനറിയാതെ ചെയ്തതല്ല. താൻ വിചാരിക്കുന്നത് പോലെ ഇതൊരു...ഒരു ഇൻഫാക്ചുവേഷനും അല്ല. പക്ഷെ, തനിക്കറിയില്ല, ഞാൻ തന്നെ കാണുന്ന ഓരോ നിമിഷവും എങ്ങനെ തള്ളി നീക്കുന്നു എന്ന്. എനിക്ക് പൈങ്കിളി പ്രേമത്തിലൊന്നും വിശ്വാസമില്ല. എന്നാൽ തന്നെ കാണുമ്പോ, എനിക്കറിയില്ല, ഞാൻ ചിലപ്പോൾ ശ്വസിക്കാൻ പോലും മറന്ന് പോവാ. ഞാനിപ്പോ ചെയ്തതൊക്കെ ശെരിയാണോ തെറ്റാണോ എന്നു പോലും എനിക്കറിഞ്ഞു കൂടാ...” അവൻ പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുന്നേ അവൾ തൂവാല കൊണ്ട് കണ്ണു നീരൊപ്പി അവനെ നോക്കാതെ അവനെക്കടന്നു പോയി. വാതിലിനടുത്തെത്തി അവനോടെന്തോ പറയാൻ തുനിഞ്ഞ്, വീണ്ടും കണ്ണു നിറഞ്ഞപ്പോൾ മുഖം വെട്ടിച്ച് ഇറങ്ങിപ്പോയി.
ജിതിൻ നിന്നിടത്തു നിന്ന് ഉരുകി. ദേഷ്യമോ സങ്കടമോ അതോ പ്രണയമോ, ഏതു വികാരം കൊണ്ടെന്നറിയില്ല, ഒന്നുറക്കെ അലറണമെന്നുണ്ടായിരുന്നു, അവന്. ഉള്ളിലെ അലമുറയിട്ടുകൊണ്ടിരുന്ന കടൽ ഒന്ന് ശാന്തമായപ്പോൾ അവൻ, ചിന്തിച്ചു. താനെന്തൊക്കെയാണ് ഈ കാട്ടിക്കൂട്ടുന്നത്? ശ്ശെ, ഉമ്മ വക്കണ്ടായിരുന്നു. ഇനി അവൾക്ക് തന്നോട് താൻ കരുതുന്ന പോലത്തെ ഇഷ്ടമില്ലെങ്കിലോ? മാത്രവുമല്ല, അവൾ കരഞ്ഞുകൊണ്ടാണ് ഇറങ്ങിപ്പോയത്. താൻ അബദ്ധങ്ങളിൽ നിന്നും അബദ്ധങ്ങളിലേക്കാണ് എടുത്ത് ചാടുന്നത് എന്നവന് തോന്നി. ഇനിയെങ്ങനെ ക്ലാസ്സിൽ പോവും? എങ്ങിനെ അവളുടെ മുഖത്തു നോക്കും? എന്നാലും ഒരു പെണ്ണിന്റെ സമ്മതമില്ലാതെ അവളെ കയാറിപ്പിടിക്കാൻ, തക്ക വൃത്തികേട്ടവനാണോ ഞാൻ? മറുനാട്ടിലെ തന്റെ ജീവിതം സ്വഭാവത്തിൽ എത്രത്തോളം മാറ്റങ്ങൾ വരുത്തി എന്നവൻ വിസ്മയിച്ചു.
💬 Comments
View all comments