Chapter Title : മീനാക്ഷി കല്യാണം 6 [നരഭോജി]
പലപ്പോഴും അവളെ മാത്രം വിളിച്ച് സമാധാനിപ്പിക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല.”
“ചെറുപ്പം മുതലെ വിട്ടൊഴിയാതെ രോഗങ്ങളായിരുന്നു, ഒന്നല്ല ഒരു നൂറുകൂട്ടം, ആശുപത്രി കിടക്കയിലെ സുഹൃത്തുക്കൾ ഓരോരുത്തരായി കൺമുൻപിൽ വച്ച് മരിച്ചപ്പോഴും, ഒന്നിനും അവള് കീഴടങ്ങീല. ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് എൻ്റെ മോളെന്താ ആത്മഹത്യ ചെയ്യാതിരുന്നതെന്ന്. അവൾക്ക് ഈ നശിച്ച ജീവിതത്തിലും ഭേദം എന്തുകൊണ്ടും മരണം തന്നെയായിരുന്നു.”
“ഞങ്ങൾ ഒരിക്കലും ഒരു നല്ല അച്ഛനും അമ്മയും ആയിരുന്നില്ല. ഒരിക്കലും അവളെ ഞങ്ങൾ അകമറിഞ്ഞ് സ്നേഹിച്ചിട്ടില്ല, മടിയിലിരുത്തി ഒന്ന് കൊഞ്ചിച്ചിട്ടില്ല.
എൻ്റെ കുഞ്ഞ് ഒത്തിരി സുന്ദരിയായിരുന്നു. അവളു ചെന്നിടത്തൊന്നും അവളുടെ അത്ര സൗന്ദര്യം ഉള്ള ആരും തന്നെ ഉണ്ടായിട്ടില്ല. പക്ഷെ ആരും അവളെ അവിടെയൊന്നും മനുഷ്യനായിട്ട് പോലും കണ്ടിരുന്നില്ല. എന്തൊക്കെ തന്നെ പറഞ്ഞാലും എയ്ഡ്സ് രോഗിയായ പെൺക്കുട്ടിയെ എപ്പോഴും സമൂഹം മറ്റൊരു കണ്ണിലാ കാണുള്ളു, അത്ര വികസനമുള്ള രാജ്യതലസ്ഥാനത്ത് അങ്ങനെയാണെങ്കിൽ ഇവിടെത്തെ കഥ പറയണോ. അതാ ആരോടും പറയാതിരുന്നത്.”
“ഞാനും ഒരച്ഛനല്ലെ അവളെ ആരെയെങ്കിലും പിടിച്ചേൽപ്പിക്കണ്ടെ. ചതിയാണ് ചെയ്യാൻ നോക്കിയത്, അവൻ പട്ടാളക്കാരൻ ആയത് കൊണ്ട് കാര്യമറിഞ്ഞാലും അഭിമാനം കരുതി, അവളെ കൈവിടില്ലാന്നു തോന്നിയത് കൊണ്ടാണ് കല്ല്യാണമാലോചിച്ചത്. പക്ഷെ എന്റെ കുഞ്ഞ് അറിഞ്ഞ് കൊണ്ട് ആരെയും ചതിക്കാൻ തയ്യാറായിരുന്നില്ല. അവളാർക്കും ബാധ്യതയാവാനും ഒരുക്കമായിരുന്നില്ല. അതുകൊണ്ടാണ് അവൾ ഓടിപ്പോയതെന്ന് എനിക്ക് ഇപ്പോഴും ഉറപ്പാണ്.”
“എങ്ങിനെയാണ്, നീ ഇതിനിടയിൽ വന്നുപെട്ടതെന്ന് എനിക്കറിയില്ല, പക്ഷെ അവൾ നിന്റെയൊപ്പം ഇത്രനാൾ എങ്ങും പോകാതെ നിന്നിട്ടുണ്ടെങ്കിൽ, എനിക്ക് ഉറപ്പാണ് അവൾക്ക് ഇഷ്ടമുള്ള എന്തോ ഒന്ന് നിന്നിൽ ഉണ്ടെന്ന്. അതെന്താണെന്ന് എനിക്ക് നീയിവിടെ വന്നപ്പോൾ നിന്റെ കണ്ണിൽ കാണാൻ കഴിഞ്ഞു.
💬 Comments
View all comments