0%

Chapter Title : നിധിയുടെ കാവൽക്കാരൻ 16 [കാവൽക്കാരൻ]

ആലോചനയുടെ നിഴൽ പരന്നു. പഴയ ഓർമ്മകളെ അവർ തിരികെ വിളിക്കുകയായിരുന്നു.

പെട്ടെന്ന് നിധിയുടെ മുഖത്ത് ഒരു തിരിച്ചറിവിന്റെ ഞെട്ടൽ ഉണ്ടായി. അവൾ ആമിയെ നോക്കി തലയാട്ടി.

"അതെ...അന്ന്... അന്ന് പൂർണ്ണ ചന്ദ്രനായിരുന്നു.... ഗുഹയിൽ നിന്ന് തിരിച്ചിറങ്ങുമ്പോഴാണ് നിലാവ് ഉദിച്ചുനിൽക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചത് തന്നെ..."

അത് കേട്ടതും കൃതികയുടെ മുഖത്ത് വശ്യമായ ഒരു ചിരി വിരിഞ്ഞു. തന്റെ കണ്ടെത്തൽ കൃത്യമായിരുന്നു എന്ന സംതൃപ്തി ആ ചിരിയിൽ ഉണ്ടായിരുന്നു.

"എനിക്ക് തോന്നി... എന്റെ ഊഹം തെറ്റില്ല..."

അവൾ ആവേശത്തോടെ തുടർന്നു.

"ഇപ്പോൾ കാര്യങ്ങളെല്ലാം കുറച്ചൂടെ വ്യക്തമാണ്. ആമിയും നിധിയും ആദ്യമായി ഗുഹയുടെ ഉള്ളിലേക്ക് പോയപ്പോൾ... അവരും...,ആ കോട്ടിട്ട മനുഷ്യരും ആ ഗുഹക്കുള്ളിൽ തന്നെ ഉണ്ടായിരിക്കണം!"

ഞങ്ങൾ ഞെട്ടലോടെ അവളെ നോക്കി.

"നിങ്ങൾ ഗുഹയ്ക്കുള്ളിൽ വഴിയറിയാതെ നടന്ന അതേ സമയം... അവർ ആ ഗുഹയ്ക്കുള്ളിലെ മറ്റേതോ രഹസ്യ കേന്ദ്രത്തിൽ വെച്ച് ആ അഗ്നിവലയങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചിരിക്കണം. ആ ദിവസം... അവരുടെ ശ്രമത്തിൽ അവർ വിജയിച്ചിരിക്കണം!"

അവൾ എല്ലാവരെയും ഒന്ന് ഉറ്റുനോക്കി.

"മിക്കവാറും ആ ദിവസം... ആ പൗർണ്ണമി നാളിൽ ആദ്യത്തെ വലയം നശിച്ചതോടൊപ്പം തന്നെയാവും... ലൂപ്പുകൾ എന്ന പ്രതിഭാസം അവിടെ ജനിച്ചത്... ആ സമയത്ത് ഗുഹയ്ക്കുള്ളിൽ ഉണ്ടായിരുന്നവരെല്ലാം ലൂപ്പിൽ അകപ്പെട്ട് പോയിരിക്കണം...!"

ആമി:-"അപ്പോൾ അന്ന് ആ ഗുഹക്കുള്ളിൽ ഉണ്ടായിരുന്നവരെല്ലാം. ആദ്യത്തേ വലയം നശിച്ചപ്പോൾ ലൂപ്പിൽ പെട്ടുപോയി എന്നാണോ നീ പറയുന്നത്...?"

കൃതിക:-"ഞാൻ പറഞ്ഞില്ലേ ഇതെല്ലാം എന്റെ കണ്ടെത്തലുകൾ മാത്രമാണ്. കാര്യങ്ങൾ ഇങ്ങനെയും സംഭവിക്കാം. അങ്ങനെയാണെങ്കിൽ ഈ ഗെയിംമിൽ നമ്മളേ കൂടാതെ വേറേ കുറച്ചുപേർകൂടെയുണ്ട്. നമ്മൾ ഇന്നേവരെ കാണാത്ത, നമ്മൾ അറിയാത്ത മറ്റു ചില കളിക്കാർ..."

ഒരു പഴുത് പോലും ബാക്കിവെക്കാതെയായിരുന്നു അവളുടെ സംസാരം.

ആ ഹാളിലെ നിശബ്ദതയ്ക്ക് കനം കൂടി വന്നു. പുറത്തെ മഴയുടെ ഒച്ച കുറഞ്ഞതുകൊണ്ടാവാം, ഭിത്തിയിലെ ക്ലോക്കിൽ നിന്നും സെക്കൻഡ് സൂചി ചലിക്കുന്ന ശബ്ദം...

'ടിക്... ടിക്... ടിക്...'

അത് മാത്രം അവിടെ മുഴങ്ങി കേട്ടു. ഓരോ സെക്കൻഡും ഞങ്ങളുടെ നെഞ്ചിടിപ്പ് പോലെ തോന്നിപ്പിച്ചു.

ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഞാൻ കൃതികയോട് ചോദിച്ചു:

"കൃതികേ..."

അവൾ തലയുയർത്തി എന്നെ നോക്കി.

💬 Comments

View all comments