0%

Chapter Title : ലവ് ബൈറ്റ് 5 [കാവൽക്കാരൻ]

ആ കുമ്പിട്ടിരിക്കുന്ന മുഖത്തിന് നേരെ പൊതി ഒന്നുകൂടി നീട്ടി. "ഇന്നാ..."

അപ്പോഴാണ് ആ കാഴ്ച എന്റെ ശ്രദ്ധയിൽ പെട്ടത്. ആ പാറിക്കിടക്കുന്ന മുടികൾക്കിടയിലൂടെ, അവളുടെ വായിൽ നിന്നും ഉമിനീർ ഒരു പൈപ്പ് തുറന്നുവിട്ടത് പോലെ നിലത്തേക്ക് ഇറ്റുവീഴുന്നുണ്ടായിരുന്നു. ആ മങ്ങിയ വെളിച്ചത്തിൽ അതിനൊരു ചെറിയ ചുവപ്പ് നിറമുള്ളതുപോലെ... ചോരയാണോ അത്? എനിക്കെന്തോ വല്ലാത്തൊരു അറപ്പും പേടിയും തോന്നി. ഒരുപക്ഷേ സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെളിച്ചം കാരണം എനിക്ക് വെറുതെ തോന്നിയതുമാവാം എന്ന് ഞാൻ മനസ്സിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

പെട്ടെന്ന്, അത്രയും നേരം അനങ്ങാതിരുന്ന അവളുടെ ഒരു കൈ ആ പൊതിക്ക് നേരെ നീണ്ടു വന്നു. അത് എന്റെ കയ്യിൽ നിന്നും വാങ്ങുമ്പോൾ, ആ വിരലുകൾ എന്റെ കണ്ണിൽ പെട്ടു. മാസങ്ങളായി വെട്ടാത്ത, വളഞ്ഞു കൂർത്ത, കറുത്ത നഖങ്ങൾ! ആ നഖങ്ങൾ എന്റെ വിരലുകളിൽ ഉരസിയതും ഒരു മിന്നലേറ്റതുപോലെ ഞാൻ കൈ പിന്നിലേക്ക് വലിച്ചു. ആ സ്പർശനത്തിൽ ജീവനില്ലാത്ത ഏതോ തണുത്ത മരക്കഷ്ണം കൊണ്ടതുപോലെയാണ് എനിക്ക് തോന്നിയത്.

പൊതി കയ്യിൽ കിട്ടിയതും, അവൾ വളരെ പതുക്കെ... ഒരു യന്ത്രം പോലെ ആ തല മുകളിലേക്ക് ഉയർത്താൻ തുടങ്ങി. എന്റെ നെഞ്ചിടിപ്പ് അതിന്റെ പാരമ്യത്തിലെത്തി. എനിക്കെന്തോ വല്ലാത്തൊരു ഭയം തോന്നി. കാലുകൾ വിറയ്ക്കുന്നതുപോലെ. ഇനി ഇവിടെ നിൽക്കുന്നത് പന്തിയല്ല, വേഗം എഴുന്നേറ്റ് ഓടിയാലോ എന്ന് ഞാൻ ചിന്തിച്ചു. ആ മുഖം കാണാൻ എന്റെ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല.

കറക്റ്റ് ആ സമയത്താണ് എനിക്ക് ജീവൻ തിരിച്ചുനൽകിക്കൊണ്ട് പിന്നിൽ നിന്നും ഗിരിയേട്ടന്റെ വിളി വന്നത്.

"എടാ അഭി... നീയെന്താ അവിടെ കുറ്റി അടിച്ചു നിൽക്കുന്നേ? വേഗം വാടാ!"

ഹാവൂ! സമാധാനമായി! ദൈവത്തെ വിളിച്ച്, ഒരു നിമിഷം പോലും ഞാൻ പിന്നെ അവിടെ നിന്നില്ല.

അവളെയൊന്ന് നോക്കുകപോലും ചെയ്യാതെ ഞാൻ വേഗം തിരിഞ്ഞു നടന്നു. അപ്പോഴും എന്റെ വിറയൽ മാറിയിട്ടുണ്ടായിരുന്നില്ല.

💬 Comments

View all comments