0%

Chapter Title : നീ ഞാനാവണം [JO]

Author : JO Read All Parts 256

നീ ഞാനാവണം

Nee Njaanavanam | Author : JO

ഹായ്... വീണ്ടും ഞാൻ. ഇതൊരു ചെറുകഥയാണ്. ശെരിക്കും പറഞ്ഞാൽ 2019 ഒക്ടോബർ 4 തിങ്കളാഴ്ച രാത്രി 11 മണിക്ക് തുടങ്ങി 11.20ന് എഴുതി അവസാനിപ്പിച്ച നാലഞ്ചു വരികൾ. കുറച്ചുകൂടി വിശദമാക്കിയാൽ ആൽബിച്ചായന്റെ ഇരുട്ടിന്റെ സന്തതികൾ വായിച്ച ഹാങ്ങോവറിൽ എഴുതിക്കുറിച്ച വരികൾ. ഇഷ്ടപ്പെടുമോന്നോ പ്രസിദ്ധീകരണ യോഗ്യമാണോ എന്നൊന്നുമറിയില്ല. എന്നും മനസ്സിൽ തോന്നിയത് കുത്തിക്കുറിച്ചു പോസ്റ്റ് ചെയ്യുന്നതുപോലെ നിങ്ങളിൽ ചിലരെങ്കിലും വായിക്കുമെന്നുള്ള ഉറപ്പിൽ എഡിറ്റ് ചെയ്യാതെ പോസ്റ്റ് ചെയ്യുന്നു.

ആ കല്യാണപ്പന്തലിലേക്ക് നടക്കുമ്പോഴും അവളിപ്പോഴും നഷ്ട്ടപ്പെട്ടിട്ടില്ലെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു. അല്ലെങ്കിലത് പൊട്ടിപ്പോകുമെന്നെനിക്കു തോന്നിയിരുന്നു. തലേന്ന് വരെ... അല്ല, ആ നിമിഷം വരെ കാത്തിരുന്നത് ഒരു ഫോൺകോളായിരുന്നു. അല്ലെങ്കിലൊരു വരവായിരുന്നു.

അതുണ്ടാവില്ലെന്നു തോന്നിയപ്പോൾ അവസാനം... അവസാനമൊരു പ്രതീക്ഷ. അതുകൊണ്ട്... അതുകൊണ്ട് മാത്രമാണ് പോയത്. ജീവന്റെ ജീവനായിരുന്നവൾ മറ്റൊരുത്തന്റെ ഭാര്യയാവുന്നത് കണ്ട് പൊട്ടിക്കരയാനല്ല, സിനിമാ സ്റ്റൈലിൽ പോടീ പുല്ലേന്നു പറഞ്ഞു സ്ലോമോഷനിൽ തിരിച്ചു നടക്കാനുമല്ല, പ്രതീക്ഷിച്ചത് മറ്റൊന്നായിരുന്നു.

പ്രതീക്ഷിച്ചിരുന്നു... സിനിമാ സ്റ്റൈലിൽ കെട്ടാനോങ്ങുന്ന താലി തള്ളിമാറ്റി, ആളുകൾക്കിടയിലൂടെ ഓടിവന്നെന്നെ കെട്ടിപ്പിടിച്ചു കരയുന്നൊരു മുഖം.!!! ആ കണ്ണുകൾ കൊണ്ടുള്ള മാപ്പ് ചോദിക്കൽ... മാലോകരെ സാക്ഷിനിർത്തി ഇതാണെന്റെ ചെക്കനെന്നവൾ പറയുന്നൊരു സീൻ.!!!

പക്ഷേ... പക്ഷേ... ഒന്നുമുണ്ടായില്ല. ആളുകളുടെ മുറുമുറുപ്പുകൾക്കിടയിലും ആ മണ്ഡപത്തിലിരുന്നാൽ കാണുന്ന ഭാഗത്തു പോയി നിന്നതും പ്രതീക്ഷയോടെയവളെ നോക്കിയതുമെല്ലാം അവളെ കിട്ടുമെന്നുള്ള ഉറപ്പോടെയായിരുന്നു. പക്ഷേ ഒന്ന് കണ്ണുയർത്തി നോക്കിയ അവൾ വീണ്ടും അതേപടി മുഖം താഴ്ത്തിയപ്പോൾ എന്റെ നെഞ്ചാണ് താണ് പോയതെന്നെനിക്കു തോന്നി. അവനാ താലിയെടുത്തു കെട്ടുമ്പോഴും ഒന്ന് മുഖമുയർത്തി നോക്കാതെ അവൾ താഴേക്ക് നോക്കി നിന്നത് കണ്ടപ്പോൾ പിന്നെയവിടെ നിൽക്കാൻ തോന്നിയില്ല.

തിരിച്ചു പോരുമ്പോഴും മനസ്സിനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കുമെന്നറിയില്ലായിരുന്നു. ആസിഡ് ബോംബ് എറിയാനോ പെട്രോളൊഴിച്ചു കത്തിക്കാനോവൊന്നും ആ നിമിഷം തോന്നിയില്ല. അത്രക്ക് തീവ്രമായ പ്രണയമൊന്നും എന്നുള്ളിൽ ഇല്ലായിരുന്നിരിക്കണം.

മദ്യപിക്കുന്ന പതിവില്ലാത്തതിനാൽ ബാർ അന്വേഷിച്ചു നടക്കേണ്ടി വന്നില്ല. കടലിനോട് ഇഷ്ടംകൂടാൻ അവളില്ലാതെ ആവില്ലെന്ന് തോന്നിയതിനാൽ അതിനും മുതിർന്നില്ല. പക്ഷേ അപ്പോഴും മഴ പെയ്തിരുന്നു... അവൾക്കേറ്റവും ഇഷ്ടമുള്ള, എനിക്കേറ്റവും വെറുപ്പുള്ള തുലാവർഷം.

തുള്ളിക്കൊരു കുടം പോലെ പെയ്തിറങ്ങിയ മഴയിൽ നനഞ്ഞു വീട്ടിൽ കയറുമ്പോഴും കണ്ണീരുണങ്ങിരുന്നില്ല. അതവളെ നഷ്ടപ്പെട്ടതിനെക്കാളുപരി അവളെന്തിനെന്നെ ഉപേക്ഷിച്ചു എന്നതിനാലായിരുന്നു.

ആരോടും മിണ്ടാത്ത, സൗന്ദര്യമോ ആകാരമോ പണമോയില്ലാത്തവനോടവൾ പ്രണയം ചൊല്ലിയപ്പോൾ ആദ്യമൊരു തമാശയായാണ് തോന്നിയത്. പിന്നെപ്പിന്നെ അവളത് തുടർന്നപ്പോളാണ് ശെരിക്കും അവളെയൊന്നു ശ്രദ്ധിച്ചത് തന്നെ.

💬 Comments

View all comments