Chapter Title : നിധിയുടെ കാവൽക്കാരൻ 13 [കാവൽക്കാരൻ]
നാട്ടിലെ വിശേഷങ്ങളുമൊക്കെയായി ഞങ്ങൾ സമയം കൊന്നു.
പുറത്ത് പകൽ വെളിച്ചം മാഞ്ഞ്, സന്ധ്യ ഇരുട്ടിന് വഴിമാറുന്ന സമയം...
ഞങ്ങളുടെ ചിരിയും വർത്തമാനവും അതിന്റെ മൂർദ്ധന്യത്തിൽ നിൽക്കുമ്പോഴാണ്, ദൂരെ നിന്നും അന്തരീക്ഷത്തിന് ഭാരം കൂട്ടിക്കൊണ്ട് ആ ശബ്ദം ഒഴുകിയെത്തിയത്.
ആദ്യം അതൊരു മുഴക്കം മാത്രമായിരുന്നു. കാറ്റ് വീശുന്നതുപോലെ അവ്യക്തമായ ഒന്ന്.
പക്ഷേ നിമിഷങ്ങൾക്കുള്ളിൽ ആ ശബ്ദത്തിന് വ്യക്തത വന്നു.
നിശബ്ദമായ ആ മലയിടുക്കുകളിൽ തട്ടി പ്രതിധ്വനിക്കുന്ന പെരുമ്പറയുടെ ഘനഗാംഭീര്യമുള്ള ശബ്ദം!
"ഡും... ഡും... ഡും..."
താളത്തിലുള്ള ആ കൊട്ട് കേട്ടതും ഞങ്ങളുടെ സംസാരം പാതിവഴിയിൽ മുറിഞ്ഞു.
"എന്താടാ അത്...? ഉത്സവത്തിന്റെ വല്ല അനൗൺസ്‌മെന്റും ആണോ?"
രാഹുൽ കസേരയിൽ നിന്ന് എഴുന്നേറ്റ് കഴുത്ത് നീട്ടി റോഡിലേക്ക് നോക്കി.
ഞങ്ങൾ എല്ലാവരും ആകാംക്ഷയോടെ ഉമ്മറത്തേക്ക് ഇറങ്ങി ഗേറ്റിന് അടുത്തേക്ക് നടന്നു.
മങ്ങിയ വെളിച്ചത്തെ കീറിമുറിച്ചുകൊണ്ട് ഒരു ജീപ്പിന്റെ ഹെഡ്‌ലൈറ്റ് ദൂരെ തെളിഞ്ഞു.
ആ ജീപ്പ് വളരെ സാവധാനം ഞങ്ങളുടെ വീടിന്റെ ഭാഗത്തേക്ക് നീങ്ങി വരികയാണ്. അതിന് മുകളിൽ കെട്ടിവെച്ച പഴയ കോളാമ്പി മൈക്കിലൂടെ, ആ പെരുമ്പറയുടെ ശബ്ദത്തിന് അകമ്പടിയായി ഒരു ഗൗരവമുള്ള ശബ്ദം കൂടേ മുഴങ്ങി കേട്ടു:
"ശ്രദ്ധിക്കുക... നാട്ടുകാരുടെ ശ്രദ്ധയ്ക്ക്...!"
ജീപ്പ് അടുത്തെത്തും തോറും ആ ശബ്ദത്തിന്റെ തീവ്രത കൂടി വന്നു.
"ഈയിടെയായി നമ്മുടെ പ്രദേശത്ത് നടന്ന ദുരൂഹവും അവ്യക്തവുമായ മരണങ്ങളുടെ പശ്ചാത്തലത്തിൽ, സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി... ഇന്ന് മുതൽ രാത്രി 8 മണിക്ക് ശേഷം ആരും വീടിന് പുറത്തിറങ്ങാൻ പാടുള്ളതല്ല..."
ജീപ്പ് വീടിന്റെ മുന്നിലൂടെ ഒരു ഇഴജന്തുവിനെപ്പോലെ സാവധാനം നീങ്ങി. ജീപ്പിലുണ്ടായിരുന്നവരുടെ മുഖം വ്യക്തമല്ലായിരുന്നെങ്കിലും, ആ പെരുമ്പറയുടെ ഓരോ അടിയിലും ഒരു മുന്നറിയിപ്പിന്റെ സ്വരമുണ്ടായിരുന്നു.
"അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങി നടക്കുന്നവർ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം നടക്കാൻ. വീടിന്റെ മുൻവാതിലുകളും ജനലുകളും അടച്ചു കുറ്റിയിട്ടു എന്ന് ഉറപ്പു വരുത്തേണ്ടതാണ് എല്ലാവരും ജാഗ്രത പാലിക്കുക...!"
💬 Comments
View all comments