Chapter Title : മൗനരാഗം [വാത്സ്യായനൻ]
അവളെ ഞാൻ കൈയടിച്ച് അഭിനന്ദിച്ചു.
“എന്നാലും ഇങ്ങനത്തെ കഴിവുകളൊക്കെ ഉള്ള ഒരാളാണ് എൻ്റെയീ വായാടി കൂട്ടുകാരിയെന്ന് നേരത്തേ അറിഞ്ഞില്ലല്ലോ.” ഞാൻ കുണ്ഠിതപ്പെട്ടു.
“ഞാനൊരു പ്രതിഭാസമാണെന്ന് ഞാനങ്ങനെ എല്ലാവരോടും പറഞ്ഞുകൊണ്ട് നടക്കാറില്ല.” ഒരു കുസൃതിച്ചിരിയോടെ അവളുടെ മറുപടി.
“വിനയത്തിൻ്റെ ആൾരൂപമേ, ഞാനൊന്നു തൊഴുതോട്ടെ?”
“ഞാനിപ്പോൾ പ്ലേ ചെയ്ത ട്യൂണിനൊരു പ്രത്യേകതയുണ്ട്. അറിയാമോ?”
“ഇല്ല. എന്തേ?”
“ദേശീയഗാനം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇൻഡ്യക്കാർ തിരിച്ചറിയുന്ന ട്യൂൺ ആയിരിക്കും ഇത്. ഇളയരാജ ഈ ട്യൂൺ നാല് ഭാഷകളിൽ ഉപയോഗിച്ചിട്ടുണ്ട്.” (ഇളയരാജ എന്ന പേരിനെ സൂചിപ്പിക്കാൻ യഥാക്രമം “ഇളയത്”, “രാജാവ്” എന്നീ ASL മുദ്രകൾ അവൾ ഉപയോഗിച്ചതു കണ്ട് എനിക്ക് ചിരി പൊട്ടി.)
“അതെയോ? ഏതൊക്കെ?” ഞാൻ ചോദിച്ചു.
അവൾ ടാബ്‌ലറ്റിൽ യൂട്യൂബ് തുറന്ന് ആ ഈണത്തിൻ്റെ നാലു ഭാഷകളിലെയും പതിപ്പുകൾ ഓരോന്നായി തിരഞ്ഞു കണ്ടുപിടിച്ച് എന്നെ കേൾപ്പിച്ചു. മലയാളം: “തുമ്പീ വാ തുമ്പക്കുടത്തിൻ”, തമിഴ്: “സംഗത്തിൽ പാടാത കവിതൈ”, തെലുഗു: “ആകാശം ഏനാട്ടിദോ” (അതായിരുന്നു ഈ നാലെണ്ണത്തിൽ എനിക്ക് ഇഷ്ടപ്പെടാഞ്ഞ ഒന്നേ ഒന്ന്), ഹിന്ദി: “ഗുംസും ഗും ഗുംസും ഹോ ക്യോം തും.”
അപ്പോൾ പുറത്ത് റേച്ചൽ ആൻ്റിയുടെ സ്കൂട്ടർ വരുന്ന ശബ്ദം കേൾവിപ്പെട്ടതിനാൽ ഞങ്ങളുടെ സംഭാഷണം അവിടെ അവസാനിച്ചു. അന്ന് വീട്ടിലെക്ക് പോകും വഴി ഞാൻ അവളുടെ കലാപരമായ കഴിവുകളെപ്പറ്റി ചിന്തിച്ചു. ഒരു പക്ഷേ മനസ്സിലുള്ളത് വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയാത്തതിൻ്റെ കുറവ് തീർക്കാൻ വേണ്ടിയാകും ബോധപൂർവമോ അല്ലാതെയോ അവൾ ആത്മപ്രകാശനത്തിന് കലയെ കൂട്ടു പിടിച്ചത് എന്നതായിരുന്നു ഒടുവിൽ ഞാൻ എത്തിച്ചേർന്ന നിഗമനം.
പിന്നെപ്പിന്നെ ജ്യോത്സ്നയുമായി സംസാരിക്കാൻ വേണ്ടി മാത്രം ഞാൻ ചില ദിവസങ്ങളിൽ ട്യൂഷന് നേരത്തേ പോകാൻ തുടങ്ങി. അഞ്ചു മണിയോടു കൂടി അവളുടെ വീട്ടിലെത്തി അരമുക്കാൽ മണിക്കൂർ സമയം ജ്യോത്സ്നയുടെ റൂമിൽ പോയിരുന്ന് അവളുമായി സംസാരിക്കുകയും അവളുടെ ഗിറ്റാർ വായന കേൾക്കുകയും ചെയ്യുന്നത് എൻ്റെ പതിവായിത്തീർന്നു. ഈ സമയത്തൊന്നും അവളോട് സൗഹൃദത്തിൽക്കവിഞ്ഞ വികാരമൊന്നും എനിക്ക് തോന്നിയിരുന്നില്ല; ഞങ്ങൾ രണ്ടാളുടെയും പ്രായം അതിനു പ്രേരിപ്പിക്കുന്നതായിരുന്നെങ്കിൽ കൂടെയും. അവളുടെ ഹൃദയംഗമമായ പെരുമാറ്റവും നിഷ്കളങ്കതയും ഒക്കെക്കൂടെ എന്നിൽ ഒരു തരം കരുതൽ മനോഭാവമായിരുന്നു ഉളവാക്കിയത്. സൈൻ ലാങ്ഗ്വേജ് ഉപയോഗിച്ച് ആശയവിനിമയം നടത്തുമ്പോൾ മുഖഭാവങ്ങളും ശരീരചേഷ്ടകളും ഒക്കെ ഉപയോഗിക്കേണ്ടി വരുമല്ലോ. ജ്യോത്സ്നയുടെ ആ ഭാവപ്രകടനങ്ങൾ അവ കാണുന്ന ആർക്കും അവളോട് സ്വാഭാവികമായി ഒരു ഇഷ്ടം തോന്നുമാറ് ഓമനത്തം കലർന്നവയായിരുന്നു. ഒരു പക്ഷേ എനിക്ക് ഇല്ലാതെ പോയ ഒരു സഹോദരിയെ
💬 Comments
View all comments