Chapter Title : കോകില മിസ്സ് 8 [കമൽ]
അവനും ഒന്നമർത്തി ചിരിച്ചു. "'അമ്മ കേൾക്കണ്ട" "അവൾ കേട്ടാലും സരോല്ല. അവൾക്കറിയാം എന്റെ കഥകളൊക്കെ. വേറാരുമല്ല, ഞാൻ തന്നെയാ പറഞ്ഞത്. ഞങ്ങൾ തമ്മിൽ ഒന്നും മറച്ചു വെക്കാറില്ല. അതാണ് ഞങ്ങളുടെ ദാമ്പത്യത്തിന്റെ വിജയവും." ജിത്തു അച്ഛന്റെ വാക്കുകൾക്ക് ചെവിയോർത്തു. അവർ തമ്മിൽ ഇങ്ങിനൊരു സംഭാഷണം ഇതാദ്യമാണ്. "ചിലരുണ്ട്, പണത്തിനോ അല്ലെങ്കിൽ മറ്റെന്തിനോ വേണ്ടി ഒരു പെണ്ണിന്റെ പുറകെ മണപ്പിച്ചു നടന്ന്, കാര്യം സാധിച്ചിട്ട് പൊടിയും തട്ടിപ്പോവും. ഒന്നുകിൽ പ്രേമിച്ച പെണ്ണിനെ സ്വന്തമാക്കണം. അല്ലെങ്കിൽ അതിന് നിൽക്കരുത്. നീ അങ്ങനെ കടന്നു കളയുന്ന ടീമല്ല. എനിക്കറിയാം. നീയെന്റെ മോനല്ലേ? എന്നാലും നിന്റെ പ്രേമം നല്ല ഉള്ളുള്ളതാണെങ്കിൽ നീ ആ പ്രേമം എങ്ങിനെയും സ്വന്തമാക്കാൻ ശ്രമിച്ചേനെ. എന്ന് വച്ച് നീ പിന്നെയും പിന്നെയും അവളുടെ പുറകെ നടക്കണം എന്നല്ല ഞാൻ പറയുന്നത്. നീ കൊള്ളരുതായ്മ കാണിക്കണം എന്നുമല്ല. ഈ പ്രായത്തിൽ നിനക്ക് കിട്ടുന്ന ചില അനുഭവങ്ങളിൽ ഒന്നു മാത്രമായി ഇതിനെ കണ്ടു നോക്ക്. പറയുന്ന പോലെ എളുപ്പമല്ല. എനിക്കറിയാം. എന്നാലും, ഈ ഫാന്റസി ഒക്കെ കഴിഞ്ഞ് നിന്റെ ജീവിതം വേറൊരു ലെവലിൽ എത്തുമ്പോൾ നീ കാത്തിരുന്ന ഒരു പെണ്ണ് വരും. അത് യാന്ത്രികമായി, സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. ഇപ്പൊ നിന്റെ ഈ അഫയർ പൊളിഞ്ഞു എന്ന് വച്ചാൽ, നിനക്ക് അതിനുള്ള സമയമായിട്ടില്ല എന്നാ അർത്ഥം. ആ സമായമാവുമ്പോൾ നീ അറിയും. പ്രകൃതിയുടെ കളി അങ്ങിനെയാണ്. ഇപ്പൊ നിന്റെ ശ്രദ്ധ ഈ പൊളിഞ്ഞു പോയ പ്രേമത്തിലല്ല, നിന്റെ മുന്നോട്ടുള്ള ജീവിതത്തിലാണ് നീ ചെലുത്തേണ്ടത്. നീ ചെയ്തു തീർക്കേണ്ടത് എല്ലാം ചെയ്തു തീർക്ക്.
💬 Comments
View all comments