Chapter Title : കോകില മിസ്സ് 3 [കമൽ]
ആരും വരാതായപ്പോൾ അവൻ തന്നെ കട്ടിലിൽ നിന്നും ഇറങ്ങി, ജഗ്ഗിൽ നിന്നും വെള്ളമെടുത്ത് കുടിച്ചു.
നീണ്ട ഉറക്കം ഇഷ്ടപ്പെട്ടിരുന്ന ജിതിൻ രാത്രി ഇടക്കിടെ ഉറക്കം മുറിഞ്ഞ് മുറിയിൽ എണീറ്റ് നടന്നു. അന്ന് രാത്രി വെളുക്കുവോളം ഒരു 12 ഗ്ലാസ്സ് വെള്ളമെങ്കിലും താൻ കുടിച്ചു കാണും എന്നവൻ ഊഹിച്ചു. വെളുപ്പിനെ 6 മണിക്ക് വെച്ച അലാറം കൃത്യത പാലിച്ചെങ്കിലും ഉറക്കത്തിന്റെ കൂടപ്പിറപ്പായ അലസത അവനെ ടൈംപീസ് എടുത്തെറിയാൻ പ്രേരിപ്പിച്ചു. എങ്കിലും ഇന്നത്തെ ദിവസം അവന് പ്രധാനപ്പെട്ടതാണെന്ന് മനസ്സിന്റെ ഉള്ളിൽ നിന്നും ആരോ വിളിച്ചു പറയുന്നത് പോലെ. ഒരു വിധം അവൻ എണീറ്റ് താഴേക്കിറങ്ങി. “അമ്മേ ചായ...” കോത്തിൽ വെയിലടിച്ചാലും സ്വയം എഴുന്നേൽക്കാത്ത തിരുമകൻ വെളുപ്പിനെ അലാറം വച്ച് എണീറ്റ് അതും അടുക്കളയിൽ വന്ന് ചായ ചോദിക്കുന്നത് കണ്ട് അംബികച്ചേച്ചി ദോശയുണ്ടാക്കിക്കൊണ്ടിരുന്ന കൈയ്യിൽ ചട്ടുകം കുത്തനെ പിടിച്ച് അമാന്ദിച്ചു നിന്ന് ഒരു ദോശ കരിച്ചു. തുടർന്ന് അടുക്കളയിൽ അരങ്ങേറിയ നാടകീയ രംഗങ്ങൾക്ക് സാക്ഷിയാവതെ, ചായ ഊതിക്കുടിച്ച് അവൻ കോട്ടുവായിട്ട് മുറിയിറങ്ങി വന്ന പ്രഭാകരന് പ്രഭാതവന്ദനം നൽകി കുളിമുറിയിൽ കയറി. ഇന്ന് മീശ വടിക്കണം. അതൊരു അധികപ്പെറ്റു പോലെ. ഹൈ സ്കൂൾ കാലഘട്ടത്തിൽ ഒരിക്കൽ പോലും അവൻ മീശ വടിച്ചിട്ടില്ല എന്നു മാത്രമല്ല, തന്റെ വേഷവിധാനത്തിൽ മാറ്റം വന്നത് ജോലി കിട്ടി അന്യനാട്ടിലേക്ക് കുടിയേറിയപ്പോളാണെന്ന് അവനോർത്തു. ഐശ്വര്യമായിട്ട് മീശ വടിച്ച് പുതിയൊരു ദിവസം തുടങ്ങാം എന്ന ചിന്തയോടെ, അച്ഛനുമായി പങ്കിട്ടിരുന്ന ഷേവിങ്ങ് സെറ്റ് കയ്യിലെടുത്ത അവൻ തുരുമ്പിച്ച ബ്ലേഡിൽ പറ്റിയിരുന്നു കുറ്റിറോമങ്ങൾ കണ്ട് ഒന്നറക്കാതിരുന്നില്ല. തന്തയാണേലും വൃത്തിയില്ലെങ്കിൽ കുറ്റം പറഞ്ഞല്ലേ പറ്റു?
💬 Comments
View all comments