Chapter Title : ലവ് ബൈറ്റ് 2 [കാവൽക്കാരൻ]
ഒരു പ്രത്യേക ശബ്ദത്തിൽ വിളിച്ചു.
"ഷ്... ഷ്... ഹലോ...!"
ആ വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി.
കൈലി മടക്കിക്കുത്തി, ഷർട്ടിന്റെ ബട്ടൺ തുറന്നിട്ട്, വായിൽ മുറുക്കാനുമായി നിൽക്കുന്ന എന്നെ കണ്ടതും അവളുടെ കണ്ണ് തള്ളിപ്പോയി!
ഞാൻ അവളെ നോക്കി ഒരു വശളൻ ചിരി ചിരിച്ചു. പല്ലൊക്കെ ചുവന്ന് ഇരിക്കുന്നുണ്ടായിരുന്നു....
"ഇങ്ങോട്ട്... ഇങ്ങോട്ട്..."
ഞാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു.
അവൾ സംശയത്തോടെ എന്റെ അടുത്തേക്ക് വന്നു.
"അഭിമന്യു?" അവൾ അവിശ്വസനീയതയോടെ ചോദിച്ചു.
"അതേന്നെ... ഞാൻ തന്നെ..."
ഞാൻ വായിലെ മുറുക്കാൻ നീട്ടിത്തുപ്പി. അവൾ അറപ്പോടെ പുറകോട്ട് മാറി
"വാ... നമുക്ക് അങ്ങോട്ട് ഇരിക്കാം..."
ഞാൻ ഹോട്ടലിന്റെ നേരെ ഓപ്പോസിറ്റ്, ഓടയുടെ കരയിലുള്ള ഒരു ചെറിയ തട്ടുകടയിലേക്ക് വിരൽ ചൂണ്ടി.
അവൾ അന്തംവിട്ടുപോയി.
"What? അവിടെയോ? നമ്മൾ കോഫി ഷോപ്പിൽ മീറ്റ് ചെയ്യാം എന്നല്ലേ പറഞ്ഞത്?"
"ഓ... അതൊക്കെ ചുമ്മാ പറഞ്ഞതല്ലേ... എനിക്ക് എസി പിടിക്കില്ല കൊച്ചേ. എനിക്ക് ഇതാ ഇഷ്ടം. താൻ വാ..."
അവൾ എന്നെ ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചു. പക്ഷെ ചുറ്റും ആളുകൾ നോക്കുന്നത് കൊണ്ട് അവൾ ഒന്നും മിണ്ടാതെ എന്റെ പിന്നാലെ വന്നു.
ഞങ്ങൾ ആ തട്ടുകടയിൽ എത്തി. ഒരു പഴയ ബെഞ്ച്. അതിൽ നിറയെ ഈച്ച.
ഞാൻ കയറി ആ ബെഞ്ചിൽ ഇരുന്നു. വെറുതെ ഇരിക്കുകയല്ല, ഒരു കാൽ ബെഞ്ചിന്റെ മുകളിൽ കയറ്റി വെച്ച്, കൈലി ഒന്നുകൂടി കേറ്റിക്കുത്തി, തനി ലോക്കൽ ആയിട്ടാണ് ഇരിപ്പ്.
"ഇരിക്ക്..."
ഞാൻ കല്പിച്ചു.
അവൾ അറപ്പോടെ ആ ബെഞ്ചിന്റെ ഒരറ്റത്ത്, തുമ്പത്തിരുന്നു. അവളുടെ ലക്ഷക്കണക്കിന് രൂപ വിലയുള്ള ബാഗ് എവിടെ വെക്കുമെന്ന് അറിയാതെ മടിയിൽ തന്നെ വെച്ചു.
"ചേട്ടാ... രണ്ട് ചായ! നല്ല കടുപ്പത്തിൽ!"
ഞാൻ അലറി വിളിച്ചു പറഞ്ഞു.
"പിന്നെ രണ്ട് പരിപ്പുവടയും!"
തട്ടുകടക്കാരൻ ഗ്ലാസ്സ് കൊണ്ട് 'ടിം ടിം' എന്ന് ശബ്ദമുണ്ടാക്കി ചായ അടിക്കുന്നു.
ഞാൻ അവളെ അടിമുടി ഒന്ന് നോക്കി.
"എന്താടോ നോക്കുന്നേ? ഞാൻ ഇങ്ങനൊക്കെയാ... ഈ കോട്ടും സ്യൂട്ടും ഒന്നും എനിക്ക് ചേരില്ല. കണ്ടില്ലേ എന്റെ ലുക്ക്?"
ഞാൻ ഷർട്ടിന്റെ കോളർ പൊക്കി.
💬 Comments
View all comments