0%

Chapter Title : ലവ് ബൈറ്റ് 10 [കാവൽക്കാരൻ]

തനിക്ക് താഴെ കിടന്ന്, കൂർത്ത പല്ലുകൾ പുറത്തുകാട്ടി വന്യമായി ചിരിക്കുന്ന ആ അപരിചിതയെ കണ്ട് അനു അക്ഷരാർത്ഥത്തിൽ മരവിച്ചുപോയി.

തന്റേതിന് സമാനമായ രൂപമുള്ള മറ്റൊരുവൾ!

ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ ഈ ഭൂമിയിൽ തന്നെപ്പോലെ മറ്റൊരാൾ ഉള്ളതായി അനുവിന് അറിവുണ്ടായിരുന്നില്ല. താൻ മാത്രമാണ് ഇങ്ങനെയൊരു ശാപവുമായി ജീവിക്കുന്നതെന്നായിരുന്നു അവളുടെ വിശ്വാസം.

സ്വന്തം അസ്തിത്വത്തെക്കുറിച്ചുപോലും പൂർണ്ണമായി അറിയാത്ത അവൾക്ക് മുന്നിലേക്ക്, അതേ ഭീകരരൂപമുള്ള മറ്റൊരു സ്ത്രീ എവിടെനിന്നോ കയറിവന്നിരിക്കുന്നു!

അഭിയുടെ ചോര കുടിക്കാൻ വേണ്ടി മാത്രമാണോ അവൾ വന്നത്, അതോ ഇതിനു പിന്നിൽ മറ്റെന്തെങ്കിലും രഹസ്യമുണ്ടോ എന്ന് അനുവിന് ഒട്ടും മനസ്സിലായില്ല.

ആ ഞെട്ടലിലും ഉള്ളിലെ പകയിലും അനുവിന്റെ സർവ്വ നിയന്ത്രണങ്ങളും വിട്ടുപോയി. അടങ്ങാത്ത ദേഷ്യത്തോടെ അവൾ തന്റെ കൂർത്ത നഖങ്ങൾ ആ സ്ത്രീയുടെ കഴുത്തിലേക്ക് ഒന്നുകൂടി ആഴ്ത്തിയിറക്കാൻ ശ്രമിച്ചു.

എന്നാൽ, അനുവിന്റെ ആ ശ്രമത്തെ നിസ്സാരമായി തള്ളിക്കളഞ്ഞുകൊണ്ട് അവൾ അനുവിന്റെ ഇരുകൈത്തണ്ടകളിലും ബലമായി കയറിപ്പിടിച്ചു.

ദിവസങ്ങളായി ചോര കിട്ടാതെ തളർന്ന അനുവിനേക്കാൾ നൂറിരട്ടി കരുത്ത് ആ നിമിഷം അവൾക്കുണ്ടായിരുന്നു. അഭിയുടെ ചൂടുള്ള ചോര കുടിച്ചതിന്റെ ഊർജ്ജവും വന്യമായ ലഹരിയും ആ ശരീരത്തിൽ തിളച്ചുമറിയുന്നുണ്ടായിരുന്നു.

ഒരു പരിഹാസച്ചിരിയോടെ, ഒരൊറ്റ കുടയലിന് അവൾ അനുവിനെ തന്റെ മുകളിൽ നിന്നും വായുവിലേക്ക് തെറിപ്പിച്ചു മാറ്റി! അനു തറയിലേക്ക് വീഴുന്നതിന് മുൻപ് തന്നെ, ഒരു മിന്നൽപ്പിണർ പോലെ അവൾ അനുവിന്റെ മുകളിലേക്ക് പാഞ്ഞടുത്തു.

അനുവിന്റെ തോളുകളിൽ അമർത്തി തറയോട് ചേർത്തുവെച്ച്, നെഞ്ചിലേക്ക് കാൽമുട്ട് കുത്തി അവൾ അനുവിനെ പൂർണ്ണമായും കീഴടക്കി.

ആ ഇരുമ്പുപിടുത്തത്തിനുള്ളിൽ ഒന്നു കുതറാൻ പോലും കഴിയാതെ അനു നിസ്സഹായയായി കിടന്നു പിടഞ്ഞു.

💬 Comments

View all comments