Chapter Title : മേലേടത്ത് വീട് [ജംഗിള്‍ ബോയ്‌സ്]
നനഞ്ഞ ടവ്വല്‍ കോണകമാക്കിയുടുത്തു ചമ്രപ്പടിയിട്ട് വേലുക്കുട്ടി അവര്‍ക്കഭിമുഖമായിരുന്നുകൊണ്ട് വേലുക്കുട്ടി: ഞാനൊരു താഴ്ന്ന ജാതിക്കാരനാ. ഇവിടെ ജോലിക്ക് വന്നാല്‍ പുറത്തിരുത്തിയാ ഭക്ഷണം തരാറ്. അല്ലേ തമ്പ്രാട്ടി...?
വിക്കികൊണ്ട് പുഷ്പ: അത് പിന്നെ ഞാന്‍ മക്കള്‍ക്ക് അറിയാത്തതുകൊണ്ട്.
മീരയെ നോക്കി വേലുക്കുട്ടി: അത് സാരമില്ല. പിന്നെ എന്നെ വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത കോലമാണ്. ഇവിടെയിരുന്നതിന് മാപ്പ് ചോദിക്കുന്നു.
ഇതുകേട്ട് ഞെട്ടലോടെ പുഷ്പയെയും ആര്യയെയും നോക്കുന്ന മീര ചമ്മലോടെ വേലുവിനെ നോക്കി മീര: അത് ഞാന്‍
വേലുക്കുട്ടി: ഉം നിങ്ങള്‍ രണ്ടുപേര്‍ക്കും ഇതിലൊന്നും വിശ്വാസമില്ല എന്നെനിക്ക് അറിയാം. എന്നെയും എന്റെ ശാസ്ത്രത്തെയും നിങ്ങള്‍ വിശ്വസിക്കേണ്ട. നിങ്ങള്‍ ദൈവത്തെ വിശ്വസിക്കുന്നുണ്ടോ..? എങ്കില്‍ ഭൂതപ്രേതങ്ങളെയും വിശ്വസിച്ചേ മതിയാവൂ. നിങ്ങള്‍ക്കെല്ലാം നഷ്ടപ്പെടുമെന്നുള്ളത് ദൈവവിധി. എന്നാല്‍ ഭൂതപ്രേതങ്ങളെ കൂട്ടുപിടിച്ചു വിധി തനിക്കനുകൂലമാക്കുകയെന്നത് സാധ്യമായ കാര്യമാണ്.
അവര്‍ മൂവരും മുഖാമുഖം നോക്കി. വേലുക്കുട്ടി: ങാ.. നിങ്ങള്‍ മൂന്നുപേരും തെക്ക് ദിശ ഒഴിച്ച് മൂന്ന് ദിശ അതായത് കിഴക്ക്, വടക്ക്, പടിഞ്ഞാറ് ഭാഗത്തേക്ക് പോയി അവിടെയുള്ള ഏതെങ്കിലും ഒരു ചെടിയുടെ ഇലകൊണ്ടുവരൂ. കൊണ്ടുവന്നു എന്റെ മടിയിലിടണം.
പുഷ്പ: ശരി
എന്നു പറഞ്ഞു എഴുന്നേല്‍ക്കുന്ന മൂവരും. കണ്ണടച്ചിരിക്കുന്ന വേലുക്കുട്ടി. അവര്‍ മൂന്നുപേരും മൂന്നുദിക്കുകളില്‍നിന്ന് ഇഷ്ടമുള്ള ചെടിയുടെ ഇല പറിച്ച് കൊണ്ടു വന്നു വേലുവിന്റെ മടിയിലേക്കിട്ടു. മീരക്കും ആര്യക്കും വലിയ വിശ്വാസമില്ലെങ്കിലും എന്തെക്കെയോ അറിവുള്ള ആളാണ് വേലുവെന്ന് മനസിലായി. എന്നാലും ഒരു പരീക്ഷിക്കുക തന്നെ എന്ന തീരുമാനത്തിലായിരുന്നു അവര്‍.
മടിയില്‍ ഇലകള്‍ വീണതറിഞ്ഞ് കണ്ണടച്ചുകൊണ്ട് വേലുക്കുട്ടി: മൂന്നുപേരും എനിക്കഭിമുഖമായി നില്‍ക്കൂ.
വേലു മടിയിലെ മൂന്നു ഇലകളും കയ്യിലിട്ടു അങ്ങോട്ടും ഇങ്ങോട്ടും മാറ്റി. എന്നിട്ട് ഒരുമിച്ച് പിടിച്ചു തന്റെ തലയിലെ മൂര്‍ദ്ധാവില്‍ വെച്ചുകൊണ്ട്
വേലുക്കുട്ടി: ഭക്ഷണ സാധനങ്ങളുടെ വില്‍പ്പനയല്ലായിരുന്നോ ആദ്യം
പുഷ്പ: അതെ
വേലുക്കുട്ടി: പിന്നെ അത് വെള്ളവുമായി ബന്ധപ്പെട്ട കച്ചവടത്തിലേക്ക് മാറിയോ...?
മൂവരും ഞെട്ടലോടെ നോക്കി.
വേലുക്കുട്ടി: പറയൂ..
💬 Comments
View all comments