0%

Chapter Title : നീ ഞാനാവണം [JO]

Author : JO Read All Parts 398

മുഖത്തു നോക്കാതെ, അവളാ കല്യാണക്കുറി നീട്ടിക്കൊണ്ടു പറഞ്ഞപ്പോൾ ആ സ്വരം വിറച്ചിരുന്നോ??? അറിയില്ല. പക്ഷേ വാങ്ങുമ്പോൾ എന്റെ കൈകൾ വിറച്ചിരുന്നു. എന്തിനെന്നറിയാതെ.!!! എന്നിട്ടും മനസ്സിലൊരു പ്രതീക്ഷയായിരുന്നു. അവൾ പറയുന്നത് പോലെ... എനിക്കൊരു ജീവിതമുണ്ടെങ്കിൽ അതിൽ നീയുണ്ടാവുമെന്ന വാക്കുകളിൽ നിറഞ്ഞുനിന്ന പ്രതീക്ഷ.

നാലഞ്ചു മാസങ്ങൾ കടന്നുപോയത് വളരെ പതുക്കെയായിരുന്നു. യുഗങ്ങൾക്ക് നീളം കൂടിയത് പോലെ. സെക്കന്റ് സൂചിപോലും ചലനമറ്റത്പോലെ. അന്ന്... അന്നായിരുന്നു ആ സ്വരം അവസാനമായി കേട്ടത്. അന്നും പേര് മായ്ച്ചിട്ടില്ലാത്ത നമ്പറിൽ നിന്നും കോള് വന്നപ്പോൾ എടുക്കണോ വേണ്ടയോ എന്നൊട്ടും സംശയിച്ചില്ല.

എനിക്കൊന്നു കാണണം.. ഞാൻ ഇവിടെയുണ്ട്...

അത്ര മാത്രമായിരുന്നു. അത്... അത് മതിയായിരുന്നു. അവളെവിടെ കാണുമെന്നു ചിന്തിക്കേണ്ടിയിരുന്നില്ല. ചെല്ലുമ്പോൾ പതിവുകൾ തെറ്റാതെ അവളുണ്ടായിരുന്നു. നിറഞ്ഞ ചിരിയോടെ... മെലിഞ്ഞ ശരീരത്തെ പറ്റിക്കിടക്കുന്ന ആ സാരിയിൽ, ആ അസ്തമയ സൂര്യന്റെ തിളക്കത്തിൽ അവളന്നു കൂടുതൽ സുന്ദരിയായിരുന്നു.

അന്നും പതിവുകൾ തെറ്റിയില്ല. കൈകൾ കൊരുത്തുപിടിച്ച് ആ തിരമാലകൾക്കരികിലൂടെ നടക്കുമ്പോഴും ഞങ്ങൾ പതിവുപോലെ മൗനികളായിരുന്നു. പരസ്പരം സുഖമാണോന്നു പോലും ചോദിക്കാതെ, കണ്ണിൽ കണ്ണിലൊന്നു നോക്കാതെ പരസ്പരം കണ്ടതേ കൈകൾ കോർത്ത് മെല്ലെയൊരു നടത്തം.

എനിക്കന്നും ചോദിക്കാൻ ഒന്നുമില്ലായിരുന്നു. പക്ഷേ അവൾക്കുണ്ടായിരുന്നു. ചോദിക്കാനല്ല, പറയാൻ. എനിക്കുള്ളിൽ ഞാൻ കുഴിമൂടി പുതച്ചിരുന്ന ചോദ്യങ്ങൾക്കെല്ലാംഅവൾക്ക് ഉത്തരമുണ്ടായിരുന്നു. ആ കല്ലിന്റെ തണലിൽ, എന്റെ തോളിൽ ചാരിയിരുന്ന് അസ്തമയം കണ്ടുകൊണ്ട് അവളാ ഉത്തരങ്ങളിലേക്ക് കടന്നു. ചെറുചിരിയോടെ, കാൻസർ ആണെന്ന് വെട്ടിത്തുറന്നു പറഞ്ഞപ്പോൾ നടുങ്ങിയത് ഞാനായിരുന്നു.

എന്നാണ് അറിഞ്ഞതെന്നു ചോദിച്ചപ്പോൾ നിന്നെ കല്യാണം വിളിക്കുന്നതിന്റെ തലേന്നെന്നുത്തരം. അപ്പോൾ ഭർത്താവോ എന്നറിയാതെ ചോദിച്ചുപോയി. ഒരുനിമിഷം എന്നെ നോക്കിനിന്നിട്ടാണ് ഉത്തരം വന്നത്.

അറിയാം...

💬 Comments

View all comments