Chapter Title : മൗനവസന്തം 1 [കബനീനാഥ്]
“അവളുടെ ഭാഗത്തും സന്തോഷമുണ്ടായിരുന്നിരിക്കാം. പക്ഷേ അവൾക്ക് എന്തെങ്കിലും പറയാനുണ്ടായിരുന്നോ എന്ന് നമുക്ക് അറിയില്ലല്ലോ.”
“അതെ. അതാണ് എനിക്ക് മനസ്സിലാകാത്തത്. എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നെങ്കിൽ പറഞ്ഞൂടായിരുന്നോ? നമുക്ക് സംസാരിച്ച് പരിഹരിക്കാമായിരുന്നില്ലേ?”
സൂസൻ പതുക്കെ തലയാട്ടി.
“ചില കാര്യങ്ങൾ സംസാരിച്ച് പരിഹരിക്കാം. ചിലത് അങ്ങനെയല്ല. ഒരാൾക്ക് എന്താണ് വേണ്ടതെന്ന് ആ ഒരാൾക്ക് മാത്രമേ ശരിക്കും അറിയൂ.”
“അപ്പോൾ ഞാൻ എന്തു ചെയ്യണം?”
“ഇപ്പോൾ ഒന്നും തീരുമാനിക്കണ്ട. നിനക്ക് വിഷമമുണ്ടെന്ന് എനിക്കറിയാം. പക്ഷേ ഈ വിഷമത്തിനിടയിൽ എടുത്ത തീരുമാനങ്ങൾ പിന്നെ മാറ്റാൻ പറ്റാതെ വരരുത്.”
അവൻ അവളെ നോക്കി.
“ആന്റി, നിങ്ങൾക്ക് ഒരിക്കലെങ്കിലും ഇങ്ങനെ തോന്നിയിട്ടുണ്ടോ? എല്ലാം ശരിയാണെന്ന് കരുതിയിരുന്ന ഒരു ബന്ധം പെട്ടെന്ന് മാറിപ്പോകുമെന്ന്?”
സൂസൻ ഒരു നിമിഷം ആലോചിച്ചു.
“ബന്ധങ്ങൾ മാറും, ഷാനൂ. കല്യാണം കഴിഞ്ഞ ആദ്യ വർഷങ്ങളിലേതുപോലെ എല്ലായ്പ്പോഴും ഒരേ സന്തോഷം ഉണ്ടാകണമെന്നില്ല. ഞാനും ഡാനിയേലും തമ്മിൽ എത്രയോ കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിട്ടുണ്ട്.”
“ശരിക്കും?”
“പിന്നല്ലാതെ! നിനക്കറിയാമോ, ഡാനിയേൽ ചിലപ്പോൾ എന്തെങ്കിലും തീരുമാനിച്ചാൽ പിന്നെ അതിൽ നിന്ന് മാറാൻ വലിയ പാടാണ്.”
ഷാനു ചിരിച്ചു.
“അങ്കിൾ അങ്ങനെയാണോ?”
“നിനക്കറിയില്ലേ? പുറത്ത് എല്ലാവരോടും നല്ല സ്നേഹവും സൗമ്യതയും. പക്ഷേ വീട്ടിൽ ചില കാര്യങ്ങളിൽ ഭയങ്കര പിടിവാശിയാണ്.”
“അത് ശരിയാ. ചിലപ്പോൾ അങ്കിളിനോട് സംസാരിക്കുമ്പോൾ എനിക്കും തോന്നിയിട്ടുണ്ട്.”
“എന്നാലും ഞങ്ങൾക്കിടയിൽ പരസ്പരം മനസ്സിലാക്കുന്ന കുറേ കാര്യങ്ങളുണ്ട്. അതുകൊണ്ടാണ് ഇത്രയും വർഷം മുന്നോട്ടുപോയത്.”
അവൾ പറഞ്ഞിട്ട് ഒരു നിമിഷം നിർത്തി..
“എല്ലാ ദിവസവും ഒരുപോലെയായിരിക്കില്ല. ചില ദിവസങ്ങളിൽ സംസാരിക്കാൻ പോലും തോന്നില്ല. പക്ഷേ അതുകൊണ്ട് സ്നേഹം ഇല്ലാതായി എന്നല്ല.”
ഷാനു അവളുടെ മുഖത്തേക്ക് നോക്കി..
💬 Comments
View all comments