Chapter Title : ലവ് ബൈറ്റ് 2 [കാവൽക്കാരൻ]
അവൾ ഒന്നും മിണ്ടുന്നില്ല. കൂളിംഗ് ഗ്ലാസ്സ് കയ്യിൽ വെച്ച് എന്നെത്തന്നെ ഉറ്റുനോക്കുകയാണ്.
ചായ വന്നു.
ഞാൻ ഗ്ലാസ്സ് കയ്യിലെടുത്തു. എന്നിട്ട് ചായ പ്ലേറ്റിലേക്ക് ഒഴിച്ച്, വലിയ ശബ്ദത്തിൽ വലിച്ച് വലിച്ച് കുടിക്കാൻ തുടങ്ങി.
അവൾ ഇതൊക്കെ കണ്ട് ഞെട്ടിയിരിക്കുകയാണ്.
"കുടിക്കടോ... നല്ല ബെസ്റ്റ് ചായയാ... സ്റ്റാർ ഹോട്ടലിലെ ചായക്കൊക്കെ എന്ത് ..."
ഞാൻ ഒരു പരിപ്പുവട എടുത്ത് കടിച്ച്, വായ തുറന്ന് ചവച്ചുകൊണ്ട് പറഞ്ഞു. ഇടയ്ക്ക് വായിൽ നിന്നും ഭക്ഷണം തെറിച്ച് അവളുടെ ദേഹത്ത് വീഴാതിരിക്കാൻ അവൾ പാടുപെടുന്നുണ്ടായിരുന്നു....
"അല്ല... താൻ എന്നെ കാണണം എന്ന് പറഞ്ഞത് എന്തിനാ?"
എന്റെ ചോദ്യം കേട്ട് അവൾ ദീർഘശ്വാസം വിട്ടു. അവളുടെ ക്ഷമ നശിച്ചുതുടങ്ങി എന്നെനിക്ക് മനസ്സിലായി.
"അഭിമന്യു... സ്റ്റോപ്പ് ഇറ്റ്!"
അവൾ പതുക്കെ, എന്നാൽ ഗൗരവത്തിൽ പറഞ്ഞു.
ഞാൻ ചായ കുടി നിർത്തി, വായ ഷർട്ടിന്റെ കൈ കൊണ്ട് തുടച്ചു.
"താൻ ഇങ്ങനൊക്കെയാണല്ലേ?"
അവൾ എന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിക്കൊണ്ട് ചോദിച്ചു. ആ ചോദ്യത്തിൽ പുച്ഛമാണോ അതോ വേറെന്തെങ്കിലുമാണോ എന്ന് എനിക്ക് പിടികിട്ടിയില്ല.
"പിന്നല്ലാതെ... ഇതാണ് എന്റെ സ്റ്റൈൽ. ഇതിൽ മാറ്റമൊന്നുമില്ല."
ഞാൻ ഷർട്ടിന്റെ കൈകൊണ്ട് വായ പിന്നെയും തുടച്ചു. മുണ്ടിൽ പറ്റിപ്പിടിച്ച പരിപ്പുവടയുടെ പൊടി തട്ടിക്കളഞ്ഞു.
അവൾ ഒന്ന് ദീർഘശ്വാസം വിട്ടു. എന്നിട്ട് ബാഗ് തോളിലിട്ടു.
"ശരി... എങ്കിൽ എന്റെ കൂടെ ഒന്ന് വരണം. ഒരിടം വരെ."
"എങ്ങോട്ട്?"
ഞാൻ സംശയത്തോടെ ചോദിച്ചു.
"കാറിൽ കയറ്, അപ്പൊ അറിയാം."
അവൾ റോഡിന് അപ്പുറത്തുള്ള റോൾസ് റോയ്സിലേക്ക് നോക്കി.
റോൾസ് റോയ്സ്! എന്റെ സ്വപ്ന വാഹനം! അതിൽ കയറാനുള്ള അവസരം കിട്ടിയിട്ട് വേണ്ടാന്ന് വെക്കുന്നത് മണ്ടത്തരമല്ലേ?
ഇവളെ ഒഴിവാക്കുന്ന കാര്യം പിന്നെ നോക്കാം, ആദ്യം ആ വണ്ടിയിലൊന്ന് കയറണം.
"ഓ... അതിനെന്താ... വരാല്ലോ..."
ഞാൻ ചാടി എഴുന്നേറ്റു.
എന്നിട്ട് പോക്കറ്റിൽ കൈയിട്ടു. പേഴ്സ് എടുക്കുന്ന പോലെ ഒരു അഭിനയം. അങ്ങോട്ടും ഇങ്ങോട്ടും തപ്പി.
"അയ്യോ... പേഴ്സ് എടുക്കാൻ മറന്നോ? അതോ താഴെ വീണോ..."
ഞാൻ വെറുതെ ഒരു ഷോ കാണിച്ചു. കയ്യിൽ അമ്പതിനായിരം രൂപയുടെ കാർഡും ചില്ലറയും ഒക്കെ ഭദ്രമായി ഇരിപ്പുണ്ട്.
💬 Comments
View all comments