0%

Chapter Title : ലവ് ബൈറ്റ് 2 [കാവൽക്കാരൻ]

അതൊന്നും എന്നെക്കൊണ്ട് പറ്റില്ല. അതുകൊണ്ട് വേണ്ട... എനിക്ക് വേണ്ട ഈ ബന്ധം."

അത്രയും പറഞ്ഞ് മറുപടിക്ക് കാത്തുനിൽക്കാതെ ഞാൻ തിരിഞ്ഞു നടന്നു.

തല കറങ്ങുന്നുണ്ടായിരുന്നു. കാലുകൾ നിലത്തു ഉറയ്ക്കുന്നില്ല.

ഒരു മദ്യപാനിയെപ്പോലെ ആടിയാടി, ചുവരുകളിൽ പിടിച്ചാണ് ഞാൻ എന്റെ മുറിയിലേക്ക് നടന്നത്. പിന്നിൽ അമ്മ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. അതൊന്നും കേൾക്കാൻ ഞാൻ നിന്നില്ല.

റൂമിൽ കയറിയതും വാതിൽ വലിച്ചടച്ചു.

ബെഡിലേക്ക് വീഴാൻ തുടങ്ങിയ ഞാൻ, ദേഹമാകെ ഒട്ടിപിടിക്കുന്ന അസ്വസ്ഥത കാരണം നേരെ ബാത്ത്റൂമിലേക്ക് വേച്ചു വേച്ചു നടന്നു.

വല്ലാത്തൊരു ചൂട്... ശരീരം ആകെ പുകയുന്ന പോലെ. പിന്നേ ഉണ്ടായ വെപ്രാളവും എല്ലാം കൂടി എന്നെ ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു.

ഒന്നും വേണ്ടായിരുന്നു... ഇപ്പോൾ കാര്യങ്ങളെല്ലാം കൂടുതൽ വഷളായത് പോലേ...

ഷവർ തുറന്നു...

'ജലധാര...'

തണുത്ത വെള്ളം തലയിലേക്ക് വീണപ്പോൾ... ഹാ!

എന്തൊരു ആശ്വാസം! മരുഭൂമിയിൽ മഴ പെയ്തതുപോലെ. സിരകളിലൊക്കെ തീ പിടിച്ചു കിടന്ന എനിക്ക് ആ തണുപ്പ് വല്ലാത്തൊരു സുഖം നൽകി. തലച്ചോറിലെ പുകച്ചിൽ പതിയെ മാറുന്നത് പോലെ. വെള്ളം ഒഴുകിയിറങ്ങുന്ന ഓരോ നിമിഷവും ശരീരത്തിന്റെ ഭാരം കുറയുന്നത് പോലെ തോന്നി.

കണ്ണുകൾ ഇറുക്കിയടച്ച് ഞാൻ ആ തണുപ്പിൽ കുറച്ചുനേരം നിന്നു.

പെട്ടെന്നാണ്...

​വെള്ളത്തുള്ളികൾ എന്റെ കഴുത്തിലൂടെ ഒഴുകിയിറങ്ങിയപ്പോൾ അവിടെ വല്ലാത്തൊരു നീറ്റൽ അനുഭവപ്പെട്ടത്.

​ഞാൻ അറിയാതെ എന്റെ കൈവിരലുകൾ കഴുത്തിലേക്ക് കൊണ്ടുപോയി. അവിടെ, ചെവിയുടെ താഴെയായി, കഴുത്തിന്റെ ആ മൃദുലമായ ഭാഗത്ത് വെറുതെയൊന്ന് തൊട്ടു.

​ഒരു നേരിയ വേദന! നഖം കൊണ്ടതോ അതോ പല്ല് കൊണ്ടതോ എന്നറിയാത്ത ഒരു ചെറിയ മുറിവിന്റെ നീറ്റൽ.

ആ നീറ്റലിൽ വിരലോടിച്ചപ്പോൾ മനസ്സ് വീണ്ടും കാടുകയറാൻ തുടങ്ങി.

ഏയ്... വല്ല പ്രാണിയോ മറ്റോ കടിച്ചതാവും.

ഷവർ ഓഫ് ചെയ്ത് തോർത്ത്‌ എടുത്ത് തല തുവർത്തി. ഈറൻ മാറിയപ്പോൾ ശരീരത്തിന് ചെറിയൊരാശ്വാസം. വല്ലാത്തൊരു ക്ഷീണം കണ്ണിനെ വലിക്കുന്നുണ്ട്.

💬 Comments

View all comments